ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ പരാതി. ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ കുടുംബം ഉന്നയിച്ചിരിക്കുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കുകയും ഇസ്ലാം മതം സ്വീകരിക്കാന്‍ സമ്മര്‍ദം ചെലുത്തിയിരുന്നതായും യുവതിയുടെ കുടുംബം ആരോപിക്കുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബീഹാറിലെ ബെഹുസാര ജില്ലയിലാണ് കേസിനാസ്പദമായ സംഭവം.കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് സ്ഥിരീകരിച്ചു.
2021ലാണ് അങ്കിതയും മുഹമ്മദ് അര്‍സൂവും ഒളിച്ചോടി വിവാഹിതരായത്. സംഭവത്തില്‍ അന്ന് അങ്കിതയുടെ കുടുംബം അര്സൂവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇരുവരും പ്രായപൂര്‍ത്തിയായതുകൊണ്ട് ഒരുമിച്ചു ജീവിക്കാന്‍ കോടതി അനുമതി നല്കി. 2023ല്‍ അങ്കിതയ്ക്ക് പെണ്‍കുഞ്ഞ് ജനിച്ചതോടെ പ്രശ്നങ്ങള്‍ രൂക്ഷമായെന്നാണ് മാതാവിന്റെ മൊഴി. സ്ത്രീധനമായി പണം ആവശ്യപ്പെട്ടെന്നും ഇസ്ലാം മതം സ്വീകരിക്കാന്‍ അങ്കിതയെ നിര്‍ബന്ധിച്ചെന്നുമാണ് ആരോപണം. മതംമാറ്റത്തിന് വിസമ്മതിച്ചതും സ്ത്രീധനം നല്‍കുന്നില്ലെന്നും പറഞ്ഞ് അങ്കിതയെ ഗാര്‍ഹിക പീഡനത്തിന് ഇയാക്കിയെന്നും കുടുംബം പറയുന്നു.
പ്രശ്നങ്ങള്‍ രൂക്ഷമായതൊടെ യുവതിയുടെ ബന്ധുക്കള്‍ ഇടപെട്ട് ഒത്തുത്തീര്‍പ്പിന് ശ്രമിച്ചു. ഇതിനിടെ അങ്കിത സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും പിന്നീട് ഭര്‍ത്താവിനൊപ്പം തിരിച്ചുപോയി. എന്നാല്‍ അതിനുശേഷവും പീഡനം തുടര്‍ന്നതായാണ് മാതാവിന്റെ ആരോപണം. ഒക്ടോബര്‍ 19ന് ദുര്‍ഗാക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനായി കൊണ്ടുപോകണമെന്ന് അങ്കിത ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ പ്രകോപിതനായ അര്‍സൂ അങ്കിതയെ ക്രൂരമായി മര്‍ദിച്ചെന്നാണ് മാതാവിന്റെ മൊഴി. അന്നുരാത്രി 11 മണിയോടെ അങ്കിത മാതാവിനെ ഫോണില്‍ വിളിച്ച് വീണ്ടും സ്വന്തം വീട്ടിലേക്ക് മടങ്ങിവരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായും പരാതിയില്‍ പറയുന്നു.
പുലര്‍ച്ചെ രണ്ടുമണിയോടെ അങ്കിത ജീവനൊടുക്കിയെന്നാണ് ഭര്‍ത്താവ് കുടുംബത്തെ അറിയിച്ചത്. പിറ്റേന്ന് അങ്കിതയുടെ ഭര്‍തൃവീട്ടിലെത്തിയ ബന്ധുക്കള്‍ ഒക്ടോബര്‍ 20ന് പൊലീസില്‍ പരാതി നല്കി. ഭര്‍ത്താവിനു പുറമേ ഇയാളുടെ സഹോദരന്, സഹോദര ഭാര്യ, സഹോദരി, മറ്റൊരാള്‍ എന്നിവരെയും പരാതിയില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























