ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇനി ആക്രമണം അനുവദിക്കില്ല! 7000-ത്തിലേറെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ; ഐക്യരാഷ്ട്രസഭയിൽ ശക്തമായ മുന്നറിയിപ്പുമായി ജിസിസി

ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും നേരെയുള്ള കടന്നുകയറ്റങ്ങൾ ഇനി അനുവദിക്കില്ല! ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ ശക്തമായ മുന്നറിയിപ്പുമായി ഗൾഫ് സഹകരണ കൗൺസിൽ. ഗൾഫ് മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടെയാണ് ജിസിസിയുടെ ഈ നിർണായക പ്രഖ്യാപനം.
ജിസിസി സെക്രട്ടറി ജനറൽ ജാസെം മുഹമ്മദ് അൽബുദൈവി ന്യൂയോർക്കിൽ സുരക്ഷാ കൗൺസിലിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. 2026 ഫെബ്രുവരി 28 മുതൽ ജിസിസി രാജ്യങ്ങൾക്ക് നേരെ 7,000-ത്തിലേറെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ജനവാസ മേഖലകൾക്കും വിമാനത്താവളങ്ങൾക്കും തുറമുഖങ്ങൾക്കും എണ്ണ-വാതക കേന്ദ്രങ്ങൾക്കും മറ്റ് സുപ്രധാന അടിസ്ഥാനസൗകര്യങ്ങൾക്കും നേരെ ആക്രമണമുണ്ടായെന്നും നിരവധി പേർ കൊല്ലപ്പെടുകയും പരുക്കേൽക്കുകയും ചെയ്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹോർമുസ് കടലിടുക്ക്, ബാബ് അൽ മന്ദബ്, ചെങ്കടൽ എന്നിവിടങ്ങളിലെ കപ്പൽ ഗതാഗതത്തിന് നേരെയുള്ള ഭീഷണിയും അദ്ദേഹം ഗൗരവത്തോടെ ഉന്നയിച്ചു. ഈ പാതകളിലെ തടസ്സം ആഗോള വ്യാപാരത്തെയും എണ്ണവിതരണത്തെയും ഗുരുതരമായി ബാധിക്കുമെന്നും മുന്നറിയിപ്പ് നൽകി. ആക്രമണങ്ങൾ അവസാനിപ്പിക്കാനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനും ഐക്യരാഷ്ട്രസഭ ഇടപെടണമെന്നും ആവശ്യപ്പെട്ടു.
അതേസമയം പലസ്തീന് സ്വതന്ത്ര രാഷ്ട്രം വേണമെന്ന നിലപാടും ജിസിസി ആവർത്തിച്ചു. കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967-ലെ അതിർത്തികൾ അടിസ്ഥാനമാക്കിയുള്ള പലസ്തീൻ രാഷ്ട്രമാണ് ലക്ഷ്യമെന്നും വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങളുടെ സുരക്ഷ കേവലം പ്രാദേശിക വിഷയമല്ല, ലോകത്തിന്റെ തന്നെ സുരക്ഷയുടെ ഭാഗമാണെന്ന ശക്തമായ സന്ദേശത്തോടെയാണ് അൽബുദൈവി നിലപാട് വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha
























