ജയില്‍ തടവുകാര്‍ക്ക് ഓണം ആഘോഷിക്കാന്‍ മദ്യക്കുപ്പികളും ബീഡിക്കെട്ടുകളും; ജയില്‍ ഓഫീസറെ അറസ്റ്റു ചെയ്തു

തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ ജയില്‍ തടവുകാര്‍ക്ക് ഓണം ആഘോഷിക്കാന്‍ മദ്യക്കുപ്പികളും ബീഡിക്കെട്ടുകളും സൂക്ഷിച്ചതായി കണ്ടെത്തി. ഇതിന്റെ പേരില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ സന്തോഷിനെ അറസ്റ്റു ചെയ്തു.
ഇയാള്‍ സൂക്ഷിച്ച 19 കുപ്പി വിദേശമദ്യം, 20 പൊതി ബീഡി എന്നിവയ്ക്കു പുറമെ മൂന്നു പായ്ക്കറ്റ് പോത്തിറച്ചി, അഞ്ചു മൊബൈല്‍ ഫോണ്‍ ബാറ്ററികള്‍, ഒരു സ്മാര്‍ട് ഫോണ്‍ എന്നിവയും സൂപ്രണ്ട് നടത്തിയ തിരച്ചിലില്‍ കണ്ടെത്തി.
നിരോധിത വസ്തുക്കള്‍ വിയ്യൂര്‍ ജയിലിനുള്ളിലേക്ക് കടത്താന്‍ ജീവനക്കാരുടെ നേതൃത്വത്തിലുള്ള റാക്കറ്റ് സജീവമാണെന്നു നേരത്തെ തന്നെ തെളിവുകള്‍ ലഭിച്ചിരുന്നു. സ്മാര്‍ട് ഫോണുകളും മദ്യവും കഞ്ചാവുമൊക്കെ പലവട്ടം ഇവിടെനിന്നു പിടികൂടുകയും ചെയ്തു. ഈ റാക്കറ്റിലെ മുഖ്യകണ്ണികളിലൊരാള്‍ എന്നു കരുതപ്പെടുന്ന ജീവനക്കാരനാണ് കഴിഞ്ഞ ദിവസം കയ്യോടെ പിടിക്കപ്പെട്ടത്.
ജയിലിനോടു ചേര്‍ന്നു ജീവനക്കാര്‍ താമസിക്കുന്ന ബാരക്കില്‍ സ്വന്തം കട്ടിലിനടിയിലാണ് ഇയാള്‍ മദ്യശേഖരവും മറ്റും സൂക്ഷിച്ചിരുന്നത്.മൊബൈല്‍ ബാറ്ററികള്‍ ചാര്‍ജ് ചെയ്തു തടവുകാര്‍ക്കു വാടകയ്ക്കു നല്‍കുന്ന ഏര്‍പ്പാടും ഇവിടെ സജീവമാണെന്നു വിവരമുണ്ട്.
https://www.facebook.com/Malayalivartha