ജടായുവിൻറെ ഇതിഹാസ കഥ നേരിട്ടറിയാൻ ജടായു എർത്ത് സെൻററിലേക്ക് സന്ദർശകരെ ക്ഷണിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ 'രാമായണം പാർട്ട് വൺ' സിനിമയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ കുറിപ്പ്

ഇതിഹാസകാവ്യമായ രാമായണത്തെ ആസ്പദമാക്കി നിതേഷ് തിവാരി സംവിധാനം ചെയ്ത സിനിമയായ രാമായണം പാർട്ട് വൺ തിയേറ്ററിലെത്തിയ പശ്ചാത്തലത്തിൽ കൊല്ലം ചടയമംഗലത്തെ ജടായു എർത്ത് സെൻററിലെ ജടായു ശിൽപത്തെ ശ്രദ്ധയിൽപെടുത്തി മുഖ്യമന്ത്രി വി.ഡി സതീശൻ. ഈ സിനിമയിലൂടെ ജടായു എന്ന ഇതിഹാസ കഥാപാത്രത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും ആദരവ് ഉണർത്താനും സാധിച്ചുവെന്ന് ചൂണ്ടിക്കാട്ടി കേരളത്തിലെ ആകർഷകമായ ടൂറിസം കേന്ദ്രമായ ജടായുപ്പാറ സന്ദർശിക്കാനും ഇതിഹാസകഥ നേരിട്ടറിയാനും എല്ലാവരെയും ക്ഷണിക്കുന്നതായി മുഖ്യമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു.
സത്യത്തെയും ഒരു സ്ത്രീയുടെ അഭിമാനത്തെയും സംരക്ഷിക്കാൻ വേണ്ടി ജീവൻ നൽകിയ ജടായുവിനോടുള്ള ആദരവ് രാമായണം സിനിമയിലൂടെ ഇന്ത്യയിലുടനീളം വീണ്ടും ഉണർത്തിയിരിക്കുന്നുവെന്നും ഈ ത്യാഗം ഒരിക്കലും വിസ്മരിക്കാനാവില്ലെന്നും കുറിപ്പിൽ പറയുന്നു. ധീരതയുടെയും ത്യാഗത്തിൻറെയും അനശ്വര പ്രതീകമായ ജടായുവിൻറെ ഓർമ്മ പ്രതിഫലിപ്പിക്കുന്ന ശിൽപ്പം കേരളത്തിൽ നിലനിൽക്കുന്നു എന്നത് അഭിമാനകരമായ കാര്യമാണ്. മനോഹരമായ ജഡായു എർത്ത് സെൻറർ വിനോദസഞ്ചാര കേന്ദ്രം യാഥാർത്ഥ്യമാക്കാൻ ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ചവർക്ക് നന്ദി പറയുന്നുവെന്നും സിനിമ കണ്ട എല്ലാവരെയും ജടായുപ്പാറയിൽ നേരിട്ടെത്തി അത് അനുഭവിച്ചറിയാൻ ക്ഷണിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ ജടായു എർത്ത് സെൻററിലെ മുഖ്യ ആകർഷണമാണ് ജടായു ശിൽപ്പമെന്ന് ടൂറിസം സാംസ്കാരിക മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. നിരവധി സന്ദർശകരാണ് ഈ ശിൽപ്പം കാണാനായി എത്തുന്നത്. രാമായണം സിനിമ ജടായുവിന് ഇതിഹാസ സമാനമായ ഓർമ്മപ്പെടുത്തൽ നൽകുമ്പോൾ ജടായുപ്പാറയിലേക്കുള്ള സന്ദർശകരുടെ വരവ് ഇനിയും വർധിച്ചേക്കും. ഇത് പുതിയ ടൂറിസം സീസണിൽ കേരളത്തിന് കൂടുതൽ ഉണർവേകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും വലിയ പക്ഷിശിൽപ്പമെന്ന ഖ്യാതിയുള്ള ജടായു എർത്ത് സെൻററിലെ ജടായു ശിൽപ്പം ചലച്ചിത്ര സംവിധായകനും ശിൽപ്പിയുമായ രാജീവ് അഞ്ചലും സംഘവും ചേർന്നാണ് നിർമിച്ചത്. ഇടതു ചിറകറ്റ് വലതു ചിറക് വിടർത്തി കൊക്കും കാൽനഖങ്ങളുമുയർത്തി കിടക്കുന്ന രൂപത്തിലാണ് ശിൽപ്പം. പക്ഷിശിൽപത്തിന് 200 അടി നീളവും 150 അടി വീതിയും 75 അടി ഉയരവുമുണ്ട്. കൂറ്റൻ ശിൽപ്പത്തിൽ രാമായണ കഥയുടെ വിവരണവുമുണ്ട്.
രാമായണം സിനിമ പുറത്തിറങ്ങിയതോടെ ഈ ശിൽപ്പം സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടിയിരുന്നു. സീതയെ രാവണൻ തട്ടിക്കൊണ്ടുപോകുമ്പോൾ ജടായുവും രാവണനും തമ്മിലുണ്ടായ പോരാട്ടത്തിൻറെ അനന്തരഫലത്തെയാണ് ശിൽപ്പം ആവിഷ്കരിക്കുന്നത്. ഇതിഹാസകഥയിൽ സീതയെ രക്ഷിക്കാൻ ശ്രമിക്കുന്ന ജടായുവിനെ രാവണൻ പരാജയപ്പെടുത്തുകയും ചിറകുകൾ മുറിച്ചുമാറ്റുകയും ചെയ്യുന്നു.
"
https://www.facebook.com/Malayalivartha

























