തീവണ്ടി ഗതാഗതം ഇന്നും തടസ്സപ്പെടും, അപകട കാരണം വിള്ളല്‍ അല്ലെന്നു കണ്ടെത്തി, അട്ടിമറി സാദ്ധ്യതകള്‍ പരിശോധിക്കുന്നു, തകര്‍ന്ന പാളം പുനഃസ്ഥാപിച്ചു, വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

കരുനാഗപ്പള്ളിക്കടുത്ത് ചരക്കു തീവണ്ടി പാളംതെറ്റിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ തീവണ്ടി ഗതാഗതം ഇന്നും താളംതെറ്റും. ചരക്കുവണ്ടി പാളംതെറ്റിയതിനെ തുടര്‍ന്ന് തകര്‍ന്ന പാളം ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ തന്നെ പുന:സ്ഥാപിച്ചിരുന്നു. വൈദ്യുതീകരണ ജോലികളാണിപ്പോള്‍ മാരാരിത്തോട്ടത്ത് പുരോഗമിക്കുന്നത്. ഒമ്പതു മണിയോടെ തീവണ്ടി ഗതാഗതം പൂര്‍ണമായ രീതിയില്‍ നടത്താനാവുമെന്നാണ് നിലവില്‍ റെയില്‍വേയില്‍ നിന്ന് ലഭിക്കുന്ന വിവരം.
അതേ സമയം പാളത്തിലെ വിള്ളലല്ല ചരക്കുവണ്ടി പാളംതെറ്റാന്‍ കാരണമെന്നു റെയില്‍വെ ഉദ്യോഗസ്ഥര്‍. പാളത്തിലെ വിള്ളല്‍മുതല്‍ അട്ടിമറിവരെയുള്ള സംശയങ്ങളെക്കുറിച്ചു സമഗ്ര അന്വേഷണം നടത്തുമെന്നും തിരുവനന്തപുരം റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ പ്രകാശ് ഭൂട്ടാനി പറഞ്ഞു. യാത്രാ ട്രെയിനില്‍നിന്നു ഭിന്നമായി ചരക്കുവണ്ടി പാളംതെറ്റുമ്പോള്‍ പാളം പൊട്ടിത്തെറിക്കും, അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ ഘര്‍ഷണത്തില്‍ ചക്രങ്ങള്‍ അമിതമായി ചൂടായി പാളത്തില്‍ കുരുങ്ങിയതാണോ (ഹോട്ട് വീല്‍) അപകടത്തിനു കാരണമായതെന്നു സംശയമുണ്ട്.
പാത കടന്നുപോകുന്ന ഭാഗത്തു വളവുള്ളതിനാല്‍ അതു സ്വാഭാവികമായി പൊട്ടിത്തെറിച്ചു പുറത്തേക്കു പോകും. തകര്‍ന്ന പാളം മാറ്റി ഇന്നലെ ഭാരം കൂടിയതാണു സ്ഥാപിച്ചത്. ഒരു മീറ്ററിന് 52 കിലോഗ്രാം ഭാരമുള്ള പാളമാണു നേരത്തേ ഉണ്ടായിരുന്നത്. 60 കിലോഗ്രാം ഭാരമുള്ള പാളമാണു പകരം സ്ഥാപിച്ചത്. ഗതാഗതതടസ്സം ഉടന്‍ പരിഹരിക്കണമെന്നും സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു മന്ത്രി ജി.സുധാകരന്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിനു കത്തു നല്‍കി. തിരുവനന്തപുരം ഡിവിഷനില്‍ മാത്രം റെയില്‍പാളത്തില്‍ 202 സ്ഥലങ്ങളില്‍ വിള്ളലുണ്ടെന്ന റിപ്പോര്‍ട്ട് ലഭിച്ചിട്ടും പരിഹരിക്കാന്‍ നടപടികളുണ്ടായിട്ടില്ലെന്നു മന്ത്രി കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha



























