എസ്.എന്‍.സി ലാവ്ലിന്‍ കേസ് പരിഗണിക്കുന്നത് കോടതി ഒരു മാസത്തേക്ക് മാറ്റിവച്ചു

എസ്.എന്‍.സി ലാവ്ലിന്‍ കേസില്‍ ഹാജരാകുന്നതില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെ അസൗകര്യം പരിഗണിച്ച് സാവകാശം അനുവദിക്കണമെന്ന് രാവിലെ സി.ബി.ഐ ഓഫീസര്‍മാര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നേരിട്ട് ഹാജരായി വിസ്താരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നു, അതിനാല്‍ കേസ് പഠിക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന സി.ബി.ഐയുടെ ആവശ്യം പരിഗണിച്ചാണ് കോടതി കേസ് പരിഗണിക്കുന്നത് ഒരു മാസത്തേക്ക് മാറ്റിവച്ചത്.
2013 നവംബര്‍ അഞ്ചിനായിരുന്നു പിണറായി വിജയന്‍ അടക്കമുള്ളവരെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കി കൊണ്ട് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി വിധി പുറപ്പെടുവിച്ചത്. ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ വിചാരണ കോടതി നടപടി ചോദ്യം ചെയ്താണ് സി.ബി.ഐയും മറ്റു ചില കക്ഷികളും കോടതിയെ സമീപിച്ചത്. പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും കോടതി അത് പരിഗണിച്ചില്ലെന്ന് സി.ബി.ഐ ചൂണ്ടിക്കാട്ടുന്നു. സി.ബി.ഐയെ കൂടാതെ ടി.പി നന്ദകുമാര്‍, വി.എസ് അച്യൂതാനന്ദന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി കെ.എം ഷാജഹാന്‍ എന്നിവരും റിവിഷന്‍ ഹര്‍ജി സമര്‍പ്പിച്ചിച്ചിരുന്നു.
പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം ജലവൈദ്യുത പദ്ധതികളുടെ നവീകരണ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവ്ലിനു നല്‍കിയതിലെ അഴിമതി സംബന്ധിച്ച കേസില്‍ അന്ന് വൈദ്യുത മന്ത്രിയായിരുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായിരുന്നു. ഈ കേസില്‍ പിണറായി ഉള്‍പ്പെടെയുള്ളവരെ തിരുവനന്തപുരം സി.ബി.ഐ കോടതി കുറ്റവിമുക്തരാക്കിയ നടപടി നിയമപരമല്ലെന്നാണ് സി.ബി.ഐയുടെ ആരോപണം.സി.ബി.ഐ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ റിവിഷന്‍ ഹര്‍ജികള്‍ വേഗം പരിഗണിച്ചു തീര്‍പ്പാക്കണമെന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി. അസഫ് അലി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതനുസരിച്ച് ഹര്‍ജി പരിഗണിച്ച സിംഗിള്‍ബെഞ്ച് സി.ബി.ഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയൊഴികെയുള്ളവ തള്ളിയിരുന്നു.
https://www.facebook.com/Malayalivartha