കോവളം സ്പാ പീഡനക്കേസില്‍ അന്വേഷണം വ്യാപിപ്പിച്ച് എസ്ഐടി

കോവളത്തെ സ്പാ കേന്ദ്രീകരിച്ച് നടന്ന ലൈംഗിക പീഡനക്കേസില്‍ അന്വേഷണം വ്യാപിപ്പിച്ച് എസ്ഐടി. ഇതിന്റെ ഭാഗമായി സൈബര്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. കേസുമായി ബന്ധപ്പെട്ട് സ്പായുടെ ഉടമസ്ഥനെന്ന് പോലീസ് സംശയിക്കുന്ന തിരുവനന്തപുരം നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ പോലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന. ബിനാമി പേരിലാണ് ഇയാള്‍ സ്പാ നടത്തിയിരുന്നതെന്നാണ് വിവരം.
പെണ്‍കുട്ടിയുടെ ചെറിയമ്മ നാഗലക്ഷ്മിയിലേക്കും ഇവരുടെ ആണ്‍സുഹൃത്ത് ഗോപിയിലേക്കും അന്വേഷണം നീട്ടാനാണ് പോലീസ് നീക്കം. പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് ഇവരാണ് പോലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിക്ക് രണ്ട് ആധാര്‍ കാര്‍ഡുകള്‍ ഉണ്ടായിരുന്നുവെന്നും ഒന്നില്‍ 20 വയസ്സും മറ്റൊന്നില്‍ 16 വയസ്സുമാണ് രേഖപ്പെടുത്തിയിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പെണ്‍കുട്ടിയുടെ ചെറിയമ്മയും സുഹൃത്തും കോവളത്ത് താമസിച്ച് പെണ്‍കുട്ടിയെ കൂടുതല്‍ സ്പാകളില്‍ എത്തിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കോവളത്തെ സ്പാകള്‍ കേന്ദ്രീകരിച്ച് പോലീസ് വ്യാപക പരിശോധന നടത്തിവരികയാണ്. പെണ്‍കുട്ടിയെ കോവളത്ത് എത്തിക്കാനുള്ള തീരുമാനത്തില്‍ ഇളയമ്മയുടെയും സുഹൃത്തിന്റെയും കേരള ബന്ധങ്ങളും സ്പായില്‍ എത്തിക്കാന്‍ സഹായം ചെയ്തവരെക്കുറിച്ചും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഇവരുടെ ഫോണ്‍ രേഖകളും പോലീസ് ശേഖരിച്ച് വരുന്നു.
തമിഴ്നാട്ടിലും പെണ്‍കുട്ടിയെ എത്തിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കോവളം പോലീസ് തമിഴ്നാട് പോലീസിന് വിവരങ്ങള്‍ കൈമാറി. ഫോര്‍ട്ട് എ.സി പ്രദീപിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.
https://www.facebook.com/Malayalivartha























