കേരള സ്റ്റേറ്റിന് വിട... മന്ത്രിമാരുടെ വാഹനങ്ങളില്‍ നമ്പര്‍ പ്ലേറ്റ് വരുന്നു; ഐഎഎസുകാര്‍ക്കു നീലക്കൊടി കെട്ടാം

ഐഎഎസുകാരുടെ വാഹനങ്ങളില്‍ നീലക്കൊടി വയ്ക്കാന്‍ നിയമവകുപ്പിന്റെ പച്ചക്കൊടി. മന്ത്രിമാരുടെ വാഹനങ്ങളില്‍ നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിക്കണമെന്നും സര്‍ക്കാര്‍ ചിഹ്നവും വിഐപി വാഹനങ്ങള്‍ക്കുള്ള നമ്പറുകളും പ്രത്യേകം പ്രദര്‍ശിപ്പിക്കാവുന്നതാണെന്നും നിയമ സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ് സര്‍ക്കാരിനു ശുപാര്‍ശ നല്‍കി.
ഇതനുസരിച്ചു മന്ത്രിമാരുടെ വാഹനങ്ങളിലെ നമ്പര്‍ പ്ലേറ്റുകളുടെ പുതിയ രൂപകല്‍പന ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി തയ്യാറാക്കി ചീഫ് സെക്രട്ടറിക്കു കൈമാറി. മുഖ്യമന്ത്രിയുടെ അനുമതിയോടെ ഇതു മന്ത്രിസഭയുടെ പരിഗണനയ്ക്കു വിടും.
രണ്ട് ആനകളുള്ള സര്‍ക്കാര്‍ ചിഹ്നവും വിഐപി നമ്പറുകളും പ്രത്യേകം പ്രദര്‍ശിപ്പിക്കുന്ന രൂപകല്‍പനയാണ് തയ്യാറാക്കിയത്. ഇതിനു താഴെയായി വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ നമ്പറും പ്രദര്‍ശിപ്പിക്കും. മുന്‍ ഗതാഗത കമ്മിഷണര്‍ ടോമിന്‍ ജെ.തച്ചങ്കരിയുടെ നിര്‍ദേശം തള്ളിക്കളഞ്ഞാണു നിയമ സെക്രട്ടറി സര്‍ക്കാരിന് ഉപദേശം നല്‍കിയത്.
ഐഎഎസുകാരുടെ വാഹനത്തില്‍ മുസൂറി അക്കാദമിയുടെ ചിഹ്നം പതിച്ച നീലക്കൊടി ഘടിപ്പിക്കാന്‍ പാടില്ലെന്നായിരുന്നു ടോമിന്‍ തച്ചങ്കരിയുടെ നിര്‍ദേശം. മോട്ടോര്‍ വാഹന നിയമത്തില്‍ ഒരിടത്തും ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും ഐഎഎസുകാരുടെ രീതി തടയാന്‍ പോയാല്‍, പാര്‍ട്ടി സമ്മേളനങ്ങള്‍ക്കു കൊടി കെട്ടി പോകുന്ന വാഹനങ്ങള്‍ പോലും മോട്ടോര്‍ വാഹന വകുപ്പിനു പിടിച്ചെടുക്കേണ്ടി വരുമെന്നും ഉപദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഐഎഎസുകാര്‍ക്ക് വാഹനങ്ങളില്‍ കൊടി കെട്ടാന്‍ സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയിട്ടുണ്ടോ എന്നും ഇല്ലെങ്കില്‍ എല്ലാം എടുത്തു കളയണമെന്നുമുള്ള ടോമിന്‍ തച്ചങ്കരിയുടെ നിര്‍ദേശമാണ് ഏറെ വിവാദങ്ങള്‍ക്കു വഴി വച്ചത്. ഗതാഗത മന്ത്രിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്ന തച്ചങ്കരിക്കെതിരെ ഇതോടെ ഐഎഎസുകാരും തിരിഞ്ഞു.
ചില ഉന്നത ഉദ്യോഗസ്ഥര്‍ കൊടി അഴിച്ചുമാറ്റിയെങ്കിലും യുവ ഐഎഎസുകാര്‍ അതിനു വിസമ്മതിക്കുകയായിരുന്നു. ഐഎഎസ് അസോസിയേഷനും എതിര്‍പ്പു പ്രകടിപ്പിച്ചു. ഇതിനു പിന്നാലെയാണു നിയമോപദേശം അവര്‍ക്ക് അനുകൂലമായി ലഭിച്ചത്. വാഹനങ്ങളിലെ നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിക്കണമെന്നു ടോമിന്‍ തച്ചങ്കരി നല്‍കിയ നിര്‍ദേശം ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ പാലിച്ചിരുന്നു.
രാജ്ഭവനിലെ വാഹനങ്ങളില്‍ നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിക്കാനും തുടങ്ങി. ഇതിനു ചുവടു പിടിച്ചാണ് മന്ത്രിമാരുടെ വാഹനങ്ങളിലും നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. നിലവില്‍, വിഐപി നമ്പറുകള്‍ മാത്രമേ വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നുള്ളൂ.
രൂപകല്‍പന അംഗീകരിച്ചാല്‍, പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും വാഹനങ്ങളുടെ മാതൃകയില്‍ റജിസ്‌ട്രേഷന്‍ നമ്പറും പ്രദര്‍ശിപ്പിക്കും. ഒപ്പം, വിഐപി നമ്പറും സര്‍ക്കാര്‍ ചിഹ്നവും വാഹനങ്ങളില്‍ ഘടിപ്പിക്കും.
https://www.facebook.com/Malayalivartha