തിരുവനന്തപുരം പ്രസ് ക്ലബിലെ മദ്യശാല ഋഷിരാജ് സിങ് പൂട്ടിച്ചു

തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ കാല്‍ നൂറ്റാണ്ടിലേറെയായി അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന മദ്യശാല എക്‌സൈസ് അധികൃതര്‍ ഇടപെട്ട് പൂട്ടിച്ചു. സങ്കേതം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബാര്‍ പൂട്ടിച്ചത് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിംഗ് മുന്‍കൈയെടുത്താണ്. ലൈസന്‍സ് ഇല്ലാതെ ക്‌ളബ്ബുകളില്‍ മദ്യ വില്‍പനയോ മദ്യപാനമോ അനുവദിക്കില്ലെന്ന് എക്‌സൈസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം ഉദ്യാഗസ്ഥര്‍ പ്രസ്സ് ക്ലബ് ഭാരവാഹികളെ അറിയിച്ചിരുന്നു. സര്‍ക്കാരിലേക്കും ഈ വിവരം റിപ്പോര്‍ട്ട് ചെയ്തു.
യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തു ബാറുകള്‍ കൂട്ടത്തോടെ പൂട്ടിയപ്പോഴും സെക്രട്ടറിയേറ്റിന്റെ മൂക്കിനു താഴെ അനധികൃത ബാര്‍ പ്രവര്‍ത്തിക്കുന്ന കാര്യം മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നു കുറച്ചു നാള്‍ ബാര്‍ അടച്ചെങ്കിലും പിന്നീട് തുറന്നു പ്രവര്‍ത്തിച്ചു വരികയായിരുന്നു. രണ്ടു വര്‍ഷം മുന്‍പ് സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകളോട് കിടപിടിക്കുന്ന രീതിയില്‍ പ്രസ് ക്ലബ് കെട്ടിടത്തിന്റെ ഭൂഗര്‍ഭ അറയില്‍ പ്രവര്‍ത്തിക്കുന്ന ഈ ബാര്‍പുതുക്കി പണിതിരുന്നു.
എല്‍ ഡി എഫ് സര്‍ക്കാര്‍ വന്ന ശേഷം എക്‌സൈസ് കമ്മീഷണറായി ചാര്‍ജെടുത്ത ഋഷിരാജ്‌സിംഗ് പ്രസ്സ് ക്ലബ്ബിനു സമീപത്തെ രണ്ടു ക്‌ളബ്ബുകളില്‍ പരിശോധന നടത്തിയിട്ടും പ്രസ്സ് ക്ലബ് ബാറിനെ വിട്ടു കളഞ്ഞതു വലിയ വിമര്‍ശത്തിന് ഇടയാക്കി. ഇതേക്കുറിച്ചു ഏഷ്യാനെറ്റ് ചാനല്‍ അവതാരകന്‍ വിനു വി ജോണ്‍ ട്വിറ്ററില്‍ എഴുതിയതാണ് ബാര്‍ അടച്ചു പൂട്ടലിലേക്ക് നയിച്ചത്. ഷെയിം ഓണ്‍ യു സിങ്കം , നിങ്ങള്‍ വിചാരിച്ചാലും പത്രക്കാരുടെ അനധികൃത മദ്യ വില്‍പന നിര്‍ത്താന്‍ കഴിയില്ല എന്നായിരുന്നു വിനുവിന്റെ ട്വീറ്റ്.
ഇതിനെ അനുകൂലിച്ചും എതിര്‍ത്തും മാധ്യമ പ്രവര്‍ത്തകര്‍ രംഗത്തു വന്നു. ഈ സാഹചര്യത്തിലാണ് എക്‌സൈസ് കേസ് വരുമെന്ന മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയത്. ബാര്‍ ലൈസന്‍സ് ഇല്ലാതെയാണ് മദ്യപാനമെങ്കില്‍ നിയമപരമായ നടപടി എടുക്കാം എന്നാണ് സര്‍ക്കാരില്‍ നിന്നു നിര്‍ദേശം ലഭിച്ചത്.
ബാറിന്റെ പ്രവര്‍ത്തിസമയം ഉച്ചക്ക് രണ്ടു മണിക്കൂറും രാത്രി മൂന്നു മണിക്കൂറുമായി അടുത്തിടെ പരിമിതപ്പെടുത്തിയിരുന്നു. യാതൊരു സമയ ക്രമവും ബാധകമല്ലാതെ മുന്‍ കാലങ്ങളില്‍ പാതിരാത്രി കഴിഞ്ഞും പ്രവര്‍ത്തിച്ചിരുന്ന സങ്കേതം തലസ്ഥാനത്തു നിരവധി പത്രപ്രവര്‍ത്തകരെ മുഴുക്കുടിയന്മാരും രോഗികളുമാക്കി മാറ്റി. മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന ജോലി ആയതിനാല്‍ ജോലി കഴിഞ്ഞു നേരെ ബാറില്‍ എന്നതു ചിലര്‍ ശീലമാക്കി. കുറഞ്ഞ ചെലവില്‍ മദ്യപിക്കാം എന്നതും വരുമാനം കുറഞ്ഞ മാധ്യമ പ്രവര്‍ത്തകര്‍ അനുഗ്രഹമായി കണ്ടു. പുതുതലമുറയിലെ ജേര്‍ണലിസ്റ്റുകള്‍ അവിടേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെട്ടു.
എല്ലാ അനീതികളെയും ചോദ്യം ചെയ്യുന്ന മാധ്യമ സമൂഹം പച്ചയായ ഈ നിയമലംഘനം ഭരണഘടനാപരമായ അവകാശം പോലെയാണ് കണ്ടിരുന്നത്. അതിനെ ചോദ്യം ചെയ്യുന്നവരെ കൂട്ടത്തോടെ കടന്നാക്രമിച്ചു. പ്രസ്സ് ക്ലബ്ബ് ബാറിനെതിരെ മുന്‍പ് എക്‌സൈസ് കമ്മീഷണര്‍ക്ക് പരാതി കൊടുത്ത ചാനല്‍ ലേഖികയെ സമ്മര്‍ദം ചെലുത്തി പരാതി പിന്‍വലിപ്പിച്ചു. സര്‍ക്കാരുകള്‍ മാറി മാറി വന്നിട്ടും ആരും തൊടാന്‍ മടിക്കാതിരുന്ന സ്ഥാപനമാണ് അടച്ചു പൂട്ടാന്‍ നിര്‍ബന്ധിതമായത്. മദ്യവര്‍ജനം എന്ന എല്‍ ഡി എഫ് സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് അനധികൃത ബാറുകള്‍ അടപ്പിക്കുന്നതെന്നാണ് ഇതേപ്പറ്റി സര്‍ക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ വിശദീകരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























