എഴുത്തച്ഛന്‍ പുരസ്‌കാരത്തില്‍ ആദ്യ പ്രതികരണവുമായി മേതില്‍

സാഹിത്യ രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് എഴുത്തുകാരന്‍ മേതില്‍ രാധാകൃഷ്ണന്‍. അവാര്‍ഡുകളെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നും മന്ത്രിയാണ് അവാര്‍ഡ് ലഭിച്ചകാര്യം തന്നെ വിളിച്ചറിയിച്ചതെന്നും മേതില്‍ പറഞ്ഞു. രാമനാട്ടുകരയില്‍ എഴുത്തുകാരി ഇന്ദുമേനോന്റെ കുടുബത്തിനൊപ്പമാണ് മേതില്‍ അവാര്‍ഡിനെക്കുറിച്ച് പ്രതികരിച്ചത്.
ദീര്‍ഘദൂര യാത്രകള്‍ പ്രയാസമായതിനാല്‍ സമ്മാനദാനം കോഴിക്കോട്ടാകുന്നത് കൂടുതല്‍ സൗകര്യപ്രദമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോടിനോട് തനിക്ക് വൈകാരികബന്ധം കൂടുതല്‍ ആയതിനാല്‍ അത് കൂടുതല്‍ സന്തോഷമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം അര്‍ബുദ ബാധയെ തുടര്‍ന്ന് മകള്‍ ജൂണ്‍ മരിച്ചതിനുപിന്നാലെയാണ് മേതില്‍ ഇന്ദുമേനോനും കുടുംബത്തിനുമൊപ്പം താമസിക്കാന്‍ തുടങ്ങിയത്. മകളുടെ ഹെയര്‍ബാന്‍ഡ് എപ്പോഴും കൈയില്‍ അണിയുമോയെന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മകളെക്കുറിച്ചുള്ള ഓര്‍മ്മകളാണ് തന്റെ ശക്തിയെന്നായിരുന്നു മേതിലിന്റെ പ്രതികരണം. പുതിയ എഴുത്തുകാര്‍ക്ക് ഉപദേശങ്ങള്‍ നല്‍കാന്‍ തനിക്ക് സാധിക്കില്ലെന്നും അവര്‍ ജീവിക്കുന്നത് തന്റേതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ സാഹചര്യത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാഷ കൊണ്ടും ചിന്ത കൊണ്ടും മലയാളിയെ വിസ്മയിപ്പിച്ച പ്രതിഭയാണ് പാലക്കാട്ടുകാരനായ മേതില്‍ രാധാകൃഷ്ണന്‍. പൊന്‍കുന്നം വര്‍ക്കിയുടെ ആത്മകഥയായ 'എന്റെ വഴിത്തിരിവി'നെ വിമര്‍ശിച്ചുകൊണ്ട് നവയുഗം വാരികയില്‍ ലേഖനമെഴുതിക്കൊണ്ടാണ് മേതില്‍ മലയാള സാഹിത്യ ലോകത്തേക്ക് കടന്നുവന്നത്. പത്താം ക്ലാസ് പരീക്ഷാഫലം കാത്തിരിക്കുന്ന സമയത്താണ് ലേഖനം എഴുതിയത്. പതിനെട്ടാം വയസിലെഴുതിയ 'ഒക്‌ടോപസിന്റെ ശവം' ആണ് ആദ്യത്തെ കഥ. ഡിഗ്രി പഠനത്തിന്റെ അവസാനവര്‍ഷക്കാലത്ത് 1970ലാണ് സൂര്യവംശം എന്ന നോവലെഴുതിയത്.
പിന്നീട് 'ബ്രാ', 'ചുവന്ന വിദൂഷകരുടെ അഞ്ചാം പത്തി' എന്നീ രണ്ട് നോവലുകള്‍ കൂടി എഴുതി. തന്റെ പുസ്തകങ്ങള്‍ എങ്ങനെ വായിക്കണമെന്ന് വിശദീകരിക്കുന്ന ഒരു കൈപുസ്തകംകൂടി മേതില്‍ എഴുതി. തുടര്‍ന്നുള്ള ഇരുപത് വര്‍ഷക്കാലം ഒന്നു എഴുതിയില്ല. നോര്‍വീജിയന്‍ കപ്പല്‍ കമ്പനിയില്‍ കമ്പ്യൂട്ടര്‍ വിദഗ്ദ്ധനായി ജോലി ചെയ്തു. തൊണ്ണൂറുകളില്‍ 'ഡിലന്‍ തോമസിന്റെ പന്തുമായി' മേതില്‍ വീണ്ടും സാഹിത്യലോകത്തേക്ക് തിരിച്ചെത്തി.
https://www.facebook.com/Malayalivartha
























