ആന്റോയെ കുടഞ്ഞ് പ്രോസിക്യൂഷൻ ഉടൻ കോടതിയുടെ തീരുമാനം ക്യാമറ കണ്ടാൽ മിണ്ടാട്ടമില്ല അരുൺകുമാറിന്റെ തിളപ്പ് തീർന്നു

വീട്ടില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യവും ഇന്ത്യന്‍ നിര്‍മ്മിത മദ്യവും പിടികൂടിയ കേസില്‍ റിമാന്‍ഡിലുള്ള റിപ്പോര്‍ട്ടര്‍ ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങള്‍ പൂര്‍ത്തിയായ ശേഷം ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് തന്നെ വിധി പ്രസ്താവിക്കുമെന്നാണ് സൂചന. അതോടൊപ്പം, പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷയും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.
കേസില്‍ എക്സൈസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പിടിച്ചെടുത്ത മദ്യശേഖരത്തില്‍ വ്യാജമദ്യവും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവയുടെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സമൂഹത്തില്‍ ഉന്നത സ്വാധീനമുള്ള പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ ഒളിവില്‍ പോകാനും തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയേറെയാണ്. കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് അറിയാന്‍ വിശദവും രഹസ്യസ്വഭാവമുള്ളതുമായ അന്വേഷണം വേണമെന്നും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നേരത്തെ ഒന്നര മണിക്കൂറോളം നീണ്ട ജാമ്യവാദത്തിനിടെ, മദ്യം പിടിച്ച വാഴവറ്റയിലെ വീട് ആന്റോയുടേതല്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചിരുന്നു. ഈ കെട്ടിടം 2022-ല്‍ ഒരു സ്ത്രീക്ക് കൈമാറിയതാണെന്നും ആന്റോ ഇവിടെ താമസിക്കുന്നില്ലെന്നുമായിരുന്നു അഭിഭാഷകന്റെ നിലപാട്. താന്‍ മദ്യപിക്കാറില്ലെന്നും വീട്ടില്‍ എങ്ങനെ മദ്യം എത്തിയെന്ന് അറിയില്ലെന്നും മീനങ്ങാടിയില്‍ വെച്ച് ആന്റോ അഗസ്റ്റിനും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
എന്നാല്‍ പ്രതിഭാഗത്തിന്റെ വാദങ്ങളെ തള്ളിക്കൊണ്ട് പ്രോസിക്യൂഷന്‍ കൃത്യമായ രേഖകള്‍ കോടതിയില്‍ ഹാജരാക്കി. 2025-ലെ ഉടമസ്ഥാവകാശ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും വീടിന്റെ നിലവിലെ ഉടമ ആന്റോ അഗസ്റ്റിന്‍ തന്നെയാണെന്ന് പ്രോസിക്യൂഷന്‍ തെളിയിച്ചു. നിലവില്‍ ആന്റോ അഗസ്റ്റിന്‍ മാത്രമാണ് കേസില്‍ പ്രതിപ്പട്ടികയിലുള്ളത്. സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുള്ളതിനാല്‍ സ്വതന്ത്ര അന്വേഷണത്തിനായി ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ശക്തമായി ആവശ്യപ്പെട്ടു.
ഫുട്ബോള്‍ താരം ലയണല്‍ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയെന്ന കേസില്‍ പ്രത്യേക അന്വേഷണസംഘം നടത്തിയ റെയ്ഡിനിടെയാണ് മദ്യശേഖരം കണ്ടെത്തുന്നത്. തൃക്കാക്കര എ.സി.പി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം വാഴവറ്റയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒന്നാം നിലയിലെ മുറിയില്‍ നിന്ന് 138 കുപ്പി മദ്യം പിടികൂടുകയായിരുന്നു. വന്‍തോതില്‍ ശേഖരിച്ച മദ്യം വില്‍പ്പനയ്ക്കായി സൂക്ഷിച്ചതാണെന്നാണ് എഫ്.ഐ.ആറിലെ പ്രാഥമിക നിഗമനം.
നിയമപരമായി ഒരാള്‍ക്ക് മൂന്ന് ലിറ്റര്‍ വിദേശമദ്യവും 3.5 ലിറ്റര്‍ വൈനുമാണ് സൂക്ഷിക്കാന്‍ അനുമതിയുള്ളത്. എന്നാല്‍ ബുധനാഴ്ച നടത്തിയ റെയ്ഡില്‍ 67 ലിറ്റര്‍ മദ്യം, 43 ലിറ്റര്‍ വിദേശനിര്‍മിത വിദേശമദ്യം, 4.824 ലിറ്റര്‍ വിദേശ വൈന്‍, 5.5 ലിറ്റര്‍ നാടന്‍ വൈന്‍, 860 മില്ലി ലിറ്റര്‍ മിലിട്ടറി മദ്യം എന്നിവയാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. നിയമപരിധി ലംഘിച്ച് സൂക്ഷിച്ച മദ്യശേഖരം കണ്ടെത്തിയതോടെ നടപടികള്‍ എക്സൈസിലേക്ക് നീളുകയായിരുന്നു.
https://www.facebook.com/Malayalivartha


























