സ്റ്റീല്‍ കലത്തില്‍ കുടുങ്ങിയ രണ്ടുവയസുകാരിയെ ഒരു മണിക്കൂറോളം നീണ്ട കഠിനശ്രമത്തിലൂടെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

സ്റ്റീല്‍ കലത്തില്‍ കുടുങ്ങിയ രണ്ടു വയസുകാരിയെ അഗ്‌നിരക്ഷാസേനയുടെ കഠിന പരിശ്രമത്തിലൂടെ രക്ഷപ്പെടുത്തി. കിഴക്കേ കടുങ്ങല്ലൂര്‍ നിവേദ്യത്തില്‍ രാജേഷ് കുമാര്‍ രശ്മി ദമ്പതികളുടെ മകള്‍ നിരഞ്ജനയേയാണ് ആലുവ അഗ്‌നിരക്ഷാസേന ഒരു മണിക്കൂറോളം നീണ്ട കഠിനശ്രമത്തില്‍ രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. നിരഞ്ജനയും ചേച്ചി നിവേദിതയും പാത്രത്തില്‍ വെള്ളം നിറച്ച് കളിക്കുകയായിരുന്നു. ഇതിനിടെ ഈ കലത്തില്‍ കയറി മുട്ടു മടക്കി ഇരുന്ന നിരഞ്ജനയ്ക്ക് പിന്നീട് പുറത്ത് കടക്കാനായില്ല.
സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്ന മാതാപിതാക്കള്‍ക്ക് കുട്ടിയെ രക്ഷിക്കാനായില്ല. തുടര്‍ന്നാണ് കുട്ടിയുമായി കാറില്‍ ആലുവ അഗ്‌നിരക്ഷാസേന ഓഫീസിലേക്ക് പാഞ്ഞത്. അഗ്‌നിരക്ഷാസേന സംഘം ഒരു മണിക്കൂറോളം നീണ്ട കഠിനശ്രമത്തിലാണ് കുഞ്ഞിനെ പുറത്തെടുത്തത്. സ്‌റ്റേഷന്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് വി.എസ്. സുകുമാരന്റെയും ലീഡിങ് ഫയര്‍മാന്‍ ചാര്‍ജ് പി.കെ. പ്രസാദിന്റെയും നേതൃത്വത്തില്‍ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് പാത്രം മുറിച്ചാണ് കുട്ടിയെ പുറത്തെടുത്തത്. കുട്ടിക്ക് മുറിവേല്‍ക്കാതെ പാത്രം മുറിക്കാനുള്ള ശ്രമത്തിനിടെ വി.എസ്. സുകുമാരന്റെ കൈയില്‍ മുറിവേറ്റു. ശബരിമല ദര്‍ശനം കഴിഞ്ഞ് രാജേഷ് കുമാറും മൂത്ത മകള്‍ നിവേദിതയും തിങ്കളാഴ്ച്ച രാത്രിയാണ് മടങ്ങിയെത്തിയത്. അതിനാല്‍ രണ്ടാം ക്ലാസുകാരിയായ നിവേദിത ഇന്നലെ സ്‌കൂളില്‍ പോയിരുന്നില്ല. 
കിഴക്കേ കടുങ്ങല്ലൂര്‍ കവലയില്‍ റോയല്‍ ഗിഫ്റ്റ് ഗൗസ് എന്ന സ്ഥാപനം നടത്തുകയാണ് രാജേഷ്. കഴിഞ്ഞയാഴ്ച കഴുത്തില്‍ കുടുങ്ങിയ ചെരുവം അഗ്‌നിരക്ഷാസേന സംഘം മുറിച്ചു നീക്കിയ പത്രവാര്‍ത്ത രാജേഷിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ ഓര്‍മയാണ് മകളെ ആശുപത്രിയിലെത്തിക്കാതെ അഗ്‌നിരക്ഷാസേന സംഘത്തിന്റെ മുമ്പിലേക്ക് കൊണ്ടുപോകാന്‍ രാജേഷിന് പ്രേരണയായത്.
https://www.facebook.com/Malayalivartha



























