24 മണിക്കൂറിൽ രണ്ടിടത്ത് വൻ സ്വർണക്കവർച്ച..തിരുവനന്തപുരത്ത് നിന്ന് 2 കിലോ, മധുരയിൽ നിന്ന് 25 കിലോയോളം..പ്രതികളുടെ ബൈക്ക് പൊലീസ് തിരിച്ചറിഞ്ഞു..

തമിഴ്‌നാട്ടിലെ മധുരയിൽ വൻ സ്വർണക്കവർച്ച നടന്നതിന് പിന്നാലെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തെ ചാലയിലും സമാന സംഭവം. ജ്വല്ലറി അടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഉടമയെ ആക്രമിച്ച് ബൈക്കിലെത്തിയ സംഘം സ്വർണം കവർന്നു. സംഭവത്തിൽ ഫോർട്ട് പൊലീസ് അന്വേഷണം ഊർജിതമാക്കി.ചാല മാർക്കറ്റിനുള്ളിൽ പ്രവർത്തിക്കുന്ന വൈഷ്ണവി ജ്വല്ലറി ഉടമയും മഹാരാഷ്ട്ര സ്വദേശിയുമായ നന്ദകുമാറാണ് കവർച്ചയ്ക്ക് ഇരയായത്. ഇന്നലെ രാത്രി 10.30ന് കച്ചവടം അവസാനിപ്പിച്ച് കട പൂട്ടിയ ശേഷം സ്വർണവുമായി വീട്ടിലേക്ക് പോകുന്ന വഴിയാണ് സംഭവം. ജ്വല്ലറിയിൽനിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള മരക്കടയിലാണ് ഇദ്ദേഹം താമസിക്കുന്നത്.
ചെന്തിട്ട എന്ന സ്ഥലത്തേക്ക് പോകുന്ന വഴിയിലെ ഇടവഴിയിലൂടെ നടന്നുപോകുമ്പോൾ പിന്നാലെയെത്തിയ സംഘം തടഞ്ഞുനിർത്തി സ്വർണം അടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.നന്ദകുമാറിൻ്റെ മകൻ ഒരു സ്കൂട്ടറിൽ ഇദ്ദേഹത്തിന് പിന്നാലെ വരുന്നുണ്ടായിരുന്നു. രണ്ട് ബൈക്കുകളിലായി എത്തിയ മൂന്ന് പേരാണ് കവർച്ച നടത്തിയത്. ഒരു ബൈക്കിൽ രണ്ടുപേരും രണ്ടാമത്തെ ബൈക്കിൽ ഒരാളുമാണ് ഉണ്ടായിരുന്നത്. കറുപ്പും മഞ്ഞയും നിറത്തിലുള്ള ഹോണ്ട സിബി 350 മോഡൽ ബൈക്കിലും ഒരു ബുള്ളറ്റിലുമാണ് മോഷ്ടാക്കൾ എത്തിയത്. അക്രമികൾ ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ മുഖം വ്യക്തമായി കാണാൻ കഴിഞ്ഞില്ല.പ്രതികളുടെ ബൈക്ക് പൊലീസ് തിരിച്ചറിഞ്ഞു.
HONDA CB 350 MODEL ബൈക്കിലാണ് പ്രതികള്‍ എത്തിയത്. കറുപ്പും മഞ്ഞയും നിറമുള്ള ബൈക്കായിരുന്നു ഇത്. നന്ദകുമാറിനെ പ്രതികള്‍ ബൈക്കില്‍ പിന്തുടരുന്നതിന്റെയും സ്വര്‍ണം കവരുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്.നിലവിൽ ലഭിച്ച ദൃശ്യങ്ങളിൽ നിന്ന് വാഹനത്തിന്റെ നമ്പർ വ്യക്തമല്ലാത്തതിനാൽ, കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഫോർട്ട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.ശരീരത്തിൽ തൂക്കിയിട്ടിരുന്ന ബാഗ് അക്രമികൾ വലിച്ചുപറിച്ചുകൊണ്ട് പോവുകയായിരുന്നു. ഇതിനിടെ ബാഗിൻ്റെ വള്ളി പൊട്ടിപ്പോയെങ്കിലും നന്ദകുമാർ താഴെ വീണില്ല.നഷ്ടപ്പെട്ട സ്വർണത്തിൻ്റെ അളവിനെച്ചൊല്ലി ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. 100 പവൻ സ്വർണം നഷ്ടപ്പെട്ടു എന്നായിരുന്നു പ്രാഥമിക വിവരം. പിന്നീട് 250 പവൻ സ്വർണമാണ് നഷ്ടപ്പെട്ടതെന്ന് നന്ദകുമാർ വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ വന്നു.
എന്നാൽ തൻ്റെ പക്കൽ 15 പവൻ സ്വർണം മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ഉടമ മാധ്യമങ്ങളോട് ഇപ്പോൾ പറയുന്നത്. വിവിധ കടക്കാരിൽ നിന്നായി ശുദ്ധീകരിക്കാൻ നൽകിയ പഴയ സ്വർണമാണ് നഷ്ടപ്പെട്ടത്.കഴിഞ്ഞ നാല് അഞ്ച് ദിവസമായി ശേഖരിച്ച സ്വർണമാണിത്. രാത്രി 18, 20, 22 കാരറ്റിലുള്ള സ്വർണം വീട്ടിൽ കൊണ്ടുപോയി ഉരുക്കി 24 കാരറ്റാക്കി മാറ്റി പിറ്റേദിവസം രാവിലെ തിരികെ നൽകുന്നതാണ് ഇവരുടെ രീതി.മധുരയിലെ പ്രമുഖ തനിഷ്ക് ജ്വല്ലറി ഷോറൂമിൽനിന്ന് 35 കിലോയോളം സ്വർണം കവർന്ന സംഭവം കേരളത്തിലെ സ്വർണവ്യാപാര മേഖലയിലും കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) വ്യക്തമാക്കി. കേരളത്തിലെ എല്ലാ ജില്ലകളിലും സ്വർണവ്യാപാര സ്ഥാപനങ്ങളുടെ സുരക്ഷ വിലയിരുത്തി ആവശ്യമായ പൊലീസ് സംരക്ഷണ നടപടികൾ സ്വീകരിക്കണമെന്ന് കെജിഎസ്എംഎ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രി വി.ഡി. സതീശനോടുംസംസ്ഥാന പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടു. അസോസിയേഷൻ പ്രസിഡൻ്റ് കെ സുരേന്ദ്രൻ,
ജനറൽ സെക്രട്ടറി അഡ്വ എസ് അബ്ദുൽ നാസർ, ട്രഷറർ കൃഷ്ണദാസ് സി വി എന്നിവരാണ് പ്രസ്താവനയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.മധുരയിൽ പ്രമുഖ ജൂവലറിയിൽനിന്ന് കൊള്ളയടിക്കപ്പെട്ടത് കോടികൾ വിലമതിക്കുന്ന സ്വർണ-വജ്ര ആഭരണങ്ങൾ എന്ന് വിവരം. ബൈപ്പാസ് റോഡിൽ പുതുതായി പ്രവർത്തനമാരംഭിച്ച ടാറ്റാ ഗ്രൂപ്പിന്റെ തനിഷ്‌ക് ജൂവലറിയിൽ വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് കവർച്ച നടന്നത്. അടുത്തിടെ സ്റ്റോക്ക് എടുത്തപ്പോൾ ഏകദേശം 30 കിലോ ആഭരണം ഇവിടെ ഉണ്ടായിരുന്നു.അതിൽനിന്ന് 25 കിലോയോളം കൊള്ളയടിക്കപ്പെട്ടിരിക്കാമെന്നാണ് നിഗമനം. വ്യാഴാഴ്ച രാവിലെ പത്തോടെ ജീവനക്കാർ ജൂവലറിയുടെ ഒന്നാം നില തുറന്നപ്പോഴാണ് വിവരമറിയുന്നത്.
https://www.facebook.com/Malayalivartha

























