തടവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി തായ്ലൻഡിൽ യാത്രപോയി; ജയിലിലും ഹാജർ, അന്വേഷണം

ജീവപര്യന്തം തടവുകാരന് ജയിലിൽനിന്ന് തായ്ലൻഡിലേക്ക് വിനോദയാത്ര! അഞ്ച് ദിവസം വിദേശത്ത് കറങ്ങിയിട്ടും ജയിലിൽ ഹാജർ, ഉദ്യോഗസ്ഥന് സസ്പെൻഷൻ!
ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതി അഞ്ച് ദിവസം തായ്ലൻഡിൽ വിനോദയാത്ര നടത്തിയെന്ന വാർത്തയാണ് രാജസ്ഥാനിൽനിന്ന് പുറത്തുവരുന്നത്. ശ്രീഗംഗാനഗർ ജില്ലയിലെ തുറന്ന ജയിലിൽ കഴിയുന്ന 28കാരനായ ദിഷ്കാന്ത് കമ്രയാണ് അനുമതിയില്ലാതെ വിദേശയാത്ര നടത്തിയത്. അതിശയിപ്പിക്കുന്ന കാര്യം, പ്രതി വിദേശത്തായിരുന്നപ്പോഴും ജയിലിലെ ഹാജർ രേഖകളിൽ ഇയാൾക്ക് ഹാജർ ഉണ്ടായിരുന്നു എന്നതാണ്.
2025 ഒക്ടോബർ 9 മുതൽ 13 വരെയായിരുന്നു തായ്ലൻഡ് യാത്ര. ജയിൽ ഉദ്യോഗസ്ഥനായ ഹാപുറാം പ്രതിയുടെ ഹാജർ രേഖപ്പെടുത്തിയെന്നും പഴയ ഫോട്ടോ ഉപയോഗിച്ച് ഇയാൾ ജയിലിലുണ്ടെന്ന് അധികൃതരെ വിശ്വസിപ്പിച്ചെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.
ഒരു യുവതി ജയിൽ ഡയറക്ടർ ജനറലിന് നൽകിയ പരാതിയോടെയാണ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്. ഇതിനിടെ നവംബർ മൂന്നിന് വാഹനപരിശോധനയ്ക്കിടെ പ്രതിയുടെ പാസ്പോർട്ടും 40 ഗ്രാം കറുപ്പും പോലീസ് കണ്ടെത്തിയതോടെയാണ് വിദേശയാത്രയുടെ വിവരങ്ങളും പുറത്തുവന്നത്.
2018ലെ ജയ്പുർ കൊലക്കേസിൽ 2023ലാണ് ദിഷ്കാന്ത് കമ്രയ്ക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചത്. ഇപ്പോൾ ജയിൽ ചട്ടങ്ങൾ ലംഘിച്ച് വിദേശയാത്ര നടത്തിയ സംഭവത്തിൽ പ്രതിക്കും ഉദ്യോഗസ്ഥർക്കുമെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha

























