രമേശ് ചെന്നിത്തലയുടെ മുഖ്യമന്ത്രിമോഹം പൊളിച്ചത് കെ.എം മാണി

രമേശ് ചെന്നിത്തലയുടെ മുഖ്യമന്ത്രിമോഹം പൊളിച്ചത് കെ.എം മാണിയെന്ന് കേരള കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. മാണിക്കെതിരായ ബാര്‍കോഴ ആരോപണം വന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം രമേശ് ചെന്നിത്തലയുടെ വിശ്വസ്തനും ഐ.എന്‍.ടി.യു.സി സംസ്ഥാന അധ്യക്ഷനുമായ ആര്‍.ചന്ദ്രശേഖരന്‍ കെ.എം മാണിയുടെ വീട്ടിലെത്തി രമേശ് ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹം അറിയിച്ചുവെന്നും എന്നാല്‍ അത് സാധ്യമല്ലെന്ന് മാണി മറുപടി നല്‍കിയെന്നുമാണ് കേരള കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
രമേശ് ചെന്നിത്തലയുടേയും ജോസഫ് വാഴക്കന്റെയും, പി.സി ജോര്‍ജിന്റെയും എ.ഡി.ജി.പി ജേക്കബ് തോമസിന്റെയും സുഹൃത്തായ എറണാകുളത്ത് താമസമുള്ള പൂഞ്ഞാര്‍ സ്വദേശിയായ അഭിഭാഷകന്റെ വീട്ടില്‍ വച്ചാണ് മാണിയെ ഫ്രെയിം ചെയ്യണം എന്ന് തീരുമാനിച്ചത്. ഒരേസമയം ചാനലിലൂടെ പൊതുജനങ്ങളെ കേള്‍പ്പിക്കാന്‍ ടെലിവിഷന്‍ ചാനലുകളില്‍ ബിജു രമേശിനെ തെറിവിളിക്കുകയും അതേ സമയം അദ്ദേഹവുമായി രഹസ്യധാരണയില്‍ പോകുന്നതും പി.സി ജോര്‍ജ്ജിന് മാത്രം സാധിക്കുന്ന കാര്യമാണെന്നും കേരള കോണ്‍ഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
എഡിജിപി ജേക്കബ് തോമസ് പൂഞ്ഞാര്‍ മണ്ഡലംകാരനും പി.സി ജോര്‍ജുമായി അടുത്ത ആത്മബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയും ജോസഫ് വാഴക്കന്റെ കോളജ് സഹപാഠിയുമാണ്. ജേക്കബ് തോമസ് പോര്‍ട്ടുകളുടെ ചുമതലയിലിരുന്ന അവസരത്തില്‍ അനധികൃതമായി സാധന സാമഗ്രികള്‍ വാങ്ങിക്കൂട്ടിയതായ ആരോപണം വരികയും അതേകുറിച്ച് ഫിനാന്‍സ് ഇന്‍സ്‌പെക്ഷന്‍ വിഭാഗം നടത്തിയ അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കാണുകയും വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. ഇത് ജേക്കബ് തോമസിന്റെ പകയ്ക്ക് കാരണമായെന്നും കേരള കോണ്‍ഗ്രസ് പറയുന്നു.
ഗൂഢാലോചനയുടെ തെളിവുകള്‍ ഹാജരാക്കാന്‍ കേരള കോണ്‍ഗ്രസിനെ ജോസഫ് വാഴയ്ക്കന്‍ വെല്ലുവിളിച്ചു. അതേസമയം കേരള കോണ്‍ഗ്രസ് ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ടും തയ്യാറാക്കിയിട്ടില്ലെന്ന് അന്വേഷണ കമ്മീഷന്‍ ചെയര്‍മാന്‍ സി.എഫ് തോമസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha