അട്ടപ്പാടി ഇരട്ടക്കൊലപാതകം: യുവതി ഗർഭിണിയാണെന്ന സംശയത്തിൽ വാക്കേറ്റം; അമ്മയെയും മകളെയും കൊലപ്പെടുത്തിയത് അതിക്രൂരമായി...

അട്ടപ്പാടി ചീരക്കടവിലെ നഴ്സറിയിൽ നടന്ന ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അസം സ്വദേശിനി പ്രോണിത, മകൾ ജോഹിത എന്നിവർ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതി പ്രവോദ് ദാസിനെ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ക്രൂരതയുടെ ചുരുളഴിഞ്ഞത്. പ്രോണിത ഗർഭിണിയാണെന്ന സംശയത്തെച്ചൊല്ലി സെപ്റ്റംബർ രണ്ടിനുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പാലക്കാട് എസ്.പി അറിയിച്ചു. ആശുപത്രി പരിശോധനയ്ക്ക് ശേഷം മടങ്ങിയെത്തിയ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും, കുഞ്ഞിനെ മർദിച്ചതിനെ തുടർന്നുണ്ടായ കൈയാങ്കളിക്കൊടുവിൽ പ്രതി വാക്കത്തിയെടുത്ത് പ്രോണിതയെ വെട്ടിക്കൊല്ലുകയുമായിരുന്നു.
തുടർന്ന് ആളെ തിരിച്ചറിയാതിരിക്കാൻ തല വെട്ടിമാറ്റിയ ശേഷം ശരീരഭാഗങ്ങൾ ചാക്കിലാക്കി പുഴയിൽ തള്ളി. ഇതെല്ലാം കണ്ടുനിന്ന നാലുവയസ്സുകാരി ജോഹിതയെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി സമാനമായ രീതിയിൽ പുഴയിലെറിയുകയായിരുന്നു. കൃത്യത്തിന് ശേഷം പശ്ചിമബംഗാളിലെ വീട്ടിലേക്ക് ഒളിവിൽ പോയ പ്രതിയെ അഗളി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അവിടെയെത്തിയാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയുമായി പോലീസ് സംഭവസ്ഥലങ്ങളിൽ തെളിവെടുപ്പ് പൂർത്തിയാക്കി.
https://www.facebook.com/Malayalivartha

























