നിർമിതബുദ്ധി ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ തൊഴിൽമേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു; വിദ്യാഭ്യാസമുള്ള യുവത കേരളത്തിന്റെ പ്രധാന സമ്പത്താണ്; ഈ വിഭവശേഷി നാടിന്റെ വളർച്ചയ്ക്കായി ഉപയോഗിക്കണമെന്ന് മന്ത്രി റോജി എം. ജോൺ

അതിവേഗം മാറുന്ന സാങ്കേതികവിദ്യയുടെയും തൊഴിൽമേഖലയുടെയും ആവശ്യങ്ങൾക്കനുസരിച്ച് വിദ്യാർഥികൾ തുടർച്ചയായി പഠിക്കാനും പുതിയ നൈപുണ്യങ്ങൾ നേടാനും തയാറാകണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പറഞ്ഞു. ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള ആറ്റിങ്ങൽ എൻജിനീയറിങ് കോളജിന്റെ ബിരുദദാനച്ചടങ്ങ് മാമം പൂജ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിർമിതബുദ്ധി ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ തൊഴിൽമേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുകയാണ്. ഇന്നുള്ള തൊഴിലുകൾ അഞ്ചുവർഷം കഴിഞ്ഞും അതേ രൂപത്തിൽ തുടരണമെന്നില്ല. അതിനാൽ കലാലയപഠനം പൂർത്തിയാക്കിയാലും പഠനം അവസാനിക്കുന്നില്ലെന്നും പുതിയ അറിവുകൾ നേടുകയും മാറുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെടുകയും വേണമെന്നും മന്ത്രി പറഞ്ഞു. അതിനുള്ള ആത്മവിശ്വാസവും അനുഭവപരിചയവും വളർത്തുന്നതിൽ കലാലയജീവിതത്തിന് നിർണായക പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസമുള്ള യുവത കേരളത്തിന്റെ പ്രധാന സമ്പത്താണ്. ഈ വിഭവശേഷി നാടിന്റെ വളർച്ചയ്ക്കായി ഉപയോഗിക്കണം. വ്യവസായമേഖലയുടെ ആവശ്യങ്ങളും ഭാവിയിലെ തൊഴിൽസാധ്യതകളും പരിഗണിച്ച് പാഠ്യപദ്ധതികളും പരിശീലനരീതികളും പരിഷ്‌കരിക്കണമെന്നും വിദ്യാർഥികൾ തൊഴിൽ തേടുന്നവരിൽ മാത്രം ഒതുങ്ങാതെ സംരംഭകരായും തൊഴിൽദാതാക്കളായും വളരണമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























