രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസ്.. ഭഗവദ്ഗീതയും മഹാഭാരതവും വായിച്ച് ഭാര്യയ്ക്കും കാമുകനും തൂക്കുകയർ..ജയിലിൽ വച്ച് ഗർഭിണി, പ്രസവം...

മീററ്റ് മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി സിമന്റ് നിറച്ച നീല പ്ലാസ്റ്റിക് ഡ്രമ്മിലൊളിപ്പിച്ച കേസിൽ ഭാര്യ മുസ്കാൻ രസ്തോഗിക്കും കാമുകൻ സാഹിൽ ശുക്ലയ്ക്കും വധശിക്ഷ. രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസിലാണ് ഉത്തർപ്രദേശിലെ മീററ്റ് ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.ഉത്തർപ്രദേശിലെ മീററ്റ് ജില്ലാ ആൻഡ് സെഷൻസ് കോടതി ജഡ്ജി അരവിന്ദ് കുമാർ മിശ്രയാണ് ശിക്ഷാവിധി പ്രസ്താവിച്ചത്. , വിധി പ്രഖ്യാപനത്തിനിടെ ഭഗവദ്ഗീതയെയും മഹാഭാരതത്തെയും പരാമർശിച്ചതായി ഇരകളുടെ അഭിഭാഷകർ.
തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമത്തിന്റെ ഭാഗമാണെന്ന ആശയം ജഡ്ജി മുന്നോട്ടുവച്ചതായി അഭിഭാഷകർ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ വിധിയുടെ പൂർണമായ രേഖാമൂലമുള്ള പകർപ്പ് ലഭ്യമായിട്ടില്ലാത്തതിനാൽ പരാമർശങ്ങളുടെ കൃത്യമായ വാക്കുകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.മഹാഭാരതത്തിന്റെ ഭാഗമായ ഭഗവദ്ഗീതയിൽ കുരുക്ഷേത്ര യുദ്ധഭൂമിയിൽ ഭഗവാൻ ശ്രീകൃഷ്ണൻ അർജുനന് കടമയെയും ധർമത്തെയും കുറിച്ച് ഉപദേശിക്കുന്നതാണ് പ്രധാന സന്ദർഭം. വ്യക്തിപരമായ ആശങ്കകൾക്കപ്പുറം തന്റെ കടമ നിർവഹിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഗീതയിൽ കൃഷ്ണൻ അർജുനനെ ഓർമിപ്പിക്കുന്നത്.
ഈ പശ്ചാത്തലത്തിലാണ് മീററ്റ് കൊലക്കേസിൽ ശിക്ഷ പ്രഖ്യാപിക്കുമ്പോൾ ജഡ്ജി ധർമത്തെയുംകടമയെയും പരാമർശിച്ചതായി അഭിഭാഷകർ വിശദീകരിച്ചത്. കുറ്റകൃത്യങ്ങൾക്ക് ശിക്ഷ നൽകുന്നതും നീതിന്യായ വ്യവസ്ഥയുടെ കടമയാണെന്ന ആശയമാണ് കോടതി മുന്നോട്ടുവച്ചതെന്നാണ് അവരുടെ പ്രതികരണം. വിധിയുടെ പൂർണരേഖ പുറത്തുവരുന്നതോടെ പരാമർശങ്ങളുടെ കൃത്യമായ ഉള്ളടക്കം വ്യക്തമാകും.2025 മാർച്ചിൽ നടന്ന കൊലപാതകത്തിൽ 13 മാസത്തെ വിചാരണയ്ക്കും സാക്ഷിമൊഴികളും തെളിവുകളും പരിശോധിച്ചതിനും ശേഷമാണ് കോടതി വിധി പ്രഖ്യാപിച്ചത്.
മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രജ്പുതാണ് കൊല്ലപ്പെട്ടത്. മുസ്കാനും സാഹിലും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. കുറ്റകൃത്യം സമൂഹത്തിൽ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചതായാണ് റിപ്പോർട്ട്.ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി; പിന്നാലെ കൊലപാതകം..2025 മാർച്ച് മൂന്നിന് മീററ്റിലെ ഇന്ദ്രനഗറിലുള്ള വീട്ടിൽവച്ചാണ് സൗരഭ് രജ്പുത് കൊല്ലപ്പെട്ടത്. ഭാര്യ മുസ്കാൻ ഭക്ഷണത്തിൽ ഉറക്കഗുളികകൾ കലർത്തി നൽകിയതിനെത്തുടർന്ന് സൗരഭ് ബോധരഹിതനായെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
പിന്നീട് വീട്ടിലെത്തിയ സാഹിൽ ശുക്ലയുമായി ചേർന്ന് സൗരഭിനെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വിശദീകരിച്ചത്.കൊലപാതകത്തിനുശേഷം കുളിമുറിയിൽവച്ച് മൃതദേഹം കഷണങ്ങളാക്കി മുറിച്ചു.ശരീരഭാഗങ്ങൾ വലിയ നീല പ്ലാസ്റ്റിക് ഡ്രമ്മിൽ നിറച്ചശേഷം മണൽ, വെള്ളം, സിമന്റ് എന്നിവയുടെ മിശ്രിതം ഉപയോഗിച്ച് അടച്ചുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മൃതദേഹം പുറത്തറിയാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇങ്ങനെ ചെയ്തതെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.
കൊലപാതകത്തിനുശേഷം മുസ്കാനും സാഹിലും ഹിമാചൽ പ്രദേശിലേക്ക് കടന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഇതിനിടെ സൗരഭിന്റെ മൊബൈൽ ഫോൺ ഉപയോഗിച്ച് കുടുംബാംഗങ്ങൾക്ക് സന്ദേശങ്ങൾ അയച്ചതായും റിപ്പോർട്ടുകളുണ്ട്. സൗരഭ് ജീവിച്ചിരിപ്പുണ്ടെന്നും ബിസിനസ് യാത്രയിലാണെന്നും കുടുംബത്തെ വിശ്വസിപ്പിക്കാനായിരുന്നു ശ്രമമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.മാർച്ച് 17ന് സൗരഭിന്റെ ബന്ധുക്കൾ സംശയം തോന്നി വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ദമ്പതികളുടെ ആറുവയസ്സുകാരിയായ മകൾ അയൽക്കാരോട് “പപ്പ ഡ്രമ്മിലാണ്” എന്ന് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന് പോലീസ് വീട്ടിലെത്തി നീല ഡ്രം പരിശോധിച്ചപ്പോഴാണ് സൗരഭിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha



























