വിജിലന്‍സ് റെയ്ഡില്‍ അനധികൃത സ്വത്ത് സമ്പാദ്യം കണ്ടെത്തിയ ഡി.വൈ.എസ്.പി ബിജോ അലക്‌സാണ്ടറെക്കുറിച്ച് നടനും നിര്‍മ്മാതാവുമായ അംജിത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍!

തനിക്കും നടി സോനാ മരിയക്കുമെതിരെ കള്ളക്കേസുണ്ടാക്കാന്‍ ചുക്കാന്‍ പിടിച്ച തൃക്കാക്കര എസിപിയായിരുന്ന ബിജോ അലക്‌സാണ്ടര്‍ പറവൂര്‍ പെണ്‍വാണിഭക്കേസില്‍ ഉന്നതരെ രക്ഷിക്കാന്‍ ചരടുവലിച്ചതായും തിരൂരില്‍ നിന്ന് കവര്‍ച്ചചെയ്യപ്പെട്ട 12 കിലോ സ്വര്‍ണത്തില്‍ എട്ടുകിലോ തട്ടിയെടുത്തതായും ആരോപിച്ച് കൊച്ചി ബ്ലൂ ബ്ലാക്ക് മെയിലിങ് കേസില്‍ പ്രതിയാക്കപ്പെട്ട നടനും നിര്‍മ്മാതാവുമായ അംജിത്.
തൃക്കാക്കര മുന്‍ എ.സി.പി. ബിജോ അലക്‌സാണ്ടറിനെതിരേ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് വിജിലന്‍സ് കേസെടുത്തതിന് പിന്നാലെയാണ് അംജിതിന്റെ വെളിപ്പെടുത്തല്‍. കൊച്ചി ബ്ലൂ ബ്ലാക്ക് മെയിലിങ് കേസ് അംജിതിനും നടി സോന മരിയക്കുമെതിരെ മരട് പൊലീസ് കെട്ടിച്ചമച്ചതായിരുന്നു എന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ കേസില്‍ ഇവരെ ഹൈക്കോടതി കഴിഞ്ഞദിവസം കുറ്റവിമുക്തരാക്കിയിരുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒതുക്കിവച്ച ക്രൈംബ്രാഞ്ച് അന്വേഷണം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ അംജിത് പിണറായിക്ക് പരാതി നല്‍കിയതിന തുടര്‍ന്നാണ് ഊര്‍ജിതമായത്. ഇതേത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതോടെയാണ് ഇവര്‍ കുറ്റക്കാരല്ലെന്ന് വെളിവായത്.
തൃക്കാക്കര എസിപിയായിരുന്ന ബിജോ അലക്‌സാണ്ടറും മരട് എസ്‌ഐ ആയിരുന്ന സന്തോഷ് കുമാറും കോണ്‍സ്റ്റബിള്‍ വിനോദും ചേര്‍ന്നാണ് കള്ളക്കേസ് ചമച്ചതെന്നും മുന്‍ മന്ത്രി കെ ബാബുവിന്റെ പിന്തുണയോടെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും അംജിത് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. തങ്ങള്‍ക്കെതിരെ പൊലീസ് കള്ളക്കേസുണ്ടാക്കിയ കാര്യം അന്വേഷിക്കുകയും ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുകയും ചെയ്യണമെന്നും ആവശ്യപ്പെട്ടതിനൊപ്പം ബിജോയ് അലക്‌സാണ്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും അംജിത് ആവശ്യപ്പെട്ടിരുന്നു.
തന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ ബിജോ അലക്‌സാണ്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടന്നതെന്ന് അംജിത് പറയുന്നു. പറവൂര്‍ പെണ്‍വാണിഭക്കേസില്‍ ഉള്‍പ്പെട്ട ഉന്നതരായ പലരേയും രക്ഷിച്ചെടുക്കാന്‍ ബിജോ ലക്ഷങ്ങള്‍ വാങ്ങി. ഇത് നാട്ടില്‍ പലര്‍ക്കുമറിയാം. പറവൂര്‍ പീഡനക്കേസില്‍ നിരവധിപേരെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങിയിട്ടുണ്ട്. കേസിലുള്‍പ്പെട്ട പല ഉന്നതരേയും പണംവാങ്ങി ബിജോയ് രക്ഷിച്ചിട്ടുമുണ്ട്. അതുപോലെത്തെന്ന തിരൂരില്‍ നിന്ന് 2007-2008 കാലത്ത് നടന്ന സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളില്‍ നിന്ന എട്ടുകിലോയോളം സ്വര്‍ണം ബിജോ തട്ടിയെടുക്കുകയും ചെയ്തിട്ടുണ്ട്. എനിക്ക് പരിചയമുണ്ടായിരുന്ന റെണാള്‍ഡോ ജബ്ബാര്‍, സാബു എന്നിവരുള്‍പ്പെട്ട സംഘമാണ് ജൂവലറിയുടമയില്‍ നിന്ന് സ്വര്‍ണം കവര്‍ന്നത്. ഇവര്‍ അതിനുശേഷം പറവൂരിലെ ഡോണയെന്നയാളുടെ അടുത്താണ് ഒളിവില്‍ താമസിച്ചത്. ഡോണയും ബിജോയും തമ്മില്‍ നല്ല ബന്ധമുണ്ട്. ഡോണ ഒറ്റിക്കൊടുത്തതിനെ തുടര്‍ന്ന് ബിജോ അലക്‌സാണ്ടറും സംഘവുമെത്തി ഇവരെ പിടികൂടി. സ്വര്‍ണവും കസ്റ്റഡിയിലെടുത്തു. ഒരാഴ്ചയോളം ഇവരെ ഒളിവില്‍ താമസിപ്പിച്ച് മര്‍ദ്ദിച്ചു. ഇതിനുശേഷം തൃപ്പൂണിത്തുറയില്‍ കാറില്‍ സഞ്ചരിക്കവെ ഇവരെ പിടികൂടിയതായും നാലുകിലോ സ്വര്‍ണം കണ്ടെത്തിയതായും വാര്‍ത്ത നല്‍കി. ഇതാണ് പുറംലോകം അറിഞ്ഞത്. ഇത്തരത്തില്‍ നിരവധി സംഭവങ്ങളില്‍ ബിജോ അലക്‌സാണ്ടര്‍ അധികാരം ഉപയോഗിച്ച് പണം സമ്പാദിച്ചിട്ടുണ്ടെന്നും അംജിത് ആരോപിക്കുന്നു.
എനിക്കും സോനയ്ക്കുമെതിരെയും കള്ളക്കേസുണ്ടാക്കിയത് ഈ വിധത്തിലാണ്. സോനയെ അപമാനിക്കാന്‍ ശ്രമിച്ച പ്രതിയെ പിടിച്ചുകൊടുത്ത തന്നെ കേസില്‍ പ്രതിയാക്കുകയായിരുന്നു. എന്നിട്ട് യഥാര്‍ത്ഥ പ്രതിയെ വെറുതെവിട്ടു. സോനയുടെ പരാതി അന്വേഷിക്കുകപോലും ചെയ്യാതെ സോനയെയും തനിക്കൊപ്പം കേസില്‍ ഉള്‍പ്പെടുത്തി കള്ളക്കഥയുണ്ടാക്കി. നാലുകൊല്ലവും ഏഴുമാസവും തൃക്കാക്കര എസിപിയായിരുന്ന ഈ ഉദ്യോഗസ്ഥന്‍ ഒട്ടേറെ അഴിമതികള്‍ കാട്ടിക്കൂട്ടിയിട്ടുണ്ട്. ഇപ്പോള്‍ വിജിലന്‍സ് അന്വേഷണത്തിലൂടെ സത്യം പുറത്തുവരികയാണ് അംജിത് പറയുന്നു.
കൊച്ചി സ്വദേശികളായ നടി സോന മരിയയും അംജിത്തും ചേര്‍ന്ന് ആളുകളെ വശീകരിച്ചുകൊണ്ടുപോയി പണം തട്ടുകയും മര്‍ദ്ദിച്ച് അവശരാക്കുകയും ചെയ്തുവെന്ന് ആരോപിച്ചായിരുന്നു മരട് പൊലീസ് കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ കേസെടുത്തത്. ആദ്യമിട്ട എഫ്‌ഐആര്‍ തിരുത്തി സോനയെയും രണ്ടാമത് പ്രതിയാക്കുകയായിരുന്നു. ഈ കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരായിരുന്നു ബിജോയ്‌ക്കെതിരെയും മരട് എസ്‌ഐക്കെതിരെയും വകുപ്പുതല നടപടിയുണ്ടാകണമെന്ന് അംജിത് ആവശ്യപ്പെടുന്നു.
ബിജോ അലക്‌സാണ്ടര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ക്ഷന്‍ ബ്യൂറോ സ്‌പെഷല്‍ സെല്‍ എസ്പി: വി.എന്‍. ശശിധരന്‍ നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍. സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനു തൊട്ടുപിന്നാലെ ബിജോ അലക്‌സാണ്ടറിന്റെ തൃപ്പൂണിത്തുറയിലുള്ള വീട്ടിലും ഓഫീസിലും വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തുകയും നിരവധി രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
2014-15 കാലഘട്ടത്തില്‍ തൃക്കാക്കര എ.സി.പി. ആയിരിക്കെ വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്നാണ് കേസ്. വകുപ്പുതലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 48,21,120 രൂപ ഈ കാലയളവില്‍ അനധികൃതമായി സമ്പാദിച്ചതായി അന്വേഷണസംഘം കണ്ടെത്തി. 1995ല്‍ സബ് ഇന്‍സ്‌പെക്ടറായി സംസ്ഥാന പൊലീസ് സര്‍വീസില്‍ പ്രവേശിച്ച ബിജോ അലക്‌സാണ്ടറിന് 2011ല്‍ ഡിവൈ.എസ്പിയായി സ്ഥാനക്കയറ്റം ലഭിച്ചു. ആഭ്യന്തര സുരക്ഷാ വിഭാഗം സി.ബി.സിഐഡി. എറണാകുളം റേഞ്ച് ഡിവൈ.എസ്പി.യാണ് നിലവില്‍ ബിജോ അലക്‌സാണ്ടര്‍. തൃപ്പൂണിത്തുറയില്‍ എട്ടര സെന്റ് സ്ഥലത്ത് 3200 ചതുരശ്ര അടി വിസ്തൃതിയില്‍ പണിതീര്‍ത്ത ആഡംബരവീടിന്റെ നിര്‍മ്മി്ച്ചതും വിജിലന്‍സ് പരിശോധിച്ചു. നിര്‍മ്മാണത്തിനായി ചെലവഴിച്ച തുകയും ബിജോ അലക്‌സാണ്ടറിന്റെ വരുമാനവും തമ്മില്‍ വലിയ അന്തരമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
പത്തനംതിട്ട നാരങ്ങാനം കടമ്മനിട്ട സ്വദേശിയാണ് ബിജോ അലക്‌സാണ്ടര്‍. ഇടതുസര്‍ക്കാര്‍ അധികാരമേറ്റയുടന്‍ ബിജോ അലക്‌സാണ്ടറെ ക്രമസമാധാന പാലനത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. നേരത്തേ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ഭാരവാഹിയായിരിക്കെ അനധികൃത പിരിവ് നടത്തിയെന്നും ഇദ്ദേഹത്തിനെതിരേ ആരോപണം ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha