കേരള പോലീസ് സംസ്ഥാനത്തൊട്ടാകെ നടത്തിയ പരിശോധനയായ 'മെഗാ കോമ്പിംഗ്-2'- വിൻ്റെ ഭാഗമായി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി; വാഹന പരിശോധനയുടെ ഭാഗമായി സംസ്ഥാനത്താകെ 34,180 വാഹനങ്ങൾ പരിശോധിച്ചു

കുറ്റകൃത്യങ്ങൾ തടയുന്നതിനും ലഹരിമരുന്ന് വ്യാപനവും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതിനുമായി കേരള പോലീസ് സംസ്ഥാനത്തൊട്ടാകെ നടത്തിയ പരിശോധനയായ 'മെഗാ കോമ്പിംഗ്-2'- വിൻ്റെ ഭാഗമായി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി. ക്രമസമാധാനവിഭാഗം എഡിജിപി പി. വിജയൻ്റെ നേതൃത്വത്തിൽ നവംബർ 21-ന് വൈകിട്ട് 4 മണി മുതൽ രാത്രി 10 വരെയും, നവംബർ 22-ന് പുലർച്ചെ 12 മുതൽ രാവിലെ 6 വരെയും രണ്ട് ഘട്ടങ്ങളിലായാണ് 20 പോലീസ് ജില്ലകളിലും പരിശോധന നടത്തിയത്.
വാഹന പരിശോധനയുടെ ഭാഗമായി സംസ്ഥാനത്താകെ 34,180 വാഹനങ്ങൾ പരിശോധിച്ചു. ഇതിൽ 2,780 ടൂറിസ്റ്റ് വാഹനങ്ങളും ഉൾപ്പെടുന്നു. വാഹന പരിശോധനയിൽ പാലക്കാട് (2,901), മലപ്പുറം (2,748) ജില്ലകളും, ടൂറിസ്റ്റ് വാഹന പരിശോധനയിൽ കാസർകോട് (367), ഇടുക്കി (356) ജില്ലകളുമാണ് മുന്നിൽ.
മദ്യപിച്ച് വാഹനമോടിച്ചതിന് 1,708 കേസുകൾ രജിസ്റ്റർ ചെയ്തു. പാലക്കാട് (203), പത്തനംതിട്ട (155) ജില്ലകളിലാണ് കൂടുതൽ കേസുകൾ. പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിംഗ് പരിശോധനയിൽ ആകെ 66 കേസുകൾ കണ്ടെത്തി. വ്യാജ നമ്പർ പ്ലേറ്റ് പരിശോധനയിൽ 5 കേസുകളും രജിസ്റ്റർ ചെയ്തു.
ലഹരിമരുന്ന് വിരുദ്ധ നടപടികളുടെ ഭാഗമായി 259 എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും 157 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പാലക്കാട് നടന്ന വാഹന പരിശോധനയിൽ 55.186 ഗ്രാം എംഡി എം എ യും, ആലപ്പുഴ നടന്ന വാഹപരിശോധനയ്ക്കിടെ 12.870 ഗ്രാം കഞ്ചാവും കണ്ടെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























