അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും

സ്വകാര്യ ബസ് ബൈക്കിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മുന്‍അദ്ധ്യാപിക മരിച്ചു. നാഗപ്പുഴ സെന്റ് മേരീസ് പബ്ലിക് സ്‌കൂള്‍ റിട്ട. അദ്ധ്യാപികയും കേരളകൗമുദി മുന്‍ ഫോട്ടോഗ്രാഫര്‍ ആര്‍.വിനയചന്ദ്രന്റെ (ബാബു സൂര്യ) ഭാര്യയുമായ കാപ്പ് ഇടയ്ക്കാട്ടുകയറ്റം പടിഞ്ഞാറേക്കര വീട്ടില്‍ എം.എന്‍.വിജിമോളാണ് (57) മരിച്ചത്.
ഞായര്‍ വൈകിട്ട് 6.45ന് തൊടുപുഴ മൂവാറ്റുപുഴ റൂട്ടില്‍ മടക്കത്താനം കൊച്ചങ്ങാടിക്ക് സമീപമായിരുന്നു അപകടം. ഏകമകന്‍ അനുരൂപിനൊപ്പം പിറവത്തെ ബന്ധു വീട്ടില്‍ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അമിതവേഗത്തില്‍ തൊടുപുഴയില്‍ നിന്ന് മൂവാറ്റുപുഴയിലേക്ക് വരികയായിരുന്ന ഗുരുദേവനെന്ന പേരിലുള്ള സ്വകാര്യബസ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ബൈക്കില്‍ നിന്ന് വിജിമോളും മകനും റോഡിലേക്ക് തെറിച്ചുവീണു. 15 മിനിറ്റോളം രക്തം വാര്‍ന്നുകിടന്ന ഇരുവരെയും മഞ്ഞള്ളൂര്‍ പഞ്ചായത്തുമെമ്പര്‍ റോബി തടത്തിലിന്റെ നേതൃത്വത്തിലാണ് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിജിമോള്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഇന്നലെ രാവിലെയോടെ മരിച്ചു. മകന്‍ അനുരൂപിന് സാരമായ പരിക്കേറ്റു. വിജി മോള്‍ കല്ലൂര്‍ക്കാട് സരസ്വതി സ്‌കൂളില്‍ ഹെഡ്മിസ്ട്രസായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തൊടുപുഴ സരസ്വതി വിദ്യാഭവന്‍ സെന്‍ട്രല്‍ സ്‌കൂള്‍, അല്‍ അസര്‍ പബ്ലിക് സ്‌കൂള്‍, പുറപ്പുഴ എസ്.എച്ച് പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാല അളനാട് മാളിയേക്കല്‍ കുടുംബാംഗമാണ്. വാഴക്കുളം പൊലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം നാളെ വൈകിട്ട് നാലിന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
കണ്ണുകള്‍ രണ്ട് പേര്‍ക്ക് കാഴ്ചയേകും
വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ട് പേര്‍ക്ക് കാഴ്ചയേകും. മസ്തിഷ്‌ക മരണം സംഭവിച്ചതിന് പിന്നാലെ വിജിമോളുടെ എല്ലാ അവയവങ്ങളും ദാനം ചെയ്യാന്‍ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു. വൈദ്യശാസ്ത്രപരമായ കാരണങ്ങളാല്‍ മറ്റ് അവയവങ്ങള്‍ ദാനം ചെയ്യാനായില്ല. നേത്രപടലങ്ങള്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ ഐ ബാങ്ക് അസോസിയേഷന് കൈമാറി. കെ സോട്ടോയാണ് നടപടി ഏകോപിപ്പിച്ചത്.
https://www.facebook.com/Malayalivartha

























