മന്ത്രിമാരുടെ സാധ്യതാ പട്ടികയായി; മുന്‍ മന്ത്രിമാര്‍ക്ക് വീണ്ടും അവസരം ലഭിച്ചേക്കും

മുഖ്യമന്ത്രിക്കയടക്കം 20 മന്ത്രിമാര്‍ അധികാര സ്ഥാനത്തേക്ക് എത്തുന്നു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് മുന്നണി മന്ത്രിസഭ ഒരാഴ്ചയ്ക്കകം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സി.പി.എമ്മില്‍ നിന്ന് ഇ.പി ജയരാജനും കെ.കെ ഷൈലജയും അടക്കമുള്ള നേതാക്കള്‍ മന്ത്രിമാരായേക്കും. വനിതാ പ്രാതിനിധ്യമെന്ന നിലയ്ക്കാണ് കെ.കെ ഷൈലജയെ പരിഗണിക്കുന്നത്. വി.എസ് മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന തോമസ് ഐസക്, എ.കെ ബാലന്‍, ജി. സുധാകരന്‍, എസ്. ശര്‍മ്മ, എന്നിവരും മന്ത്രിമാരായേക്കും.
സി.പി.ഐയില്‍ നിന്ന് സി. ദിവാകരന്‍, മുല്ലക്കര രത്‌നാകരന്‍, വി.എസ് സുനില്‍കുമാര്‍, ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ക്കാണ് സാധ്യത. അഞ്ചാം മന്ത്രിപദം ലഭിച്ചാല്‍ വനിതയ്ക്ക് അവസരം നല്‍കിയേക്കും. മറ്റ് പാര്‍ട്ടികളില്‍ എന്‍.സി.പിയില്‍ നിന്ന് തോമസ് ചാണ്ടി, എ.കെ ശശീന്ദ്രന്‍ എന്നിവരില്‍ ഒരാള്‍ക്കും ജനതാദളില്‍ നിന്ന് മാത്യു ടി. തോമസ്, കെ. കൃഷ്ണന്‍കുട്ടി എന്നിവരില്‍ ഒരാള്‍ക്കും മന്ത്രിസ്ഥാനം ലഭിക്കും. ഒറ്റ എം.എല്‍.എമാരുള്ള പാര്‍ട്ടികളില്‍ കേരള കോണ്‍ഗ്രസ് ബി, ആര്‍.എസ്.പി ലെനിനിസ്റ്റ് എന്നീ പാര്‍ട്ടികളും മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കും.
മന്ത്രിസഭയില്‍ കണ്ണൂര്‍ ജില്ലയുടെ പ്രാതിനിധ്യം കൂടിയെന്ന ആരോപണം ഉയര്‍ന്നാല്‍ കെ.കെ ഷൈലജയെ ഒഴിവാക്കി വനിതാ പ്രതിനിധിയായി കൊല്ലത്ത് നിന്നുള്ള ജെ. മേഴ്‌സിക്കുട്ടിയമ്മയ്‌ക്കോ ആയിഷാ പോറ്റിക്കോ അവസരം ലഭിച്ചേക്കും. കോട്ടയം ജില്ലയുടെയും മധ്യതിരുവിതാംകൂറിന്റെയും പ്രതിനിധിയായി ഏറ്റുമാനൂര്‍ എം.എല്‍.എ കെ. സുരേഷ് കുറുപ്പിനെയാണ് പരിഗണിക്കുന്നത്. കുറുപ്പിന് വിദ്യാഭ്യസ മന്ത്രി സ്ഥാനമോ സ്പീക്കര്‍ പദവിയോ ലഭിച്ചേക്കും. തിരുവനന്തപുരം ജില്ലയില്‍ നിന്ന് കടകംപള്ളി സുരേന്ദ്രന്‍, തൃശൂരില്‍ നിന്ന് എ.സി മൊയ്തീന്‍, വയനാട്ടില്‍ നിന്ന് സി.കെ ശശീന്ദ്രന്‍ എന്നിവരും പരിഗണനാ പട്ടികയിലുണ്ട്.
കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദനല്ല മറിച്ച് കോടിയേരിയായിരുന്നു ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്നതെങ്കില്‍ ഇത്തവണ ആഭ്യന്തരം പിണറായി തന്നെ കൈകാര്യം ചെയ്യാനാണ് തീരുമാനം. ഇതിനു പുറമെ സുപ്രധാനമായ മറ്റ് ചില വകുപ്പുകളും മുഖ്യമന്ത്രി തന്നെ കൈവശം വയ്ക്കും.
ചീഫ് സെക്രട്ടറി, ഡി.ജി.പി തസ്തികകളില്‍ പെട്ടെന്ന് ഒരു മാറ്റം ഉണ്ടാവാന്‍ സാധ്യത കുറവാണെങ്കിലും വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ശങ്കര്‍ റെഡ്ഡിയെ ഉടനെ തന്നെ മാറ്റുമെന്നാണ് അറിയുന്നത്.
ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയെ തുടരാന്‍ അനുവദിച്ചേക്കും. ഐ.എ.എസ് – ഐ.പി.എസ് ഉദ്യോഗസ്ഥരുടെ വന്‍ അഴിച്ച് പണിക്കും ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ കളമൊരുങ്ങും.
ഇതില്‍ ജില്ലാ കളക്ടര്‍മാര്‍ അടക്കമുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ റവന്യു മന്ത്രിയുടെയും സി.പി.ഐയുടെയും നിലപാട് നിര്‍ണ്ണായകമാവും. മുന്‍ കാലങ്ങളിലെന്നപോലെ ഇത്തവണയും റവന്യു വകുപ്പ് സി.പി.ഐക്ക് ആയിരിക്കും.ഞായറാഴ്ച നടക്കുന്ന ഇടതുമുന്നണിസിപിഎം നേതൃയോഗങ്ങളില്‍ മന്ത്രിമാരെ സംബന്ധിച്ചും വകുപ്പുകളെ സംബന്ധിച്ചും അന്തിമ തീരുമാനമെടുക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha