തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്

അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ ഡിജിപി ടോമിന്‍ ജെ. തച്ചങ്കരിയുടെ അപ്പീലില്‍ സര്‍ക്കാരിന് മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി രണ്ട് ദിവസം സമയം അനുവദിച്ചു. കോട്ടയം വിജിലന്‍സ് കോടതി വിധിച്ച ശിക്ഷ മരവിപ്പിക്കണമെന്നും അപ്പീല്‍ തീര്‍പ്പാകുന്നതുവരെ ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്.
ഹര്‍ജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് എ. ബദറുദ്ദീന്‍ നിയമത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി വാക്കാല്‍ പരാമര്‍ശം നടത്തി. എത്ര ഉന്നത പദവിയിലുള്ള വ്യക്തിയായാലും നിയമം വിവേചനമില്ലാതെ നടപ്പാക്കപ്പെടുമെന്നും നിയമവും നിയമപുസ്തകങ്ങളും ദുര്‍ബലമല്ലെന്നും കോടതി വ്യക്തമാക്കി.
തച്ചങ്കരിയുടെ ഹര്‍ജിയില്‍ വിശദമായ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്ന് സംസ്ഥാന വിജിലന്‍സ് ആവശ്യപ്പെട്ടു. സാധാരണ കേസുകളില്‍ നിന്ന് വ്യത്യസ്തമായ സാഹചര്യമുള്ളതിനാല്‍ തടസവാദം ഉന്നയിക്കാന്‍ അവസരം നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 389 പ്രകാരം പത്ത് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിച്ച കേസുകളില്‍ പ്രോസിക്യൂഷന് പ്രത്യേകമായി രേഖാമൂലമുള്ള മറുപടി സത്യവാങ്മൂലം നല്‍കാനുള്ള വ്യവസ്ഥയില്ലെന്ന് തച്ചങ്കരിയുടെ അഭിഭാഷകന്‍ വാദിച്ചു. വര്‍ഷങ്ങളായി തുടരുന്ന കേസില്‍ ഇപ്പോള്‍ പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുന്നത് അംഗീകരിക്കരുതെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ രേഖാമൂലമുള്ള തടസവാദം സമര്‍പ്പിക്കുന്നതിന് നിയമത്തില്‍ വിലക്കില്ലെന്നും അസാധാരണ സാഹചര്യങ്ങളില്‍ പ്രോസിക്യൂഷന് മറുപടി നല്‍കാന്‍ കോടതി വിവേചനാധികാരം ഉപയോഗിച്ച് സമയം അനുവദിക്കാമെന്നും ജസ്റ്റിസ് ബദറുദ്ദീന്‍ വ്യക്തമാക്കി. ഇതിന് പിന്നാലെ വിജിലന്‍സിന് മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രണ്ട് ദിവസം അനുവദിച്ച് ഹര്‍ജി മാറ്റിവച്ചു.
2003 മുതല്‍ 2007 വരെയുള്ള കാലയളവില്‍ ഔദ്യോഗിക പദവിയിലിരിക്കെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് കോട്ടയം വിജിലന്‍സ് കോടതി തച്ചങ്കരിയെ നാല് വര്‍ഷം കഠിന തടവിനും 30.84 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചത്. കെബിപിഎസ് എംഡിയായിരുന്ന കാലയളവില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് വിചാരണ കോടതിയുടെ കണ്ടെത്തല്‍.
എന്നാല്‍ വിചാരണ കോടതിയുടെ കണ്ടെത്തലുകള്‍ ചോദ്യം ചെയ്താണ് തച്ചങ്കരി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കേസില്‍ പ്രോസിക്യൂഷന്‍ അനുമതി പോലും കാര്യങ്ങള്‍ കൃത്യമായി പരിശോധിക്കാതെയാണ് നല്‍കിയതെന്നാണ് അപ്പീലിലെ പ്രധാന വാദങ്ങളിലൊന്ന്. വാടക വരുമാനം ഉള്‍പ്പെടെയുള്ള വരുമാന സ്രോതസ്സുകളും കുടുംബസ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളും വിചാരണ കോടതി കണക്കിലെടുത്തില്ലെന്നും തച്ചങ്കരി വാദിക്കുന്നു.
അപ്പീല്‍ തീര്‍പ്പാകുന്നതുവരെ കോട്ടയം വിജിലന്‍സ് കോടതി വിധിച്ച ശിക്ഷയുടെ നടപ്പാക്കല്‍ മരവിപ്പിക്കണമെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് തച്ചങ്കരിയുടെ ആവശ്യം. വിജിലന്‍സിന്റെ മറുപടി കൂടി ലഭിച്ചശേഷമായിരിക്കും ഈ ആവശ്യത്തില്‍ ഹൈക്കോടതി തുടര്‍നടപടി സ്വീകരിക്കുക.
https://www.facebook.com/Malayalivartha

























