നെടുമ്പാശേരിയിലെ അപകടത്തില് പ്രതികരിച്ച് ഭാഗ്യലക്ഷ്മി

നെടുമ്പാശേരിയില് മിനി കൂപ്പറിടിച്ച് മൂന്നുപേര് കൊല്ലപ്പെട്ട സംഭവത്തില് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ഡബ്ബിംഗ് ആര്ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. പണത്തിന്റെ ഹുങ്കും ധാര്ഷ്ട്യവുമാണ് പ്രതി സുഹൈല് സജീവ് റോഡില് പ്രകടിപ്പിച്ചതെന്നും മാതാപിതാക്കളുടെ തെറ്റായ പിന്തുണയാണ് ഇതിന് കാരണമെന്നും അവര് കുറ്റപ്പെടുത്തി. തെളിവെടുപ്പ് വേളയില് പ്രതിയെ പൊലീസ് സഹായിക്കുന്ന രീതിയില് പെരുമാറിയെന്നും അവര് സംശയം പ്രകടിപ്പിച്ചു.
രാത്രി സ്ത്രീകള് പുറത്തിറങ്ങുന്നതിനെക്കുറിച്ച് വിവാദ പരാമര്ശം നടത്തിയ ശശികലയുടെ നിലപാടുകളെയും ഭാഗ്യലക്ഷ്മി രൂക്ഷമായി വിമര്ശിച്ചു. സ്ത്രീകള്ക്കെതിരായ ഇത്തരം മാനസികാവസ്ഥകള്ക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും അവര് ഫേസ്ബുക്ക് വീഡിയോയിലൂടെ ഓര്മിപ്പിച്ചു.താന് പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ വന്ന് ചീത്ത വിളിക്കുന്നവന്മാരോട്, നിനക്ക് എന്തെങ്കിലും അഭിപ്രായം പറയാമെങ്കില് എനിക്കും പറയാം. ഇനിയും പറഞ്ഞുകൊണ്ടേയിരിക്കും എന്ന കുറിപ്പോടെയാണ് ഭാഗ്യലക്ഷ്മി വീഡിയോ പങ്കുവച്ചത്.
നെടുമ്പാശേരിയിലെ അപകടം അശ്രദ്ധയെന്ന് വിളിക്കാന് കഴിയില്ല. ശുദ്ധമായ ധാര്ഷ്ട്യമാണ് ആ കുട്ടി പ്രകടിപ്പിച്ചത്. മറ്റൊരു വിധത്തില് പറഞ്ഞാല് പണത്തിന്റെ ഹുങ്ക് ആ കുട്ടി കാണിച്ചു. അതുകൊണ്ടാണ് എന്റെ അച്ഛന് വരും എന്നവന് പറഞ്ഞത്. അവന് ജീവിതത്തില് ചെയ്തിട്ടുള്ള പല തെറ്റുകള്ക്കും അവന്റെ അച്ഛനും അമ്മയും അവന് കൂട്ടുനിന്നിട്ടുണ്ടാകാം. രാജ്യത്തെ നിയമങ്ങള് എന്താണെന്ന് അറിയാതെയാണ് അവന് വളര്ന്നത്. റോഡില് അവന് കാണിച്ചത് ആ വളര്ത്തലിന്റെ ഫലമാണ്.
തെളിവെടുപ്പിനിടെ പൊലീസ് അവന് സൂചനകള് നല്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്. പണവും സ്വാധീനവുമുള്ളവര്ക്ക് ഇവിടെയുള്ള നിയമങ്ങള് എപ്പോഴും അനുകൂലമാണെന്ന് തോന്നുന്നു. പല കേസുകളിലും നമ്മളത് നേരിട്ട് കാണുന്നതാണ്. പണമുള്ളവര്ക്ക് എന്ത് ചെയ്യാനും അത് മൂടി വയ്ക്കാനും സാധിക്കും.
കോടതി ആ കുട്ടിയെ ബോസ്റ്റല് സ്കൂളിലേക്ക് അയച്ചു. ഇങ്ങനെയൊരു ജയിലുണ്ടെന്ന് ഞാന് ആദ്യമായാണ് കേള്ക്കുന്നത്. അവനെ അങ്ങനെയൊരു ജയിലിലേക്ക് അയക്കണമെങ്കില് വ്യക്തമായ പ്ലാനോടെയാണ് അവര് കോടതിയില് പോയത്. പ്രോസിക്യൂട്ടര് അതിനെ എതിര്ക്കണം. അവനെ അവിടേക്ക് അയക്കാന് പാടില്ല. കാരണം അവനൊരു ബുദ്ധിശക്തിയില്ലാത്ത കുട്ടിയല്ല. അതിനാല്, കടുത്ത ശിക്ഷ തന്നെ നല്കണം. ഒരു കാരണവശാലും സര്ക്കാരും ആഭ്യന്തര മന്ത്രിയും നിങ്ങളുടെ വകുപ്പും പൊലീസും അവനെ സഹായിക്കുന്ന രീതിയില് പ്രവര്ത്തിക്കരുതെന്ന് ഞാന് അഭ്യര്ത്ഥിക്കുന്നു ഭാഗ്യലക്ഷ്മി പറഞ്ഞു.
https://www.facebook.com/Malayalivartha

























