വീണാ ജോര്‍ജിനെ രൂക്ഷമായി പരിഹസിച്ച് അബിന്‍ വര്‍ക്കി

കോഴഞ്ചേരി പാലത്തിന്റെ അവകാശത്തേച്ചൊല്ലി നടക്കുന്ന തര്‍ക്കത്തില്‍ മുന്‍ മന്ത്രി വീണാ ജോര്‍ജിനെ പരിഹസിച്ച് അബിന്‍ വര്‍ക്കി എംഎല്‍എ. ഞാന്‍ സത്യവിരുദ്ധമായി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. 2012-13 ബഡ്ജറ്റില്‍ പാലത്തിന്റെ നിര്‍മാണത്തിനായി തീരുമാനമെടുത്ത് ആദ്യം ഫണ്ട് അനുവദിച്ചത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണെന്നും ഉത്തരവ് സഹിതം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അബിന്‍ വര്‍ക്കിയുടെ വിമര്‍ശനം. അതുകൊണ്ട് ഇനിയെങ്കിലും ഈ നാടകം അവസാനിപ്പിച്ച് ഫോണ്‍ എടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും അബിന്‍ വര്‍ക്കി ആവശ്യപ്പെട്ടു. സത്യം നമ്മെ സ്വതന്ത്രരാക്കും, നുണ നമ്മെ വീട്ടിലിരുത്തുമെന്നും തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ അബിന്‍ വര്‍ക്കി പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം
സത്യം നമ്മെ സ്വതന്ത്രരാക്കും, നുണ നമ്മെ വീട്ടിലിരുത്തും..
കോഴഞ്ചേരി പുതിയ പാലം ഉദ്ഘാടനത്തിന് യാതൊരു വിധത്തിലുള്ള രാഷ്ട്രീയവും പാടില്ല എന്നായിരുന്നു എന്റെ വ്യക്തിപരമായ ആഗ്രഹം. അതുകൊണ്ടാണ് പാലം പണിയാന്‍ ആദ്യം ഫണ്ട് അനുവദിക്കപ്പെട്ട സമയത്തെ എം.എല്‍.എ ശിവദാസന്‍ നായര്‍ സാറിനെയും, പാലം പണി നടന്ന ഘട്ടത്തിലെ എംഎല്‍എയായ ശ്രീമതി വീണ ജോര്‍ജിനെയും പാലം ഉദ്ഘാടനത്തിന് ക്ഷണിക്കാനുള്ള തീരുമാനം. ആഞ്ഞിലമൂട്ടില്‍ കടവ് പാലത്തിന്റെ ഉത്ഘാടനം 2016ല്‍ അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാരും അന്നത്തെ എംഎല്‍എയും ചേര്‍ന്ന് നടത്തിയപ്പോള്‍, ആ പാലം പണി പൂര്‍ത്തീകരിച്ച സമയത്തെ എംഎല്‍എ ആയിരുന്ന ശിവദാസന്‍ നായര്‍ സാറിനെ ക്ഷണിക്കുന്നതിന്റെ കാര്യത്തിലോ കേരളത്തിലെ മെട്രോ ഉള്‍പ്പെടെയുള്ള മറ്റ് പ്രോജക്ട് ഉദ്ഘാടനങ്ങളുടെ കാര്യത്തിലോ ഇവര്‍ ആരും ഈ രാഷ്ട്രീയ മാന്യത കാണിച്ചിട്ടില്ല എന്നത് സാന്ദര്‍ഭികവശാല്‍ ഓര്‍മിപ്പിക്കട്ടെ.
പക്ഷേ ഇന്നലെ മുതല്‍ പാലം താന്‍ മാത്രമാണ്, തന്റേത് മാത്രമാണ് എന്ന് അവകാശപ്പെട്ട് ചിലര്‍ ഇറങ്ങിയിട്ടുണ്ട്. ഞാന്‍ നുണ പറയുകയാണ് എന്നായിരുന്നു അവരുടെ അവകാശവാദം.
ഞാന്‍ സത്യവിരുദ്ധമായി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. 2012-13 ബഡ്ജറ്റില്‍ ഉമ്മന്‍ചാണ്ടി സാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍, കെ.എം മാണി സാര്‍ ധനകാര്യ മന്ത്രിയായിരുന്നപ്പോള്‍ ബഹു. ശിവദാസന്‍ നായര്‍ സാറുടെ പ്രത്യേക ആവശ്യപ്രകാരം ആണ് ആദ്യമായി പാലത്തിനു 2 കോടി രൂപ ഫണ്ട് അനുവദിക്കുന്നത്. ആയതിന്റെ അഡ്മിനിസ്ട്രേറ്റീവ് സാങ്ഷനും ലഭിച്ചു.
ഡ്രോയിങ്ങിനും, അതിര്‍ത്തി നിര്‍ണയിക്കുന്നതിനും, മണ്ണ് പരിശോധനയ്ക്കും എല്ലാം ആയിട്ടാണ് ഈ ഫണ്ട് അനുവദിക്കപ്പെട്ടത്. ഇതിന് തുടര്‍ച്ചയായിട്ടാണ് കൂടുതല്‍ ഫണ്ടോട് കൂടി 2018 പാലം പണി ആരംഭിക്കാന്‍ സാധ്യമായത്. അതുകൊണ്ട് ഇനിയെങ്കിലും ഈ നാടകം അവസാനിപ്പിച്ച് ഫോണ്‍ എടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
https://www.facebook.com/Malayalivartha

























