കീറക്കടലാസില്‍ പദവി ചോദിച്ചെന്നുള്ള കുറിപ്പ് കൈമാറിയിട്ടില്ലെന്ന് വി.എസ്, കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് യെച്ചൂരി

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കുറിപ്പ് എഴുതി നല്‍കിയെന്ന മാധ്യമവാര്‍ത്ത നിഷേധിച്ച് വി.എസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്. തനിക്ക് ഏതെങ്കിലും പദവി ആവശ്യമുണ്ടെങ്കില്‍ പുതിയ ഒരു സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്നതിനിടയില്‍ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് എന്തെങ്കിലും കുറിപ്പ് നല്‍കേണ്ടതില്ല. അതിനുമുമ്പുള്ള ദിവസങ്ങളിലും ഞാനും യെച്ചൂരിയും മാത്രമായും അല്ലാതെയും പലതവണ കൂടിക്കാഴ്ച നടത്തിയിരുന്നു. അപ്പോഴൊന്നും നല്‍കാതെ എല്.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വച്ച് ഒരു കുറിപ്പിലൂടെ തനിക്കു വേണ്ട സ്ഥാനമാനങ്ങള്‍ ആവശ്യപ്പെടേണ്ട കാര്യം തനിക്കില്ലെന്നുമാണ് വി.എസിന്റെ മറുപടി കുറിപ്പില്‍ പറഞ്ഞത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ കീറക്കടലാസില്‍ പദവി ചോദിച്ചെന്നുള്ള വിചിത്ര ഭാവന മാധ്യമങ്ങളുടെ ഉളുപ്പില്ലയ്മ ആണെന്നും ഇതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലെന്നും വി എസ് പറഞ്ഞു.
തനിക്കെതിരെ കള്ളം പ്രചരിപ്പിക്കാന്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുണ്ടെന്ന് അവകാശപ്പെടുന്ന പത്രം നടത്തിവരുന്ന ശ്രമങ്ങള്‍ മാധ്യമഗവേഷകര്‍ ഭാവിയില്‍ പഠന വിഷയമാക്കുമെന്ന് ഉറപ്പാണ്. തനിക്കു സ്ഥാനമാനങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ ഊരുംപേരുമൊന്നുമെഴുതാതെ ഒരു വെള്ളക്കടലാസില്‍ ആരെയോ കൊണ്ട് എഴുതിച്ചു കൊടുക്കേണ്ട കാര്യമില്ല. ഔപചാരിക വിദ്യാഭ്യാസം കാര്യമായിട്ടില്ലെങ്കിലും മലയാളത്തിലും അത്യാവശ്യം ഇംഗ്ലീഷിലും എഴുതാനും വായിക്കാനും ഇപ്പോഴും കഴിവുണ്ട് ഇപ്പോഴത്തെ ഏത് നേതാക്കളോടും എന്തുകാര്യവും നേരിട്ടുപറയാനും എന്തെങ്കിലും എഴുതിക്കൊടുക്കേണ്ടി വന്നാല്‍ അതിനും എനിക്ക് സ്വാതന്ത്ര്യം ഇപ്പോഴും തനിക്കുണ്ട്.
കഴിഞ്ഞ ഏഴര പതിറ്റാണ്ടോളം നീണ്ട പൊതുപ്രവര്‍ത്തനത്തിനിടയില്‍ ഒരു ഘട്ടത്തിലും സ്ഥാനമാനങ്ങളുടെ പിന്നാലെ പോയിട്ടില്ലെന്ന് എനിക്ക് ചങ്കൂറ്റത്തോടെ പറയാന്‍ കഴിയും. എന്റെ പൊതുപ്രവര്‍ത്തനത്തിനിടയില്‍ ചില സ്ഥാനമാനങ്ങള്‍ പ്രസ്ഥാനം തന്നിട്ടുണ്ട്. അത് അഭിമാനത്തോടെ സ്വീകരിച്ചിട്ടുമുണ്ട്. എന്തെങ്കിലും സ്ഥാനമാനങ്ങള്‍ കിട്ടുമെന്ന് കരുതിയല്ല ഞാന്‍ പൊതുപ്രവര്‍ത്തനത്തിനിറങ്ങിയത്. അതുകൊണ്ടുതന്നെ ഇനിയും ജനങ്ങളോടൊപ്പം അവരിലൊരാളായി ഞാന്‍ ഉണ്ടാകും എന്നതായിരുന്നു വി എസിന്റെ പോസ്റ്റ്.
വി.എസ് കുറിപ്പ് കൊടുത്തത് വിവാദമായതിനു ശേഷം ആദ്യം പ്രതികരിച്ചത് യെച്ചൂരി ആയിരുന്നു. പദവി ആവശ്യപ്പെട്ടുള്ള കുറിപ്പാണ് വി.എസ്. നല്‍കിയതെന്നും ഇത് പോളിറ്റ് ബ്യൂറോ ചര്‍ച്ചചെയ്യുമെന്നുമായിരുന്നു യെച്ചൂരിയുടെ പ്രതികരണം. കുറിപ്പ് കൈമാറിയിട്ടില്ലെന്ന് വി.എസ്. വ്യക്തമാക്കിയാതോടെ സംഭവിച്ചത് സംഭവിച്ചു ഇതില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് പറഞ്ഞ് മാധ്യമങ്ങളില്‍ നിന്നും യെച്ചൂരി ഒഴിഞ്ഞു മാറുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























