ഇന്ത്യക്കു മറ്റൊരു വെള്ളി മെഡല്‍ കൂടി, ലണ്ടന്‍ ഒളിംപിക്സിലെ മരുന്നടി വിവാദം യോഗേശ്വര്‍ ദത്തിന്റെ വെങ്കലം വെള്ളിയാകും
2012 ലെ ലണ്ടന്‍ ഒളിംപിക്സില്‍ പുരുഷന്മാരുടെ 60 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വെങ്കലം നേടിയ ഇന്ത്യയുടെ യോഗേശ്വര്‍ ദത്തിന്റെ മെഡല്‍ വെള്ളിയായേക്കും. മല്‍സരത്തില്‍ വെള്ളി മെഡല്‍ നേടിയ റഷ്യയുടെ ബെസിക് കുഡുഖോവ് നിരോധിത മരുന്ന് ഉപയോഗിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ലോക ഉത്തേജക വിരുദ്ധ ഏജന്‍സി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
നാലു തവണ ലോക ചാംപ്യനും രണ്ടു തവണ ഒളിംപിക് ചാംപ്യനുമായിരുന്ന കുഡുഖോവ് 2013ലുണ്ടായ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. റിയോ ഒളിംപിക്സിന് മുന്നോടിയായാണ് രാജ്യാന്തര ഒളിംപിക് കമ്മിറ്റി വീണ്ടും പരിശോധന നടത്തിയത്. ലണ്ടന്‍ ഒളിംപിക്സ് സമയത്ത് ശേഖരിച്ച സാംപിളാണ് ഇതിനായി ഉപയോഗിച്ചത്. കുഡുഖോവ് ഉള്‍പ്പെടെ അഞ്ചു ഗുസ്തി താരങ്ങള്‍ നിരോധിത മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
യോഗേശ്വറിന്റെ മെഡലില്‍ മാറ്റമുണ്ടായെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഗുസ്തി അസോസിയേഷനും രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുമാണ് ഇക്കാര്യം അറിയിക്കേണ്ടത്. ലണ്ടന്‍ ഒളിംപിക്സില്‍ ഇന്ത്യയുടെ സുശീല്‍ കുമാറും വെള്ളി മെഡല്‍ നേടിയിരുന്നു. ഏറെ പ്രതീക്ഷയോടെ റിയോ ഒളിംപിക്സില്‍ പങ്കെടുക്കാന്‍ പോയ യോഗേശ്വര്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.
https://www.facebook.com/Malayalivartha