പദവി, ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍; വിഎസ് സമ്മതിച്ചു

വി.എസ്.അച്യുതാനന്ദനെ കാബിനറ്റ് റാങ്കുള്ള അധ്യക്ഷനാക്കി സംസ്ഥാനത്ത് ഭരണപരിഷ്‌കാര കമ്മിഷന്‍ (എആര്‍സി) രൂപീകരിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായി. മുന്‍മുഖ്യമന്ത്രിമാരായ ഇഎംഎസ് നമ്പൂതിരിപ്പാട്, ഇ.കെ.നായനാര്‍, മുന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി എം.കെ.വെള്ളോടി എന്നിവര്‍ വഹിച്ചിട്ടുള്ള സ്ഥാനത്തോടു തനിക്കു താല്‍പര്യക്കുറവില്ലെന്ന് വിഎസ് വ്യക്തമാക്കിയതായാണു സൂചന.
ഇന്നു ചേരുന്ന മന്ത്രിസഭായോഗം ഇതു ചര്‍ച്ച ചെയ്യും. പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുന്ന സാഹചര്യത്തില്‍ വിഎസിന് കാബിനറ്റ് റാങ്കുള്ള പദവി നല്‍കണമെന്ന് നേരത്തേ പാര്‍ട്ടി ധാരണയിലെത്തിയിരുന്നു. മുഖ്യമന്ത്രിയോടു നേരിട്ടു റിപ്പോര്‍ട്ട് ചെയ്യേണ്ടാത്തതും ഭരണകാര്യങ്ങളില്‍ ദിവസേനയെന്നോണം ഇടപെടലില്ലാത്തതുമായ പദവിയാവും ഉചിതമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. എആര്‍സി രൂപീകരിക്കാമെന്നും വിഎസിനെ അതിന്റെ തലവനാക്കാമെന്നും ദേശീയ നേതൃത്വംതന്നെയാണു നിര്‍ദേശിച്ചത്.
വിഎസിന് അദ്ദേഹത്തിന്റെ ഔന്നത്യം അംഗീകരിച്ചുള്ള പദവി നല്‍കുമെന്നും ഉടനെ അതിനു നടപടിയുണ്ടാകുമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി നേരത്തേ വ്യക്തമാക്കിയിരുന്നു. എആര്‍സി അധ്യക്ഷന്‍ എന്നത് ലാഭകരമായ പദവിയാണോയെന്നതു പരിശോധിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ലാഭകരമായ പദവിയില്‍പ്പെടുന്നതാണെങ്കില്‍ അത് വിഎസിന്റെ എംഎല്‍എ സ്ഥാനത്തിന് അയോഗ്യതയുണ്ടാക്കും. ഈ പ്രശ്‌നം ഒഴിവാക്കാന്‍ ആവശ്യമെങ്കില്‍ നിയമഭേദഗതി കൊണ്ടുവരും.
വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തശേഷം മന്ത്രിസഭ പരിഗണിക്കും. തുടര്‍ന്ന്, എആര്‍സി രൂപീകരണം സംബന്ധിച്ച ഉത്തരവിറക്കാമെന്നാണ് ഇപ്പോഴത്തെ ധാരണ. ഇതനുസരിച്ചു കാര്യങ്ങള്‍ നീങ്ങുകയാണെങ്കില്‍ സംസ്ഥാനത്ത് ഭരണപരിഷ്‌കരണങ്ങള്‍ നിര്‍ദേശിക്കാന്‍ നിലവില്‍ വരുന്ന നാലാമത്തെ സമിതിയാവുമിത്. നേരത്തേ ഇഎംഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹംതന്നെ അധ്യക്ഷനായി 1957 സെപ്റ്റംബറില്‍ സമിതി രൂപീകരിച്ചു. പഞ്ചായത്തുകള്‍ക്കു കൂടുതല്‍ അധികാരം നല്‍കണമെന്നതുള്‍പ്പെടെയുള്ള ശുപാര്‍ശകളാണ് ഈ സമിതി നല്‍കിയത്.
സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലായിരുന്നപ്പോള്‍ 1965 സെപ്റ്റംബറിലാണ് എം.കെ.വെള്ളോടി അധ്യക്ഷനായി രണ്ടാം എആര്‍സി രൂപീകരിച്ചത്. സര്‍ക്കാരിന്റെ ചെലവു ചുരുക്കല്‍, തസ്തികകള്‍ വെട്ടിക്കുറയ്ക്കല്‍, ഉദ്യോഗസ്ഥരുടെ ചുമതലകള്‍ക്കു വ്യക്തമായ നിര്‍വചനം തുടങ്ങിയവയ്ക്കുള്ള സമഗ്ര നിര്‍ദേശങ്ങളാണ് 1967 ജനുവരി 31-നു നല്‍കിയ റിപ്പോര്‍ട്ടില്‍ വെള്ളോടി സമിതി നിര്‍ദേശിച്ചത്. 1997-ലാണ് അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ അധ്യക്ഷനായി മൂന്നാം എആര്‍സി രൂപീകരിച്ചത്. ഗസറ്റഡ് ഓഫിസര്‍മാര്‍ സ്വയം ശമ്പള ബില്‍ എഴുതുന്ന രീതി അവസാനിപ്പിക്കണമെന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് ഈ സമിതി നല്‍കിയത്.
വിഎസിനെ അധ്യക്ഷനാക്കി സംസ്ഥാന ഉപദേശക സമിതി രൂപീകരിക്കാമെന്നാണ് പാര്‍ട്ടി നേതൃത്വം ആദ്യം ആലോചിച്ചത്. എന്നാല്‍, ഇത് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ദിനംപ്രതിയെന്നോണം ഇടപെടലിനു വഴിവയ്ക്കുമെന്ന് വിലയിരുത്തലുണ്ടായി. തുടര്‍ന്നാണ് വിഎസിന്റെ ഔന്നത്യവും പ്രവര്‍ത്തന രീതിയും കണക്കിലെടുത്തുള്ള ഏതു പദവിയെന്ന ആലോചനയുണ്ടായത്. വിഎസിനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ തിരികെ പ്രവേശിപ്പിക്കാനെന്നോണം പിബി കമ്മിഷന്റെ പ്രവര്‍ത്തനം കഴിവതും വേഗം അവസാനിപ്പിക്കാനാണു നേതൃത്വം താല്‍പര്യപ്പെടുന്നത്.
എന്നാല്‍, വിഎസിനെതിരെ സംസ്ഥാന സമിതിയും സമിതിക്കെതിരെ വിഎസും നല്‍കിയിട്ടുള്ള പരാതികള്‍ പരിശോധിച്ചു നിലപാടു വ്യക്തമാക്കിവേണം കമ്മിഷന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാനെന്നാണ് ഇപ്പോഴത്തെ ധാരണ. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ദീര്‍ഘകാലം എംഎല്‍എ തുടങ്ങിയ സ്ഥാനങ്ങളിലുണ്ടായിരുന്നു എന്നതിനു പുറമേ, ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ സദാ ഇടപെടുന്ന നേതാവാണ് എന്നതിനാല്‍ ഭരണപരിഷ്‌കാരങ്ങളുടെ കാര്യത്തില്‍ വിഎസിന് കാര്യമായ സംഭാവനകള്‍ നല്‍കാനാകുമെന്നാണു വിലയിരുത്തലെന്നു നേതാക്കള്‍ സൂചിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























