ഓണത്തിരക്ക് മുതലെടുക്കാന്‍ കര്‍ണാടക ആര്‍.ടി.സി; കെ.എസ്.ആര്‍.ടി.സിയ്ക്ക് മുന്‍പേ സ്‌പെഷ്യല്‍ സര്‍വീസുകള്‍

ഓണത്തിരക്ക് പരമാവധി മുതലാക്കാന്‍ കേരള ആര്‍.ടി.സിക്ക് മുന്‍പേ സ്‌പെഷ്യല്‍ ബസുകള്‍ പ്രഖ്യാപിച്ച് കര്‍ണാടകം. പ്രഖ്യാപിച്ച പത്തൊന്‍പത് സ്‌പെഷ്യല്‍ ബസുകളില്‍ നാലെണ്ണത്തിലെ ടിക്കറ്റ് പൂര്‍ണമായും വിറ്റുപോയി. അതേ സമയം തീരുമാനിച്ച ഏഴ് സ്‌പെഷ്യല്‍ ബസുകളില്‍ ഒന്നില്‍ പോലും കേരള ആര്‍.ടി.സി ബുക്കിങ് തുടങ്ങിയിട്ടില്ല.
ഓണാവധി മുന്നില്‍ കണ്ട് എറണാകുളത്തേക്കും കോഴിക്കോടേക്കും നാല് വീതവും തൃശ്ശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് മൂന്ന് വീതവും മൂന്നാറിലേക്ക് ഒന്നും കോട്ടയത്തേക്കും പാലക്കാടേക്കും രണ്ട് വീതവും സ്‌പെഷ്യല്‍ ബസുകളാണ് കര്‍ണാടക ആര്‍.ടി.സി പ്രഖ്യാപിച്ചത്.
ഇതില്‍ നാല് ബസുകളിലെ സീറ്റുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പൂര്‍ണമായും വിറ്റുപോയി. ഓണത്തിന് നാട്ടില്‍ പോകുന്നവരുടെ തിരക്ക് തുടങ്ങുന്ന അടുത്ത മാസം ഒന്‍പത് മുതല്‍ കേരളത്തിലേക്കുള്ള കര്‍ണാടക ആര്‍.ടി.സിയുടെ പതിവ് ബസുകളുടെ ടിക്കറ്റുകളും ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്.
അതേ സമയം കേരള ആര്‍.ടി.സി പത്തൊന്‍പത് ബസുകള്‍ ഉണ്ടാകുമെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീടത് പതിനഞ്ചാക്കി കുറച്ചു. നിലവില്‍ ഏഴ് ബസുകളുടെ റൂട്ടുകളില്‍ മാത്രമാണ് തീരുമാനമായിട്ടുള്ളത്. ഈ ബസുകളുടെ ബുക്കിങ് എന്ന് തുടങ്ങുമെന്ന കാര്യത്തിലും ഇതുവരെ കേരള ആര്‍.ടി.സി അധികൃതര്‍ക്ക് വ്യക്തമായ ഉത്തരമില്ല.
കര്‍ണാടക ആര്‍.ടി.സി എറണാകുളത്തേക്കും തൃശ്ശൂരേക്കും കോട്ടയത്തേക്കും സേലം വഴി പോകുമ്പോള്‍ കേരളത്തിന്റെ ബസുകള്‍ മൈസൂര്‍ വഴിയാണ്. കേരള ആര്‍.ടി.സിയുടെ ഈ മെല്ലെപ്പോക്ക് കാരണം ഇക്കുറിയും ഓണത്തിരക്കില്‍ നിന്നുള്ള വരുമാനത്തിന്റെ ഭൂരിഭാഗവും കര്‍ണാടക ആര്‍.ടി.സിയും സ്വകാര്യബസുകളും കൊണ്ടുപോകുമെന്ന് ഉറപ്പാണ്.
https://www.facebook.com/Malayalivartha