നെടുമ്പാശ്ശേരി അപകടം... പ്രതികളെ വീണ്ടും ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റി....

നെടുമ്പാശ്ശേരി വി.ഐ.പി റോഡിലെ അത്താണിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കേസിൽ രണ്ടാം വട്ടവും പൊലീസ് കസ്റ്റഡിയിൽ വിട്ട പ്രതികളെ വിശദമായ ചോദ്യം ചെയ്യലിനും, പരിശോധനകൾക്കും വിധേയമാക്കിയ ശേഷം വീണ്ടും അങ്കമാലി മജിസ്ട്രേറ്റ് കോടതി തൃക്കാക്കര ബോസ്റ്റൽ സ്കൂളിൽ റിമാൻഡിലാക്കി.
മദ്യലഹരിയിൽ അമിത വേഗതയിൽ കാറോടിച്ച ഒന്നാം പ്രതി ആലപ്പുഴ ആലിശ്ശേരി നൂഹ് മൻസിലിൽ സുഹൈൽ സജീവ് (19), ആലപ്പുഴ തുമ്പോളി സ്വദേശികളായ രണ്ടാം പ്രതി പാലപ്പറമ്പിൽ നിനവ് (19), മൂന്നാം പ്രതി ജോയൽ (19), നാലാം പ്രതി അമീൻ (19) എന്നിവരാണ് കേസിലെ പ്രതികൾ.
വിശദമായ ചോദ്യം ചെയ്യലിനും തുടർ അന്വേഷണത്തിനുമായി ആലുവ ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സമർപ്പിച്ച കസ്റ്റഡി അപേക്ഷ പരിഗണിച്ചാണ് അങ്കമാലി കോടതി വെള്ളിയാഴ്ച രണ്ട് ദിവസത്തേക്ക് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
കോടതി നൽകിയ കസ്റ്റഡി സമയം അവസാനിക്കുന്നതിനാലാണ് ഇന്നലെ വൈകുന്നേരം അഞ്ചിന് മുമ്പായി പ്രതികളെ പൊലീസ് കോടതിയിൽ ഹാജരാക്കിയത്. ഈ മാസം 11ന് പുലർച്ചെ 1.45നാണ് മിനി കൂപ്പർ ഇടിച്ച് മൂന്ന് പേരുടെ ജീവൻ പൊലിഞ്ഞ നാടിനെ നടുക്കിയ അപകടമുണ്ടായത്.
"https://www.facebook.com/Malayalivartha


























