സിപിഐ എം വയനാട് ജില്ലാ സെക്രട്ടറി സി ഭാസ്‌കരന്‍ അന്തരിച്ചു

സിപിഐ എം വയനാട് ജില്ലാ സെക്രട്ടറിയുടെ ചുമതല നിര്‍വഹിക്കുന്ന സി ഭാസ്‌കരന്‍ (66)അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തിന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആഗസ്ത് പതിനേഴിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. വയനാട് ജില്ലാ സെക്രട്ടറിയായിരുന്ന സി കെ ശശീന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴാണ് ഇദ്ദേഹത്തിന് സെക്രട്ടറിയുടെ ചുമതല നല്‍കിയത്.
സിഐടിയു ജില്ലാ സെക്രട്ടറികൂടിയായ ഭാസ്‌കരന്‍ വയനാട്ടില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച നേതാക്കളിലൊരാളാണ്. 1971ല്‍ പാര്‍ട്ടി അംഗമായി. 1982 മുതല്‍ ദീര്‍ഘകാലം ബത്തേരി ഏരിയാ സെക്രട്ടറിയായിരുന്നു. 1982ല്‍ ജില്ലാ കമ്മിറ്റിയംഗമായി. 1991ല്‍ ജില്ലാ സെക്രട്ടറിയറ്റിലുമെത്തി. സിപിഐ എം പുല്‍പ്പള്ളി, മാനന്തവാടി ഏരിയാ കമ്മിറ്റികളുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ വയനാട് എസ്‌റ്റേറ്റ് ലേബര്‍ യൂണിയന്‍ പ്രസിഡന്റാണ്. 2005 മുതല്‍ 2007വരെ വയനാട് ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായി. ബത്തേരി ബ്‌ളോക്ക് ഡെവലപ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍, ബത്തേരി പഞ്ചായത്ത് മെമ്പര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
ഭാര്യ: ശോഭ. മക്കള്‍: അമ്പിളി (ബത്തേരി സെന്റ് മേരീസ് കോളേജ്), അശ്വതി (ബത്തേരി കാര്‍ഷിക ഗ്രാമവികസന ബാങ്ക്). മരുമക്കള്‍: അഭിലാഷ് (ദുബായ്), മിഥുന്‍ വര്‍ഗീസ്.
കോഴിക്കോട് നന്മണ്ട ചീക്കിലോട് പരേതരായ ചാത്തോത്ത് കുഞ്ഞിരാമന്‍ നായരുടെയും ഉണിച്ചിരയുടെയും മകനായി 1950 മാര്‍ച്ച് എട്ടിന് ജനനം. ബത്തേരി കോട്ടക്കുന്നിലായിരുന്നു താമസം. വിദ്യാഭ്യാസത്തിനുശേഷം തൊഴിലാളിയായി വയനാട്ടിലെത്തി. ബത്തേരി കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. ഹോട്ടല്‍ തൊഴിലാളികളെ സംഘടിപ്പിച്ചാണ് പൊതുരംഗത്തെത്തിയത്. കെഎസ്വൈഎഫ് ബത്തേരി താലൂക്ക് സെക്രട്ടറിയും ജില്ലാ ജോയിന്റ് സെക്രട്ടറിയുമായി.
ചുമട്ട് തൊഴിലാളികളെയും തോട്ടം തൊഴിലാളികളെയും സംഘടിപ്പിച്ച് ജില്ലയില്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം ശക്തമാക്കി. 1995 മുതല്‍ സിഐടിയു വയനാട് ജില്ലാ സെക്രട്ടറിയാണ്. ചെത്തുതൊഴിലാളി യൂണിയന്‍ നേതാവുമായിരുന്നു. സമരങ്ങളില്‍ പങ്കെടുത്ത് നിരവധി തവണ ജയില്‍വാസം അനുഭവിച്ചു. ക്രൂരമായ പൊലീസ് മര്‍ദനങ്ങള്‍ക്കും ഇരയായി. മികച്ച വാഗ്മിയുമായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha