ബാബുവിനെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; മൂന്ന് ആഴ്ച കഴിഞ്ഞ് മിണ്ടാമെന്ന് സുധീരന്‍; സംരക്ഷിക്കണമെന്ന് എ ഗ്രൂപ്പ്

പ്രതിസന്ധിയിലും പാരവെപ്പ് ഗ്രൂപ്പുകളികളുമായി കോണ്‍ഗ്രസ് നേതാക്കള്‍. ബാബുവിനെ തൊടുമ്പോള്‍ പൊള്ളുന്നത് ഉമ്മന്‍ചാണ്ടിക്കെന്ന് സുധീരന് നന്നായി അറിയാം. ബാബുവിനും ബെന്നി ബെഹനാനുമെതിരെയുള്ള തന്റെ മുന്‍നിലപാടുകള്‍ ശരിയെന്ന് വരുത്തി തീര്‍ക്കുന്ന വിജിലന്‍സിനോട് സുധീരന് ഇഷ്ടം. എന്നാല്‍ സുധീരന്റെ നിലപാട് പാര്‍ട്ടിയെ ബലികൊടുക്കാനെന്ന് ഒരുപക്ഷം. പ്രതിസന്ധിയിലും കൂടെനില്‍ക്കാത്ത നേതാവിനെ നീറോ ചക്രവര്‍ത്തിയോടുപമിച്ച് കോണ്‍ഗ്രസ് നേതാക്കളും. ഇപ്പോള്‍ ഇടപെട്ടില്ലെങ്കില്‍ ഗ്രൂപ്പ് കളിക്കാന്‍ പാര്‍ട്ടി ഉണ്ടാകില്ലെന്ന് മറുപക്ഷം. മുന്‍മന്ത്രി കെ.ബാബുവിന്റെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടുളള വിജിലന്‍സ് നീക്കത്തില്‍ യുഡിഎഫില്‍ കലഹവും കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയും. ബാബുവിന്റെ വീട്ടിലും മകളുടെ ലോക്കറില്‍ നിന്നും ആഭരണങ്ങളും പണവും കണ്ടെടുത്തതോടെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ഘടകകക്ഷികള്‍ യുഡിഎഫ് യോഗത്തില്‍ ആവശ്യപ്പെട്ടു. അതെസമയം ബാബുവിനെ സംരക്ഷിക്കണമെന്നും പിന്തുണക്കണമെന്നും ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടിക്കൊപ്പം എ ഗ്രൂപ്പ് നേതാവായ ഹസനും രംഗത്തെത്തിയിട്ടുണ്ട്.
കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ ബാബുവിന്റെ കാര്യത്തില്‍ നിലപാട് അറിയിക്കണമെന്നും ഘടകക്ഷികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ മാസം 24ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതിക്ക് ശേഷം തന്റെ നിലപാട് വ്യക്തമാക്കാമെന്നും സുധീരന്‍ മറുപടി പറഞ്ഞു. നേരത്തെ ബാബുവിന്റെ വീട്ടില്‍ നടന്ന റെയ്ഡുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഒന്നും പറയാനില്ലെന്നായിരുന്നു സുധീരന്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ നേതാക്കള്‍ കൊള്ളാത്തവരാണെന്ന് വരുത്തി തീര്‍ക്കാനുളള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് വി.ഡി സതീശന്‍ എംഎല്‍എ കുറ്റപ്പെടുത്തി. അഴിമതിക്കെതിരായി ജനവികാരമുളള സാഹചര്യത്തില്‍ കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കണമെന്നും വി.ഡി സതീശന്‍ വിശദമാക്കി.
ബാബുവിനെതിരെ പ്രതികാര നടപടിയാണ് നടക്കുന്നത്.കേസിനെ രാഷ്ട്രീയമായി നേരിടണമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയപ്പോള്‍ ബാബുവിനെ സംരക്ഷിക്കണമെന്ന നിലപാടാണ് മറ്റൊരു എ ഗ്രൂപ്പ് നേതാവായ എം.എം ഹസനും കൈക്കൊണ്ടത്. അതെസമയം ബാബുവിനെ ന്യായീകരിച്ച ഹസന്റെ നിലപാടില്‍ പ്രതിഷേധിച്ച് ജനശ്രീയുടെ യുവജന വിഭാഗമായ യുവശ്രീയുടെ തൃശൂരില്‍ നിന്നുളള മൂന്ന് നേതാക്കള്‍ രാജി പ്രഖ്യാപിച്ചിട്ടുണ്ട്. വിജിലന്‍സിനെ ഉപയോഗിച്ച് ഇടതുസര്‍ക്കാര്‍ രാഷ്ട്രീയമായി പകപോക്കരുതെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും പറഞ്ഞു. നിക്ഷ്പക്ഷമായ അന്വേഷണങ്ങളോട് യോജിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്ന് ഇടതുപക്ഷം പകച്ചിടത്ത് ഇന്ന് കോണ്‍ഗ്രസ് മുട്ടിലിഴയുന്നു.
https://www.facebook.com/Malayalivartha