മെഡിക്കല്‍ പ്രവേശനത്തില്‍ ആദ്യ ഘട്ട ചര്‍ച്ചയില്‍ തീരുമാനമായില്ല; സര്‍ക്കാര്‍ മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ പ്രതീക്ഷ ഏകുന്നുവെന്നു മാനേജ്‌മെന്റുകള്‍; വൈകുന്നേരം വീണ്ടും ചര്‍ച്ച

മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാരും മാനേജ്‌മെന്റ് അസോസിയേഷനും തമ്മില്‍ നടന്ന ആദ്യ ഘട്ട ചര്‍ച്ചയില്‍ തീരുമാനമായില്ല. അതേസമയം, സര്‍ക്കാര്‍ മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ പ്രതീക്ഷ ഏകുന്നുവെന്നു മാനേജ്‌മെന്റ് പ്രതിനിധികള്‍ വ്യക്തമാക്കി. വൈകുന്നേരം വീണ്ടും ചര്‍ച്ച നടത്തും.
വൈകിട്ട് അഞ്ചരയ്ക്കാണ് രണ്ടാംഘട്ട ചര്‍ച്ച. ചില ഉപാധികള്‍ പരിഗണിക്കാവുന്നതാണെന്നും മാനേജ്‌മെന്റ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏകീകൃത ഫീസ്, പ്രവേശനാധികാരം എന്നിവയില്‍ കോടതി വിധി തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് മാനെജ്‌മെന്റുകളുടെ വാദം.
അതുകൊണ്ട് തന്നെ 50 ശതമാനം സീറ്റുകളില്‍ മുന്‍ വര്‍ഷങ്ങളിലെ പോലെയുള്ള ആനുകൂല്യത്തോടെ വിട്ടുനല്‍കണമെന്നും മാനെജ്‌മെന്റുകള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഏകീകൃത ഫീസ് അംഗീകരിക്കില്ലെന്നും 50 ശതമാനം മെറിറ്റ് സീറ്റുകളില്‍ മുന്‍വര്‍ഷങ്ങളിലെ സമ്പ്രദായം തുടരണമെന്നുമുള്ള നിലപാടിലുറച്ച് തന്നെയാണ് സര്‍ക്കാരും.
സര്‍ക്കാരും മാനെജ്‌മെന്റുകളും തമ്മില്‍ ധാരണയായി എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിച്ച് അലോട്ട്‌മെന്റിലേക്ക് പോകണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. വൈകുന്നേരത്തെ ചര്‍ച്ചയില്‍ തീരുമാനമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ വ്യക്തമാക്കി. ഇന്നു നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമെ ജയിംസ് കമ്മിറ്റിയും പ്രവേശനപരീക്ഷാ കമ്മീഷണറും അടുത്ത നടപടികളിലേക്ക് കടക്കുകയുള്ളു.
വൈകിട്ട് നടക്കുന്ന ചര്‍ച്ചയിലും ധാരണയായില്ലെങ്കില്‍ കോളെജുകളുടെ വരവ് ചെലവ് കണക്കുകള്‍ അടിസ്ഥാനപ്പെടുത്തി ജയിംസ് കമ്മിറ്റിയെ കൊണ്ട് ഫീസ് നിര്‍ണയിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കും.
https://www.facebook.com/Malayalivartha