അതിരപ്പിള്ളിക്ക് സാമ്പത്തികം തടസമാകും

അതിരപ്പിള്ളിയില്‍ പുതിയ ഡാം നിര്‍മിക്കണമെന്ന വാദം വീണ്ടും ഉയര്‍ന്നെങ്കിലും സംസ്ഥാനത്തിന്റെ ഇന്നത്തെ സാമ്പത്തികസാഹചര്യത്തില്‍ അത് എളുപ്പമാകില്ല. പദ്ധതിക്ക് ലഭിച്ച പാരിസ്ഥിതികാനുമതി കേന്ദ്രം 2010ല്‍ റദ്ദാക്കി. ഇപ്പോഴത്തെ നിലക്ക് പദ്ധതി നടപ്പാക്കണമെങ്കില്‍ 1700 കോടി രൂപയെങ്കിലും വേണ്ടിവരും. 2008 ല്‍ കാലഹരണപ്പെട്ട സാങ്കേതിക അനുമതി പുതുക്കുമ്പോള്‍ സാമ്പത്തിക ബാധ്യത കൂടും. 1700 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമ്പോള്‍ ഓരോ യൂണിറ്റ് വൈദ്യുതിക്കും 10 രൂപയിലധികം ഉപയോക്താക്കള്‍ നല്‍കേണ്ടിവരും. 2002 ല്‍ പദ്ധതിക്ക് ടെക്‌നിക്കല്‍ ഇക്കണോമിക് ക്ലിയറന്‍സ് ലഭിച്ചെങ്കിലും 2005 ല്‍ കാലഹരണപ്പെട്ടു. ഓരോ മൂന്നു വര്‍ഷം കൂടുമ്പോഴും പുതുക്കുന്നതിന്റെ ഭാഗമായി 2008 മാര്‍ച്ച് 31 വരെ ക്ലിയറന്‍സ് നീട്ടി നല്‍കിയിരുന്നു.
മറ്റൊരു പ്രധാന കടമ്പ ജനകീയാനുമതിയാണ്. പദ്ധതി പ്രദേശം വനാവകാശനിയമപ്രകാരം ആദിവാസികളായ തദ്ദേശീയരുടെ അവകാശമേഖലയാണ്. പദ്ധതി ആവിഷ്‌കരിക്കുമ്പോള്‍ ഈ നിയമം ഉണ്ടായിരുന്നില്ല. വനാവകാശ നിയമമനുസരിച്ച് അവകാശമേഖലയായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശത്ത് പദ്ധതി തുടങ്ങണമെങ്കില്‍ തദ്ദേശീയരുടെ അനുമതി വേണം. എന്നാല്‍ വാഴച്ചാല്‍ അടക്കമുള്ള പ്രദേശത്തെ ആദിവാസികള്‍ പദ്ധതിക്ക് എതിരാണ്. അവരുടെ സമ്മതം ലഭിക്കുകയുമില്ല. പിണറായി സര്‍ക്കാറിനെ കാത്തിരിക്കുന്ന പ്രധാനവെല്ലുവിളിയാണ് ഇത്. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ പരിസ്ഥിതി സംഘടനകളും സര്‍ക്കാരിതര സംഘടനകളും മറ്റും ഉയര്‍ത്തിയ അഞ്ച് പരാതികളില്‍ നാലെണ്ണവും കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ വിലയിരുത്തല്‍ സമിതി (ഇ.എ.സി) നേരത്തെ തള്ളിയിട്ടുണ്ട്.
പദ്ധതിക്ക് വേണ്ടി കാര്യമായ രീതിയില്‍ കുടിയൊഴിപ്പിക്കേണ്ടി വരില്ലെന്നതാണ് യഥാര്‍ത്ഥ വസ്തുത. പദ്ധതിപ്രദേശത്തിനു സമീപം വാഴച്ചാലിലും പൊകലപ്പാറയിലുമാണ് ആദിവാസികളുള്ളത്. പദ്ധതിപ്രദേശത്ത് മനുഷ്യവാസമില്ല. അതുകൊണ്ട് ആരെയും കുടിയൊഴിപ്പിക്കേണ്ടി വരില്ല. മാത്രമല്ല, പൊകലപ്പാറയിലെ ആദിവാസികള്‍ക്കായി വിപുലമായ ക്ഷേമപാക്കേജ് തയ്യാറാക്കിയിട്ടുണ്ട്. ഷോളയാറിലെയും പെരിങ്ങല്‍ക്കുത്തിലെയും വെള്ളമാണ് ചാലക്കുടി പുഴയിലൂടെ വരുന്നത്. ഈ രണ്ട് അണക്കെട്ട് ഉള്ളതു കൊണ്ടാണ് വേനല്‍ക്കാലത്തും അതിരപ്പിള്ളിയിലും വാഴച്ചാലിലും വെള്ളമുള്ളത്. അതിരപ്പിള്ളി അണക്കെട്ട് വന്നാലും ഇപ്പോള്‍ പെരിങ്ങല്‍ക്കുത്തില്‍നിന്ന് പുറത്തുവിടുന്ന അതേ അളവില്‍ വേനല്‍ക്കാലത്ത് വെള്ളം പുറത്തുവിടും. പദ്ധതി വന്നാലും പെരിങ്ങല്‍ക്കുത്തില്‍നിന്ന് ഇപ്പോള്‍ ലഭിക്കുന്ന അളവില്‍ തുടര്‍ന്നും വെള്ളം ലഭിക്കുമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ വിശദീകരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























