അനു ടീച്ചര് എവിടെ? സ്കൂളിലേക്ക് പോയ അധ്യാപികയെ കാണാതായിട്ട് 10 ദിവസം..! ഭർത്താവ് നെട്ടോട്ടത്തില്..!!

രാവിലെ സ്കൂളിലേക്ക് പടിയിറങ്ങിപ്പോയ പ്രിയ അധ്യാപികയെ കാണാതായിട്ട് പത്ത് ദിവസങ്ങള് പിന്നിടുന്നു. കോഴിക്കോട് ജില്ലയിലെ തൊട്ടില്പ്പാലം മൊയിലോത്തറ എല്.പി. സ്കൂള് അധ്യാപികയായ അനുമോളെയാണ് ഈ മാസം അഞ്ചാം തീയതി മുതല് ദുരൂഹമായ സാഹചര്യത്തില് കാണാതായിരിക്കുന്നത്. ഈ തിരോധാനത്തിന് പിന്നില് എന്ത് സംഭവമെന്നറിയാതെ നെട്ടോട്ടമോടുകയാണ് കുടുംബവും നാട്ടുകാരും.
ഈ മാസം അഞ്ചാം തീയതി രാവിലെ പതിവുപോലെ സ്കൂളിലേക്കെന്നു പറഞ്ഞാണ് അനുമോള് വീട്ടില് നിന്നിറങ്ങിയത്. തുടര്ന്ന് വൈകുന്നേരം പതിവ് പോലെ ജോലി കഴിഞ്ഞ് സ്കൂളില് നിന്നിറങ്ങിയ അനുവിനെ പിന്നീട് ആരും കണ്ടിട്ടില്ല. സ്കൂളില് നിന്ന് ഇറങ്ങിയ അധ്യാപിക എങ്ങോട്ടാണ് പോയതെന്നോ ആരുടെയൊക്കെ കൂടെയാണ് സഞ്ചരിച്ചതെന്നോ ഉള്ള കാര്യത്തില് ഇതുവരെയും യാതൊരുവിധ വ്യക്തതയും വന്നിട്ടില്ല.
യുവതിയെ കാണാതായ അന്ന് തന്നെ കുടുംബാംഗങ്ങള് തൊട്ടില്പ്പാലം പോലീസില് ഔദ്യോഗികമായി പരാതി നല്കുകയും ചെയ്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തില് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പത്ത് ദിവസങ്ങള് പിന്നിട്ടിട്ടും അനുമോള് എവിടെയെന്നതിനെക്കുറിച്ച് ഒരു തുമ്പും ഉണ്ടാക്കാന് പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതോടെയാണ് അന്വേഷണം വേഗത്തിലാക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തിയത്.
അനുമോളുടെ തിരോധാനം കുടുംബത്തെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പത്തുവര്ഷങ്ങള്ക്ക് മുമ്പ് ഗര്ഭിണിയായിരിക്കേ ഗുരുതരമായ കരള് രോഗം ബാധിച്ച് അനുമോളുടെ ജീവന് അപകടത്തിലായിരുന്നു. ആ ഘട്ടത്തില് സ്വന്തം ജീവന് പോലും പണയം വെച്ച് അനുവിന് കരള് പകുത്തുനല്കിയത് ഭര്ത്താവ് സുഭാഷായിരുന്നു. അന്നത്തെ ആ അതിജീവനത്തിന്റെ കഥ സമൂഹം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അനുമോളുടെ ആരോഗ്യപ്രശ്നങ്ങളും കുടുംബത്തിന്റെ ദയനീയമായ സാമ്പത്തിക സ്ഥിതിയും വ്യക്തമാക്കി മാധ്യമങ്ങള് നല്കിയ വാര്ത്തയോട് അന്ന് വലിയ രീതിയിലായിരുന്നു ജനങ്ങള് പ്രതികരിച്ചത്. സമൂഹത്തിന്റെ കൂട്ടായ പിന്തുണയോടെയാണ് അന്ന് ആ കുടുംബം ആ വലിയ ആരോഗ്യപ്രതിസന്ധിയെ തരണം ചെയ്തു കയറിയത്. കരള് മാറ്റിവെക്കല് ശസ്ത്രക്രിയ വിജയകരമായതിനെ തുടര്ന്ന് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിരുന്നെങ്കിലും അനുവിന് നിത്യേന നിരവധി മരുന്നുകള് കഴിക്കേണ്ടതുണ്ട്.
മരുന്നുകളും മറ്റ് ചികിത്സാ കാര്യങ്ങളും മുടങ്ങിയാല് അത് അനുമോളുടെ ജീവന് തന്നെ വലിയ ഭീഷണിയാകുമെന്ന ഭയത്തിലാണ് കുടുംബാംഗങ്ങള് കഴിയുന്നത്. അതിനാല് തന്നെ എത്രയും പെട്ടെന്ന് അനുവിനെ കണ്ടെത്താന് ആവശ്യമായ അടിയന്തര നടപടികള് ഉണ്ടാകണമെന്നാണ് കുടുംബത്തിന്റെ കരഞ്ഞുകൊണ്ടുള്ള അപേക്ഷ. പോലീസിന്റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുകള് ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും കുടുംബം ഉയര്ത്തുന്നുണ്ട്.
പൊലീസ് അന്വേഷണം അനന്തമായി നീളുന്ന സാഹചര്യത്തിലാണ് കുടുംബം ഒടുവില് നിയമപരമായ വഴിയെ നീങ്ങിയത്. അനുമോളെ കണ്ടെത്താന് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കുടുംബം കേരള ഹൈക്കോടതിയില് ഹേബിയസ് കോര്പ്പസ് ഹര്ജി ഫയല് ചെയ്തിട്ടുണ്ട്. ഈ നിര്ണ്ണായക ഹര്ജി ഈ മാസം 22-ാം തീയതി കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്.
കുടുംബത്തിന്റെ പരാതിയെത്തുടര്ന്ന് അനുമോളെ കണ്ടെത്താനായി കോഴിക്കോട് റൂറല് പോലീസ് അന്വേഷണം കൂടുതല് ഊര്ജ്ജിതമാക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ തന്നെ രൂപീകരിച്ചതായി നാദാപുരം ഡിവൈഎസ്പി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























