ബിജുരമേശിന്റെ രാജധാനി ഇടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍... ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സുരക്ഷാഭീഷണി സൃഷ്ടിക്കുന്നതിനാല്‍ കെട്ടിടം പൊളിക്കണമെന്ന് സുരക്ഷാ വിഭാഗം റിപ്പോര്‍ട്ട് നല്‍കും

മദ്യരാജാവ് ബിജുരമേശിന്റെ കിഴക്കേക്കോട്ടയിലെ രാജധാനി ബില്‍ഡിംഗ്‌സ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സുരക്ഷാഭീഷണി സൃഷ്ടിക്കുന്നതിനാല്‍ കെട്ടിടം പൊളിക്കണമെന്നാണ് പത്മനാഭസ്വാമിക്ഷേത്രം സുരക്ഷാ വിഭാഗം കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. അതേ സമയം ഇത്തരത്തില്‍ നടക്കുന്ന നീക്കങ്ങളെ പ്രതിരോധിക്കാനായി ബിജുരമേശ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സഹായം തേടും ജയലളിത വഴി കേന്ദ്ര ആഭ്യന്തരമന്ത്രിയെ സ്വാധീനിക്കാനാണ് നീക്കം.
എന്നാല്‍ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷാവിഭാഗം ഒരു തരത്തിലുമുള്ള വിട്ടു വീഴ്ചയ്ക്കും തയ്യാറല്ല. ഞായറാഴ്ച തീപിടുത്തം ഉണ്ടാകുന്നതിനു മുമ്പ് തന്നെ രാജധാനി ബില്‍ഡിംഗ്‌സ് ഒഴിപ്പിക്കണമെന്ന നിര്‍ദ്ദേശം ഇവര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു നല്‍കിയിരുന്നു. രാജധാനി മാത്രമല്ല അതിന് ചുറ്റുമുള്ള കെട്ടിടങ്ങള്‍ ഒഴിപ്പിക്കണമെന്നതായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നിഷേധാത്മക നിലപാട് കാരണം നിര്‍ദ്ദേശം ഫലം കണ്ടില്ല.
കേന്ദ്രസര്‍ക്കാര്‍ ഇനിയും നടപടി സ്വീകരിക്കാതിരുന്നാല്‍ ക്ഷേത്രത്തിന്റെ സുരക്ഷയില്‍ പാളിച്ചയുണ്ടാവും. ക്ഷേത്രത്തിന് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ കേന്ദ്ര സര്‍ക്കാരിനു മറുപടി പറയേണ്ടിവരും. അടുത്തിടെയാണ് ബിജുരമേശ് എഐഡിഎംകെയില്‍ ചേര്‍ന്നത്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ച പശ്ചാത്തലത്തിലായിരുന്നു നീക്കം. ജയലളിത വിചാരിച്ചാല്‍ തന്നെ രക്ഷിക്കാനാവുമെന്നാണ് ബിജുരമേശിന്റെ പ്രതീക്ഷ.
സംസ്ഥാന സര്‍ക്കാരിന്റെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായകമായേക്കും. യുഡിഎഫ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ ബിജുരമേശിനെ ഇടതുമുന്നണി സര്‍ക്കാര്‍ സഹായിക്കുമോ ഇല്ലെയോ എന്ന് കണ്ടറിയണം. അങ്ങനെ സഹായിക്കുയാണെങ്കില്‍ രാജധാനി ബില്‍ഡിംഗ്‌സ് പഴയപടി തുടരും.
ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി കഴിഞ്ഞ സര്‍ക്കാര്‍ ബിജുരമേശിന്റെ കെട്ടിടത്തെ സംരക്ഷിച്ചിരുന്നു. അന്നത്തെ റവന്യൂമന്ത്രി അടൂര്‍ പ്രകാശാണ് മന്ത്രി യോഗങ്ങളില്‍ ബിജുവിന് തുണയായി മാറിയത്.
https://www.facebook.com/Malayalivartha