കോളജ് വിദ്യാർഥിനികളുടെ സര്‍ഗാത്മകതക്കും കഴിവുകള്‍ക്കും പുതിയ ദിശാബോധം നല്കാൻ കുടുംബശ്രീ കോളജുകളിലേക്ക്...

കോളജ് വിദ്യാർഥിനികളുടെ സര്‍ഗാത്മകതക്കും കഴിവുകള്‍ക്കും പുതിയ ദിശാബോധം നല്കാൻ കുടുംബശ്രീ കോളജുകളിലേക്ക്. വിദ്യാർഥിനികളുടെ സമഗ്ര വികാസവും ശാക്തീകരണവും ലക്ഷ്യമിട്ടാണ് കുടുംബശ്രീ പ്രവർത്തനം കോളജുകളിലേക്ക് വ്യാപിപ്പിക്കുന്നത്. വിദ്യാർഥിനികളുടെ സാമൂഹിക പങ്കാളിത്തം, നൈപുണി വികസനം, തൊഴിൽ പരിശീലനം, സംരംഭകത്വം തുടങ്ങി സർവതലസ്പർശിയായ പദ്ധതിയായാണ് ‘കുടുംബശ്രീ @ കാമ്പസ്’ പദ്ധതി വിഭാവനം ചെയ്തത്.
ആർട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍, പ്രൊഫഷനല്‍ കോളജുകള്‍ എന്നിവിടങ്ങളിലെ വിദ്യാർഥികള്‍ക്കാണ് അവസരമുള്ളത്. ഇതിനായി കോളജുകളില്‍ വിദ്യാർഥിനികളെ ഉള്‍പ്പെടുത്തി പ്രത്യേക കുടുംബശ്രീ ഗ്രൂപ്പുകള്‍ രൂപവത്കരിക്കുന്നതാണ്.
ഉന്നത വിദ്യാഭ്യാസ കാലത്തു തന്നെ ഭാവി ലക്ഷ്യമിട്ട് സാമ്പത്തിക സ്വാശ്രയത്വം നേടാനായി വിദ്യാർഥിനികള്‍ക്ക് അവസരമൊരുക്കുന്ന പദ്ധതിക്ക് നവംബര്‍ 19 മുതല്‍ സംസ്ഥാനത്ത് തുടക്കമാകും. വ്യാഴാഴ്ച രാവിലെ ആറിന് കോഴിക്കോട് ബീച്ചിൽ തദ്ദേശ മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്യും.
അതേസമയം ആശയ രൂപവത്കരണം, പ്രോജക്ടുകൾ തയാറാക്കൽ, ധനസഹായം, വിപണന പിന്തുണ തുടങ്ങി എല്ലാ തലത്തിലും കുടുംബശ്രീ പിന്തുണ നൽകും. രാജ്യത്തെ പ്രശസ്ത അക്കാദമിക്-പരിശീലന സ്ഥാപനങ്ങൾ, വിവിധ മേഖലകളിലെ പ്രതിഭകൾ എന്നിവരുടെ പരിശീലനവും മാർഗ നിർദേശങ്ങളും ലഭ്യമാക്കും. ക്രിയേറ്റിവ് ഫീല്‍ഡ്, ഉല്പാദന-സേവന മേഖലകള്‍, ഐ.ടി ആന്‍ഡ് ടെക്നോളജി, മറ്റു പ്രസക്ത മേഖലകൾ എന്നിവയിലാണ് വിദ്യാർഥിനികള്‍ക്ക് നൈപുണ്യ പരിശീലനത്തിനും പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനും അവസരമൊരുങ്ങുക.
കുടുംബശ്രീ @ കാമ്പസ് എന്ന പദ്ധതിയുടെ ഭാഗമായി കോളജ് വിദ്യാര്‍ഥിനികളെ കുടുംബശ്രീ അംഗങ്ങളായി ചേര്‍ത്ത് രൂപീകരിക്കുന്ന ഗ്രൂപ്പിന് ആകര്‍ഷകമായ പേരും ലോഗോയും ക്ഷണിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ കോളജുകളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായാണ് മത്സരം സംഘടിപ്പിച്ചത്.
"
https://www.facebook.com/Malayalivartha
























