ജിഷ വധക്കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറാകാന്‍ അഭിഭാഷകര്‍ക്ക് മടി

പെരുമ്പാവൂര്‍ ജിഷ വധക്കേസിന്റെ സ്‌പെഷല്‍ പ്രോസിക്യൂട്ടറാകാന്‍ പ്രമുഖ അഭിഭാഷകരില്‍ പലര്‍ക്കും വൈമുഖ്യം. കേരളാ പൊലീസിന്റെ അഭിമാന കേസായി മാറിയ ജിഷ കേസില്‍ തെളിവു സഹിതം പ്രതിയെ അറസ്റ്റ് ചെയ്‌തെങ്കിലും കുറ്റപത്രം വായിച്ച ശേഷം സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പദവി ഏറ്റെടുക്കാമെന്ന നിലപാടാണു മുതിര്‍ന്ന അഭിഭാഷകരില്‍ പലരും സ്വീകരിച്ചത്.
കേസന്വേഷണത്തിന്റെ പൂര്‍ണ വിവരങ്ങള്‍ പൊലീസ് പുറത്തു വിടാത്ത സാഹചര്യം പൊതുജനങ്ങളിലുണ്ടാക്കിയ അവിശ്വാസവും അഭിഭാഷകരുടെ നിലപാടിനു കാരണമായിട്ടുണ്ട്. കൊലനടത്തിയത് അമീര്‍ ഒറ്റയ്ക്കാണെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ജിഷയുടെ വട്ടോളിപ്പടിയിലെ വീട്ടില്‍ കണ്ടെത്തിയ മറ്റൊരു വിരലടയാളം സംബന്ധിച്ച ആശയക്കുഴപ്പം നിലനില്‍ക്കുന്നു. ഈ വിരലടയാളം ആരുടേതാണെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിയാത്തിടത്തോളം പ്രതിക്കെതിരായ കുറ്റം സംശയാതീതമായി സ്ഥാപിക്കാന്‍ സാധിക്കില്ലത്രേ.
കസ്റ്റഡിയില്‍ പ്രതികള്‍ നല്‍കുന്ന കുറ്റസമ്മത മൊഴികള്‍ വിചാരണവേളയില്‍ തള്ളിപ്പറയുകയാണു പതിവ്. ജിഷയെ കൊലപ്പെടുത്തുമ്പോള്‍ പ്രതി ധരിച്ചിരുന്ന മഞ്ഞ വസ്ത്രവും കണ്ടെത്തിയിട്ടില്ല. സംഭവ ദിവസം പ്രതിയെ കണ്ട സാക്ഷികളെല്ലാം പറഞ്ഞ മൊഴികളില്‍ മഞ്ഞ ഷര്‍ട്ടിന്റെ കാര്യം പ്രത്യേകം പറയുന്നുമുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്യും മുന്‍പു തന്നെ ആയുധം പൊലീസ് കണ്ടെത്തിയെങ്കിലും പ്രതി നേരിട്ടു കാണിച്ചു കൊടുത്ത് ആയുധം കണ്ടെത്തുമ്പോള്‍ ലഭിക്കുന്ന നിയമസാധുത അതിനില്ല.
പ്രതിയുടെ രണ്ടു സുഹൃത്തുക്കള്‍ക്കു കൊലപാതകത്തില്‍ പങ്കുണ്ടോയെന്നും അന്വേഷിക്കേണ്ടതുണ്ട്. അനറുല്‍ ഇസ്‌ലാം, ഹര്‍ഷദ് ബറുവ എന്നിവരാണു സംഭവ ശേഷം പെരുമ്പാവൂരില്‍ നിന്നു മുങ്ങിയത്. കേസിലെ ഇത്തരത്തിലുള്ള പഴുതുകള്‍ അടച്ചു കുറ്റപത്രം തയാറാക്കാന്‍ പൊലീസിനു കഴിയുമോയെന്ന സംശയമാണു പ്രോസിക്യൂഷന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അഭിഭാഷകരെ വിമുഖരാക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























