നിയന്ത്രണ രേഖയില്‍ വീണ്ടും ആക്രമണം, 10 ഭീകരരെ കൊലപ്പെടുത്തി, ഒരു ജവാന്‍ കൂടി വീരമൃത്യു വരിച്ചു, തിരിച്ചടിക്കാന്‍ സന്നദ്ധരായി ഇന്ത്യന്‍ സൈന്യം

ലാച്ചിപുര മേഖലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരെയാണ് സൈന്യം വധിച്ചത്. 15 അംഗ സംഘമാണ് നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം 18 സൈനികര്‍ മരിക്കാനിടയായ ഭീകരാക്രമണമുണ്ടായ ഇന്ത്യന്‍ സൈനിക കേന്ദ്രത്തിന് ഏതാനും കിലോമീറ്ററുകള്‍ അകലെയാണ് ഇപ്പോള്‍ നുഴഞ്ഞുകയറ്റ ശ്രമം നടന്നത്.
ഉറി സേനാതാവളത്തിലെ ഭീകരാക്രമണത്തിനു പിന്നാലെ, നിയന്ത്രണരേഖയിലൂടെ ഭീകരരുടെ രണ്ടു നുഴഞ്ഞുകയറ്റശ്രമങ്ങള്‍ ഇന്ത്യന്‍ സേന തകര്‍ത്തു. നടന്ന ഏറ്റുമുട്ടലില്‍ 10 ഭീകരരെ സൈന്യം വധിച്ചു.
ഭീകരരെ ചെറുക്കുന്നതിനിടെ ഒരു ജവാന്‍ വീരമൃത്യുവരിച്ചു. ഇതിനിടെ, നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച പാക്ക് സൈന്യം ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ വെടിയുതിര്‍ത്തു. ഇന്നലെ ഉച്ചയ്ക്കുശേഷം ഉറി മേഖലയിലാണു പാക്ക് സൈനികരുടെ പ്രകോപനമുണ്ടായത്. 18 ജവാന്‍മാര്‍ വീരമൃത്യുവരിച്ച ഉറിയിലെ പാക്ക് ഭീകരാക്രമണത്തോടുള്ള പ്രതികരണത്തിനു വിവിധ സാധ്യതകള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചുവരുന്നതിനിടെ, സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റി (സിസിഎസ്) ഇന്നു നിര്‍ണായകയോഗം ചേരും.
ഉറി, നൗഗാം സെക്ടറുകളിലൂടെ 15 ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചതായാണു വിവരം. നൗഗാമിലെ ഏറ്റുമുട്ടലിലാണ് സൈനികനു ജീവന്‍ നഷ്ടമായത്. നിയന്ത്രണരേഖയിലെ പാക്ക് വെടിവയ്പില്‍ ആര്‍ക്കും പരുക്കില്ലെന്നാണു വിവരം. ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രദ്ധതിരിച്ച് നുഴഞ്ഞുകയറ്റാക്കാരെ സഹായിക്കുന്നതിനുള്ള ശ്രമമായിരുന്നു ഇതെന്ന് സൈനിക വക്താക്കള്‍ വ്യക്തമാക്കി. അതേസമയം, ഉറി ഭീകരാക്രമണക്കേസ് ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഉറി സേനാതാവളത്തിലെത്തി തെളിവുകള്‍ ശേഖരിച്ചു. കൊല്ലപ്പെട്ട ഭീകരരുടെ ഡിഎന്‍എ സാംപിളുകളും ശേഖരിക്കും. പാക്ക് ആസ്ഥാനമായ ജയ്ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണു നിഗമനം. നാലു ഭീകരരെയും തിരിച്ചറിയുന്നതിനായി ഇവരുടെ ഫോട്ടോകളും മറ്റു വിവരങ്ങളും എന്‍ഐഎ പാക്കിസ്ഥാനു കൈമാറും. ആക്രമണത്തിന് ഒരു ദിവസം മുന്‍പെങ്കിലും ഭീകരര്‍ ഇന്ത്യയില്‍ കടന്നിട്ടുണ്ടാകുമെന്നാണു സൈന്യത്തിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്.
കശ്മീരിലെ സുരക്ഷാസ്ഥിതി വിലയിരുത്താന്‍ ഇന്നലെ വീണ്ടും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നു. വിദേശകാര്യ സെക്രട്ടറി എസ്.ജയ്ശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരടക്കം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha



























