തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും കണ്ണൂരിലുമായി ഒമ്പതു പമ്പില്‍നിന്ന് സാമ്പിള്‍ ശേഖരിച്ചു; പെട്രോളില്‍ നിശ്ചിത പരിധിയില്‍ കൂടുതല്‍ എഥനോള്‍ കലര്‍ത്തി വില്‍പന നടത്തുന്നുണ്ടോയെന്ന് കണ്ടെത്താന്‍ സംസ്ഥാനത്തുടനീളം പരിശോധന ശക്തമാക്കി സിവില്‍ സപ്ലൈസ് വകുപ്പ്

പെട്രോളില്‍ നിശ്ചിത പരിധിയില്‍ കൂടുതല്‍ എഥനോള്‍ കലര്‍ത്തി വില്‍പന നടത്തുന്നുണ്ടോയെന്ന് കണ്ടെത്താന്‍ സംസ്ഥാനത്തുടനീളം പരിശോധന ശക്തമാക്കി സിവില്‍ സപ്ലൈസ് വകുപ്പ്. നാലു ജില്ലയില്‍നിന്ന് സാമ്പിള്‍ ശേഖരിച്ചുവെന്നും ക്രമക്കേട് കണ്ടാല്‍ നിയമനടപടിയുണ്ടാകുമെന്നും മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.
തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും കണ്ണൂരിലുമായി ഒമ്പതു പമ്പില്‍നിന്ന് സാമ്പിള്‍ ശേഖരിച്ചു. കര്‍ണാടകയിലെ ചില പമ്പില്‍ അളവില്‍ കൂടുതല്‍ എഥനോള്‍ കലര്‍ത്തിയ ഇന്ധനം വില്‍പന നടത്തിയതായി കണ്ടെത്തിയതിനു പിന്നാലെയാണ് കേരളത്തിലും സര്‍ക്കാര്‍ പരിശോധനയ്ക്ക് ഉത്തരവിട്ടത്. ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള ഇന്ധനം ഉറപ്പാക്കാനും ഇന്ധനത്തിലെ മായംചേര്‍ക്കലും മറ്റ് ക്രമക്കേടുകളും തടയാനുമാണു നടപടിയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. പരിശോധനയില്‍ അളവില്‍ കൂടുതല്‍ കണ്ടെത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
എറണാകുളത്ത് മൂന്നും തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രണ്ടു വീതവും പമ്പുകളിലാണു പരിശോധന നടന്നത്. പരിശോധന വൈകിട്ടു ആറുമണിവരെ തുടര്‍ന്നു. പമ്പിലെ സെയില്‍സ് മാനേജറുടെ സാന്നിധ്യത്തില്‍ നിയമപ്രകാരമുള്ള നടപടി പൂര്‍ത്തിയാക്കി ആറു സാമ്പിളുകള്‍ ശേഖരിച്ചു. തുടര്‍ന്ന് സാമ്പിള്‍ ശേഖരണവുമായി ബന്ധപ്പെട്ട മഹസര്‍ നടപടികളും പൂര്‍ത്തിയാക്കി. ഇന്ധന കമ്പനി പ്രതിനിധിയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
ഒരോ പമ്പില്‍നിന്നും ഒരു ലിറ്റര്‍ വീതമുള്ള ആറു കാനുകളിലാണു സീല്‍ ചെയ്ത് സാമ്പിള്‍ ശേഖരിച്ചത്. ഇതില്‍ രണ്ടു കാനുകള്‍ റീജിയണല്‍ കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറികളില്‍ നിശ്ചിത ഗുണനിലവാര പരിശോധനക്കായി നല്‍കും. രണ്ടുകാനുകള്‍ സിവില്‍ സപ്‌ളൈസ് ഓഫീസില്‍ സൂക്ഷിക്കും. രണ്ടെണ്ണം സുരക്ഷിത കസ്റ്റഡിയില്‍ സൂക്ഷിക്കാനായി പമ്പിന്റെ ലൈസന്‍സിയെ ഏല്‍പ്പിച്ചു.
https://www.facebook.com/Malayalivartha

























