മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കുമായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ സർക്കാർ..അധികാരമേറ്റപ്പോൾ വി.ഡി. സതീശൻ സർക്കാർ സ്വീകരിച്ച നയം മാറ്റുന്നുവോ..

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുമ്പോൾ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കുമായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ സർക്കാർ തീരുമാനിച്ചു. ഏറ്റവും ഉയർന്ന മോഡലുകളാണിവ. ഇതിന് 9.6 കോടിയാണ് ചെലവ് കണക്കാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊതുഭരണ വിഭാഗം ഉത്തരവിറക്കി. മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കുമായി 22 കാറുകളും അതിഥികൾക്കായി രണ്ട് കാറുകളുമാണ് വാങ്ങുക.നിലവിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിക്കുന്നത് മുൻ സർക്കാരിന്റെ കാലത്ത് വാങ്ങിയ വാഹനങ്ങളാണ്.
ഇവയിൽ പലതും കാലപ്പഴക്കം ചെന്നതാണെന്നും യാത്രായോഗ്യമല്ലെന്നും വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ചില മന്ത്രിമാർ സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ചതും നേരത്തെ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ വാഹനങ്ങൾ വാങ്ങാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പുതിയ വാഹനങ്ങൾ വാങ്ങില്ലെന്നും മന്ത്രി മന്ദിരങ്ങൾ മോടിപിടിപ്പിക്കില്ലെന്നുമാണ് അധികാരമേറ്റപ്പോൾ വി.ഡി. സതീശൻ സർക്കാർ സ്വീകരിച്ച നയം. 2017നു ശേഷമുള്ള വാഹനങ്ങളാണ് പഴയതാണെന്ന് പറഞ്ഞു മാറ്റുന്നത്.
നിലവിലുള്ള വാഹനങ്ങൾ കാലപ്പഴക്കം കാരണം ഇടയ്‌ക്കിടെ കേടാകുന്നുവെന്നും ഇതേത്തുടർന്നാണ് പല മന്ത്രിമാരും സ്വകാര്യ വാഹനങ്ങൾഉപയോഗിക്കുന്നതെന്നുമാണ് വാദം. വാഹനങ്ങളുടെ കാലപ്പഴക്കം ചൂണ്ടിക്കാട്ടിയാണ് പുതിയ കാറുകൾ വാങ്ങുന്നതെങ്കിലും, ഭൂരിഭാഗം മന്ത്രിമാരും ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനങ്ങൾക്ക് അഞ്ച് വർഷത്തിൽ താഴെ മാത്രമാണ് പഴക്കമെന്നാണ് സർക്കാർ രേഖകൾ വ്യക്തമാക്കുന്നത്.മുഖ്യമന്ത്രി ഉപയോഗിക്കുന്ന രണ്ട് കാറുകളിൽ ഒന്ന് 2024ലും മറ്റൊന്ന് 2022ലും രജിസ്റ്റർ ചെയ്തതാണ്. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ. മുരളീധരൻ, ഷിബു ബേബി ജോൺ, പി.സി. വിഷ്ണുനാഥ് എന്നിവർ ഉപയോഗിക്കുന്ന
ഇന്നോവ ക്രിസ്റ്റ കാറുകൾ 2024ലും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വാഹനം 2022ലുമാണ് രജിസ്റ്റർ ചെയ്തത്. നിലവിൽ ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഏറ്റവും പഴക്കമുള്ളത് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉപയോഗിക്കുന്നതും മന്ത്രി കെ.എം. ഷാജി ഉപയോഗിക്കുന്നതുമാണ്. രണ്ട് വാഹനങ്ങളും 2017ൽ രജിസ്റ്റർ ചെയ്തവയാണ്.സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കാറുകൾക്ക് ഇത്രയേറെ പണം ചെലവഴിക്കുന്നതും ആഡംബര മോഡലുകൾ തന്നെ തെരഞ്ഞെടുത്തതും വലിയ വിമർശനങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്.മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha

























