തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി; വന്‍ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്

തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസ് ട്രെയിനിന്റെ എസി കോച്ചുകള്‍ ഉള്‍പ്പെടെ 12 ബോഗികള്‍ പാളം തെറ്റി. അങ്കമാലിക്കു സമീപം കറുകുറ്റിയിലാണ് സംഭവം. സംഭവത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് അപകടമുണ്ടായത്. യാത്രക്കാരെ ബസില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ചു. റെയില്‍പാളത്തിലുണ്ടായ വിള്ളലാണ് അപകടത്തിനു കാരണമായതെന്ന് സംശയിക്കുന്നു.
ട്രെയിനിലെ ആദ്യത്തെ അഞ്ചു ബോഗികള്‍ കടന്നു പോയതിനു ശേഷമാണ് അപകടമുണ്ടായത്. സംഭവത്തില്‍ റെയില്‍വേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ട്രെയിന്‍ അപകടത്തില്‍ അട്ടിമറിക്ക് സാധ്യതയില്ലെന്ന് റെയില്‍വേ. അപകടമുണ്ടാകാന്‍ കാരണം റെയില്‍ പാളത്തിലെ വിള്ളല്‍ ആയിരിക്കാം എന്നാണ് റെയില്‍വേയുടെ വിശദീകരണം. റെയില്‍വേ അഡീഷണല്‍ ചീഫ് മാനേജര്‍ പി.കെ.മിശ്രയാണ് ഇക്കാര്യം അറിയിച്ചത്.
ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് അതുവഴിയുള്ള ട്രെയിനുകളില്‍ ചിലത് റദ്ദാക്കുകയും ചിലത് വഴി തിരിച്ചു വിടുകയും ചെയ്തു. ഗതാഗതം പുന:സ്ഥാപിക്കാന്‍ പത്തു മണിക്കൂര്‍ വരെ എടുത്തേക്കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് റെയില്‍വേ ഹെല്‍പ്പ് ലൈന്‍ തുറന്നു. തിരുവനന്തപുരം: 0471-2320012, തൃശൂര്‍: 0471-2429241 എന്നിവയാണ് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍.
റദ്ദാക്കിയ ട്രെയിനുകള്‍
*എറണാകുളം-കണ്ണൂര്‍ എക്‌സ്പ്രസ്
*കണ്ണൂര്‍ -ആലപ്പുഴ എക്‌സ്പ്രസ്
*കണ്ണൂര്‍-എറണാകുളം എക്‌സ്പ്രസ്
*തിരുവനന്തപുരം -ഗുരുവായൂര്‍ ഇന്റര്‍സിറ്റി
* തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍
*ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍
*തൃശൂര്‍-കോഴിക്കോട് പാസഞ്ചര്‍
*ഷൊര്‍ണൂര്‍-എറണാകുളം പാസഞ്ചര്‍
*എറണാകുളം-ആലപ്പുഴ പാസഞ്ചര്‍
*ആലപ്പുഴ-എറണാകുളം പാസഞ്ചര്‍
https://www.facebook.com/Malayalivartha