സുകേശന്റെ ഹര്‍ജിയും അന്വേഷണവും ലക്ഷ്യമിടുന്നത് മാണിയെയല്ല

കെ എം മാണിക്കെതിരെ വിജിലന്‍സ് സൂപ്രണ്ട് ആര്‍ സുകേശന്‍ നല്‍കിയ ഹര്‍ജിക്ക് പിന്നില്‍ ലക്ഷ്യമിടുന്നത് മാണിയെ അല്ലെന്ന് സൂചന. ബാര്‍ക്കോഴ കേസില്‍ ആരോപണവിധേയരായ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രി കെ ബാബു, വിഎസ് ശിവകുമാര്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരെയാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ലക്ഷ്യമിടുന്നത്.
ഉമ്മന്‍ചാണ്ടിയെ പിടികൂടുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം കലാകൗമുദി വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സൂചന നല്‍കിയിരുന്നു. ഉമ്മന്‍ചാണ്ടിയെ വികസനദൈവം എന്നാണ് ഇന്റര്‍വ്യൂവില്‍ ജേക്കബ് തോമസ് വിശേഷിപ്പിച്ചത്. വികസന ദൈവങ്ങള്‍ക്ക് വിലങ്ങ് വീഴുമെന്ന് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.
ബാര്‍മുതലാളിമാരില്‍ നിന്നും വാങ്ങിയ പണം സോളാര്‍ കേസ് ഒതുക്കി തീര്‍ക്കാനാണ് ഉപയോഗിച്ചത്. ബാര്‍ അസോസിയേഷന്‍ നേതാക്കള്‍ നടത്തിയ സംഭാഷണത്തില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. സംഭാഷണങ്ങള്‍ തുടങ്ങിയ സിഡി വിജിലന്‍സിന്റെ കൈവശമുണ്ട്. രമേശ് ചെന്നിത്തലയും ശിവകുമാറും കെ ബാബുവും വാങ്ങിയ പണത്തിന്റെ കണക്കുകളാണ് സിഡിയില്‍ പറയുന്നത്. സിഡി അന്വേഷണവിധേയമാക്കുമെന്ന് ജേക്കബ് തോമസ് മാധ്യമങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍ സിഡി അടിസ്ഥാനമാക്കി നടത്തുന്ന അന്വേഷണം എത്ര കണ്ട് വിജയപ്രദമാകുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം ബാര്‍ മുതലാളിമാര്‍ക്ക് മുമ്പിലുള്ളത് ബാര്‍ തുറക്കണമെന്ന ലക്ഷ്യം മാത്രമാണ്. അവരില്‍ ആരെങ്കിലും ഏതെങ്കിലും നേതാവിനെതിരെ മൊഴി കൊടുക്കുമെന്ന് ഇന്നത്തെ സാഹചര്യത്തില്‍ കരുതാനാവില്ല.
അതിനിടെ ബാര്‍ക്കോഴ കേസുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളിലൊന്നും സിപിഎമ്മിന്റേയോ സര്‍ക്കാരിന്റെയോ പങ്കില്ലെന്നാണ് വിവരം. സുകേശനും ജേക്കബ് തോമസും പിണറായി വിജയനെ ഒരുമിച്ച് കണ്ടതൊഴിച്ചാല്‍ മറ്റൊന്നും നടന്നിട്ടില്ല
https://www.facebook.com/Malayalivartha