വെള്ളച്ചാട്ടത്തിൽ കുട്ടിയുമായി നിന്ന യുവാവിന്റെ തോളിലേക്ക് കൂറ്റൻ പാമ്പ് വീണു.. ഭയന്ന് എന്തുചെയ്യണമെന്നറിയാതെ പരിഭ്രാന്തരായി...ഞെട്ടിക്കുന്ന വീഡിയോ..

വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ പോകാൻ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. എന്നാൽ എല്ലായിടത്തും പല അപകടങ്ങളും പതുങ്ങിയിരിപ്പുണ്ട്.മഹാരാഷ്ട്രയിലെ അംബോലി വെള്ളച്ചാട്ടത്തിൽ കുട്ടിയുമായി നിന്ന യുവാവിന്റെ തോളിലേക്ക് കൂറ്റൻ പാമ്പ് വീണത് വലിയ പരിഭ്രാന്തി പരത്തി. സംഭവത്തിന്റെ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. മഹാരാഷ്ട്രയിലെ സിന്ധുദർഗ് ജില്ലയിലാണ് സഹ്യാദ്രി മലനിരകളോട് ചേർന്നുള്ള പ്രശസ്ത മഴക്കാല വിനോദസഞ്ചാര കേന്ദ്രമായ അംബോലി വെള്ളച്ചാട്ടം.
കുഞ്ഞിനെയും കയ്യിലെടുത്ത് വെള്ളച്ചാട്ടത്തിന് സമീപത്ത് നിൽക്കുകയായിരുന്ന യുവാവിന്റെ പുറത്തേക്ക് അപ്രതീക്ഷിതമായാണ് മുകളിലുള്ള പാറക്കെട്ടിൽ നിന്ന് പാമ്പ് വീണത്. സമീപത്ത് കുടുംബാംഗങ്ങളും മറ്റ് വിനോദസഞ്ചാരികളും ഉണ്ടായിരുന്നു. പാമ്പ് വീണതോടെ യുവാവും സമീപത്തുണ്ടായിരുന്നവരും ഭയന്ന് എന്തുചെയ്യണമെന്നറിയാതെ പരിഭ്രാന്തരായി. പെട്ടെന്ന് തന്നെ താഴേക്ക് വീണ പാമ്പ് സമീപത്തെ പാറയിടുക്കിലേക്ക് ഇഴഞ്ഞുപോകുകയും ചെയ്തു.
സംഭവം കണ്ട് ആളുകൾ നിലവിളിച്ച് ആ സ്ഥലത്തുനിന്ന് മാറുന്നതും വീഡിയോയിൽ കാണാം.വീഡിയോയിൽ ഒരാൾ പാമ്പിനെ 'വലിയ പാമ്പാണ്, മൂർഖനാണ്' എന്ന് പറയുന്നതും കേൾക്കാം. നല്ല വലിപ്പത്തിലും കറുത്ത നിറത്തിലുമുള്ള പാമ്പാണ് സന്ദർശകരുടെ പുറത്തേക്ക് വീണത്. ഏത് ഇനത്തിൽപ്പെട്ട പാമ്പാണെന്നോ എത്രത്തോളം വിഷമുള്ള ഇനമാണെന്നതോ സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഭാഗ്യവശാൽ ആളുകൾക്ക് പരിക്കുകളോ പാമ്പുകടിയേൽക്കുകയോ ചെയ്തിട്ടില്ലെന്നാണ് വിവരം.ഇത്തരം സ്ഥലങ്ങളിലേക്ക് യാത്ര പോകുന്നവർ ശ്രദ്ധിക്കുക.
https://www.facebook.com/Malayalivartha


























