മരണവീടുകള്‍ മറയാക്കി പൊന്നും പണവും കവര്‍ന്ന ജോസഫിന്റെ മോഷണ കഥ, അയല്‍വാസിയുടെ മരണം നിങ്ങളുടെ സ്വത്ത് നഷ്ട്ടപ്പെടുത്തിയേക്കാം

തേച്ചുമിനുക്കിയ വസ്ത്രം ധരിച്ച് , കൈവശം ഒരു ബാഗുമായി കണ്ടാല്‍ മാന്യനാണെന്ന് എല്ലാവര്‍ക്കും തോന്നുന്ന വിധത്തില്‍ വസ്ത്രധാരണം നടത്തിയേ മരണവീട്ടില്‍ എത്താറുള്ളൂ. മരണവീട്ടിലെത്തിയാല്‍ ജോസഫ് . സംസാരത്തിലും പ്രവര്‍ത്തിയിലും ഒരു എക്‌സിക്യൂട്ടീവിനെപ്പോലെ പെരുമാറും. സംസ്‌കാര ചടങ്ങുകള്‍ക്കായി ബന്ധുക്കളും അയല്‍വീട്ടുകാരും പളളിയിലേക്ക് പോകുമ്പോള്‍ ജോസഫിനുള്ളിലെ കള്ളന്‍ ഉണരും. പിന്നെ കണ്ടുവച്ചിരിക്കുന്ന അയല്‍വീട്ടിലേക്ക് തന്ത്രപൂര്‍വം കടന്നു ചെല്ലും. മരണവീടുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന കര്‍ത്തേടം സ്വദേശിയായ പറവൂര്‍ കുറുമ്പത്തുരുത്തില്‍ താമസിക്കുന്ന ജോസഫിന്റെ (50)മോഷണകഥകള്‍ ഇങ്ങനെ;
ആദ്യം കോളിംഗ് ബെല്ല് അടിക്കും. വീട്ടില്‍ ആരുമില്ലെന്ന് ഉറപ്പുവരുത്താനാണ് കോളിംഗ് ബെല്ല് അടിച്ചു നോക്കുന്നത്. അഥവാ ആരെങ്കിലും വാതില്‍ തുറന്നാല്‍, അടുത്ത മരണവീട്ടില്‍ വന്നതാണെന്നു പറഞ്ഞ് തടിതപ്പും. ആരും സംശയിക്കില്ല. ആരുമില്ലെന്ന് കണ്ടാല്‍ പൂട്ട് പൊളിച്ച് അകത്തു കടക്കും. സ്വര്‍ണവും പണവും കൈക്കലാക്കിയ ശേഷം സൂത്രത്തില്‍ കടന്നുകളയുകയാണ് ജോസഫിന്റെ രീതി.
ജോസഫ് എവിടെ മോഷണം നടത്തണമെന്ന് തീരുമാനിക്കുന്നത് പത്രവാര്‍ത്തയില്‍ നിന്നുമാണ്. ക്രൈസ്തവരുടെ മരണം മാത്രമാണ് ജോസഫ് ശ്രദ്ധിക്കുന്നത്. കാരണം അവിടത്തെ ചിട്ടവട്ടങ്ങളും കര്‍മ്മങ്ങളും നന്നായി അറിയാം. സംസ്‌കാരം സെമിത്തേരിയിലായതിനാല്‍ വേണ്ടപ്പെട്ടവരെല്ലാം പള്ളിയിലേക്ക് പോകും. അവര്‍ തിരിച്ചെത്തുന്നതിനകമുള്ള സമയമാണ് ജോസഫിന്റെ ഓപ്പറേഷന്‍ ടൈം.
പത്രവാര്‍ത്തയില്‍ നിന്ന് മരണവീട് തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ അതില്‍ പറയുന്ന വിവരങ്ങള്‍ കുറിച്ചുവയ്ക്കും. പേരുകളും ഓര്‍ത്തുവയ്ക്കും. കാരണം അവിടെ എത്തി ആരോടെങ്കിലും സംസാരിക്കുമ്പോള്‍ മകന്റെയോ മകളുടെയോ മരുമക്കളുടെയോ പേരുകള്‍ സംസാരത്തില്‍ കടന്നുവന്നേക്കാം. അപ്പോള്‍ ഒന്നും അറിയാത്തവനെപ്പോലെ നില്‍ക്കാന്‍ പാടില്ലല്ലോ.
ഞാറക്കല്‍ സര്‍ക്കാര്‍ ആശുപത്രിക്കു സമീപം പുല്ലന്‍ വീട്ടില്‍ ജോണിന്റെ വീട്ടില്‍ അടുത്തിടെ കവര്‍ച്ചയ്ക്കു കയറിയതാണ് കെണിയായത്. പതിവുപോലെ തൊട്ടടുത്ത വീട്ടിലെ മരണത്തില്‍ പങ്കെടുക്കാനാണ് ജോസഫ് വേഷംകെട്ടി വന്നത്. എല്ലാവരും പള്ളിയിലേക്കു പോയപ്പോള്‍ ജോസഫ് അയല്‍വീട്ടില്‍ കയറി. സംഗതി വിചാരിച്ചതുപാേലെ നടന്നു. എട്ടു പവന്റെ സ്വര്‍ണാഭരണങ്ങളും 6000 രൂപയും അവിടെനിന്നു കിട്ടി. അതുമായി മുങ്ങി. പക്ഷേ, കാമറയില്‍ ഇതെല്ലാം പതിയുന്നുണ്ടെന്ന് ജോസഫ് അറിഞ്ഞില്ല. ഇത്രയും കാലം മോഷണം നടത്തിയ അനുഭവമുണ്ടെങ്കിലും കാമറയില്‍ കുടുങ്ങിയത് ആദ്യമായാണ്. ഈ കേസും കര്‍ത്തേടം തുണ്ടത്തില്‍ ജോയിയുടെ വീട്ടില്‍ നിന്ന് 26 പവന്റെ സ്വര്‍ണവും 8000 രൂപയും മോഷ്ടിച്ച കേസും അന്വേഷിച്ചിറങ്ങിയ ഞാറയ്ക്കല്‍ പോലീസിന് ജാേസഫിനെ കണ്ടെത്താന്‍ കൂടുതല്‍ അലയേണ്ടിവന്നില്ല.
മരണം മറയാക്കി ഇതുവരെ നൂറു പവനിലേറെ ജോസഫ് അടിച്ചു മാറ്റിയിട്ടുണ്ട്. ഇതില്‍ 35 പവന്‍ പൊലീസ് കണ്ടെടുത്തു. മോഷ്ടിക്കുന്ന സ്വര്‍ണം എത്രയും പെട്ടെന്ന് വിറ്റു കാശാക്കുന്ന ജോസഫ് അത് ആഡംബര ജീവിതത്തിന് ഉപയോഗിക്കുകയായിരുന്നു. മരണ വീടുകളില്‍ പോകാന്‍ വിലകൂടിയ വസ്ത്രങ്ങള്‍ വാങ്ങിയിരുന്നതും ഈ പണം ഉപയോഗിച്ചുതന്നെ. ഭാര്യയും രണ്ടു കുട്ടികളുമുള്ള ജോസഫ് മോഷ്ടാവാണെന്ന് ആരും ധരിച്ചിരുന്നില്ല. അത്രയ്ക്കു മാന്യമായ ജീവിതമായിരുന്നു.
ചോദ്യം ചെയ്യലില്‍ പറവൂര്‍, വൈപ്പിന്‍, മാലിപ്പുറം, ഞാറക്കല്‍, കര്‍ത്തേടം എന്നിവിടങ്ങളിലെ 10 മോഷണക്കേസുകള്‍ തെളിഞ്ഞിട്ടുണ്ട്. ജോസഫ് ഇപ്പോള്‍ റിമാന്റിലാണ്. നിരവധി മോഷണങ്ങള്‍ തെളിയാനുളളതിനാല്‍ പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. ആലുവ റൂറല്‍ എസ്.പി ഉണ്ണിരാജയുടെ നിര്‍ദേശാനുസരണം ഡിവൈ.എസ്.പി വൈ.ആര്‍ റസ്റ്റത്തിന്റെ നേതൃത്വത്തില്‍ ഞാറക്കല്‍ സി.ഐ സജി മാര്‍ക്കോസ്, എസ്ഐ.ആര്‍ രഗീഷ് കുമാര്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha