ഇ.ഡിയുടെ ഭീഷണിപ്പെടുത്തൽ: കേന്ദ്ര ഏജൻസിക്കെതിരെ രൂക്ഷ വിമർശനവുമായി എം.വി. ഗോവിന്ദൻ...

ഭീഷണിപ്പെടുത്തി കള്ളമൊഴികൾ സൃഷ്ടിച്ച് രാഷ്ട്രീയ പ്രതിയോഗികൾക്കെതിരെ കേസെടുക്കുന്ന ഇ.ഡിയുടെ പ്രവർത്തനശൈലിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ പ്രസ്താവനയിൽ പറഞ്ഞു. സി.എം.ആർ.എൽ കേസിൽ വ്യാപാരിയുടെ മൊഴി രേഖപ്പെടുത്തിയത് മകളെ കേസിൽ പ്രതിചേർക്കുമെന്ന് ഭീഷണിപ്പെടുത്തിയാണെന്ന് വ്യാപാരിയായ ഹസ്സൻ വാരിസ് വെളിപ്പെടുത്തിയിരിക്കുകയാണ്. സ്വന്തം മകളെ രക്ഷിക്കണമോ അതോ മറ്റാരുടെയെങ്കിലും മകളെ രക്ഷിക്കണമോ എന്ന അന്തർശാസനവും നൽകിയ കാര്യമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആയുധധാരികളായ സി.ആർ.പി.എഫ് അംഗങ്ങളെ ചുറ്റും നിർത്തി തോക്കിൻകുഴലിന് മുന്നിൽ മൊഴിയെടുക്കുന്ന രീതി കേട്ടുകേൾവിയില്ലാത്തതാണ്. അഭിഭാഷകനുമായി സംസാരിക്കണമെന്ന ആവശ്യം പോലും നിരാകരിച്ചുകൊണ്ടാണ് ഇത്തരമൊരു മൊഴി മുഹമ്മദ് റിയാസിനെതിരെ തയ്യാറാക്കിയിരിക്കുന്നത്.
മാപ്പുസാക്ഷികളെ ഭീഷണിപ്പെടുത്തി സൃഷ്ടിച്ച് കേസെടുക്കുന്ന രീതിയാണ് അരവിന്ദ് കെജ്രിവാളിനെതിരെയും സ്വീകരിച്ചത്. ഈ രീതി കേരളത്തിലും അവലംബിക്കുകയാണ്. രമേശ് ചെന്നിത്തലയുൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കളുടെയും മാധ്യമ പ്രവർത്തകരുടേയും പേരുകളെല്ലാം സി.എം.ആർ.എല്ലുമായി ബന്ധപ്പെട്ട ഡയറിയിൽ ഉണ്ടായിരുന്നു. അവയൊന്നും പരിശോധിക്കാതെ നിയമാനുസൃതം പണം വാങ്ങിയ ആൾക്കെതിരെ കേസെടുക്കുകയെന്ന വിചിത്രമായ രീതിയാണ് കേന്ദ്ര ഏജൻസികൾ സ്വീകരിച്ചത്.
കേന്ദ്ര ഏജൻസി ഇത്തരത്തിൽ തെറ്റായ നടപടികളിലൂടെ കേസെടുക്കാൻ തമിഴ്നാട് സർക്കാരിനോടും പഞ്ചാബ് സർക്കാരിനോടും വിവിധ കേസുകളിൽ നേരത്തെ ശുപാർശ ചെയ്തിരുന്നു. എന്നാൽ ഇ.ഡിയുടെ രാഷ്ട്രീയ സ്വഭാവം മനസ്സിലാക്കി അവ തള്ളിക്കളയുന്ന നടപടിയാണ് ഈ സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചത്. കേന്ദ്ര ഏജൻസിയെ രാഷ്ട്രീയാവശ്യത്തിന് ഉപയോഗിക്കുന്ന പ്രശ്നം അഖിലേന്ത്യാതലത്തിൽ ഉന്നയിക്കുന്ന കോൺഗ്രസ്സിന് ഇക്കാര്യത്തിൽ എന്തുപറയാനുണ്ടെന്ന് വ്യക്തമാക്കേണ്ടതുണ്ട്.
ഇ.എം.എസ്സിനേയും അഴീക്കോടൻ രാഘവനെയും പോലെയുള്ളവർക്ക് നേരെ പോലും അഴിമതി ആരോപണം ഉന്നയിച്ച ആളുകളാണ് ഇപ്പോൾ പിണറായി വിജയനെതിരെ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നതെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പ്രസ്താവനയിൽ പറഞ്ഞു.
https://www.facebook.com/Malayalivartha

























