അനധികൃത സ്വത്ത് സമ്പാദനം; ആസ്തി പരിശോധന കോടതിയില്‍ ഇന്നും തുടരും

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ.ബാബുവിന്റെ വീടടക്കം ആറിടത്തെ പരിശോധനയില്‍ പിടിച്ചെടുത്ത രേഖകളും പണവും സ്വര്‍ണാഭരണങ്ങളും ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. കെ.ബാബുവിന്റെയും ബന്ധുക്കളുടെയും ആസ്തി സംബന്ധിച്ച പരിശോധന വിജിലന്‍സ് ഇന്നും തുടരും. പാലാരിവട്ടത്തെ സ്വകാര്യ ബാങ്കിലെ ഒരു ലോക്കറില്‍ നിന്ന് ബാബുവിന്റെ ഇളയ മകളുടെ ലോക്കറില്‍ നിന്ന് വിജിലന്‍സ് 120 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തിരുന്നു.
ഇന്നലെ ബാങ്കുകളിലും ബാബുറാമിന്റെ വീട്ടിലും നടന്ന പരിശോധനയില്‍ ലഭിച്ച രേഖകളും മഹസറും ഇന്നു കോടതിയില്‍ ഹാജരാക്കും. ബാബുവിന്റെ ബെനാമികളെന്ന് കരുതുന്ന ബാബുറാമിന്റെയും മോഹനന്റെയും ബാങ്ക് അക്കൗണ്ടുകളും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. തേനിയിലെ ഭൂമിയുടെ ഉടമസ്ഥാവകാശം പരിശോധിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉടന്‍ തേനിയിലെത്തുമെന്നാണ് സൂചന. മന്ത്രിയായിരിക്കേ കെ.ബാബുവിന്റെ പിഎ ആയിരുന്ന നന്ദകുമാറിനെ വിളിച്ചുവരുത്തി വിജിലന്‍സ് സംഘം മൊഴിയെടുത്തിരുന്നു.
കെ.ബാബുവിന്റെ ബിനാമിയെന്ന് വിജിലന്‍സ് എഫ്‌ഐആറില്‍ പരാമര്‍ശിക്കുന്ന മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ബാബുറാമിന്റെ വീട്ടില്‍നിന്ന് നാല്‍പതിലേറെ ഭൂമിയിടപാടുകള്‍ നടത്തിയതിന്റെ രേഖകള്‍ വിജിലന്‍സിനു ലഭിച്ചിട്ടുണ്ട്. ബാബുറാം സ്വയം എഴുതിത്തയാറാക്കി സൂക്ഷിച്ചിരുന്ന രേഖയാണു പിടിച്ചെടുത്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ അനുബന്ധരേഖകള്‍ സബ് റജിസ്ട്രാര്‍ ഓഫിസുകളില്‍നിന്നു കണ്ടെടുക്കാന്‍ വിജിലന്‍സ് ശ്രമം തുടങ്ങി. മരട്, പനങ്ങാട്, തൃപ്പൂണിത്തുറ മേഖലകളിലായാണു ബാബുറാമിന്റെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളെന്നാണു വിവരം. ബിനാമിയെന്നു പരാമര്‍ശിക്കുന്നുണ്ടെങ്കിലും കെ.ബാബുവിനെ ബാബുറാമിന്റെ ബിസിനസ് ഇടപാടുകളുമായി നേരിട്ടു ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഇപ്പോഴും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല.
പരിശോധനയില്‍ കണ്ടെടുത്ത രേഖകളും പണവും സ്വര്‍ണവും അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. വൈകിട്ട് അഞ്ചോടെയാണു വിജിലന്‍സ് ഡിവൈഎസ്പി കെ.ആര്‍.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം കോടതിയില്‍ ഹാജരാക്കിയത്. ഇവിടെ സൂക്ഷിക്കുന്നതിനു സൗകര്യമില്ലാത്തതിനാല്‍ ഹാജരാക്കിയ രേഖകളും സ്വര്‍ണവും പണവും വിജിലന്‍സ് കസ്റ്റഡിയില്‍തന്നെ വിട്ടുകൊടുത്തു. ഇന്നു രാവിലെ വീണ്ടും ഇവ കോടതിയില്‍ എത്തിക്കും.
കെ.ബാബുവിന്റെ വീട്ടില്‍ നിന്നു പിടിച്ചെടുത്ത 1.80 ലക്ഷം രൂപ, ഭൂമിയുമായും കാറുകളുമായും ബന്ധപ്പെട്ട രേഖകള്‍, ബാബുവിന്റെ മകളുടെ വീട്ടില്‍ നിന്നു ലഭിച്ച 18 പവന്‍ സ്വര്‍ണം, ബാബുവിന്റെ ബെനാമിയെന്നറിയപ്പെടുന്ന റോയല്‍ ബേക്കറി ഉടമ മോഹനന്റെ വീട്ടില്‍നിന്നു ലഭിച്ച 6.67 ലക്ഷം രൂപ, മറ്റു രേഖകള്‍ എന്നിവയാണു കോടതിയില്‍ ഹാജരാക്കിയത്.
https://www.facebook.com/Malayalivartha