ഇന്ന് സെപ്റ്റംബര്‍ 21, ലോക അല്‍ഷിമേഴ്‌സ് ദിനം

ഓര്‍മ്മകള്‍ മരിച്ചാല്‍ എല്ലാം തീര്‍ന്നു. ഇന്ന് സെപ്റ്റംബര്‍ 21, ലോക അല്‍ഷിമേഴ്‌സ് ദിനം അഥവാ മറവിരോഗദിനം. മനുഷ്യന്റെ സവിശേഷതകളില്‍ ഏറ്റവും പ്രധാനമായ ഒന്നാണ് ഓര്‍മകള്‍ സൂക്ഷിക്കാനുമുള്ള കഴിവ്. ലോകത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന മാരകരോഗമായ ക്യാന്‍സര്‍ ബാധിച്ച് വേദനയോട് മല്ലടിക്കുന്ന രോഗികള്‍ക്കുപോലും ബന്ധുക്കളുടേയോ സുഹൃത്തുക്കളടേയോ സാന്ത്വനവാക്കുകള്‍ ഒരു പരിധിവരെയെങ്കിലും ആശ്വാസമേകും. എന്നാല്‍ അല്‍ഷിമേഴ്‌സ് രോഗം ബാധിച്ച രോഗിക്ക് ബന്ധുക്കളുടേയോ മിത്രങ്ങളുടേയോ വാക്കുകള്‍ ആശ്വാസമാകില്ല. കാരണം അവരുടെ ബോധമണ്ഡലത്തില്‍ നിന്നും ഓര്‍മ ചെറുതരിപോലും അവശേഷിപ്പിക്കാതെ പടിയിറങ്ങിയിട്ടുണ്ടാവാം.
നിലവില്‍ ചികിത്സയില്ലാത്തതും സാവധാനം മരണകാരണവുമാകുന്ന രോഗമാണ് അല്‍ഷിമേഴ്‌സ്. പൊതുവില്‍ 65 വയസിനുമുകളിലുള്ളവരിലാണ് കണ്ടുവരുന്നതെങ്കിലും ഈ അടുത്തകാലത്തായി പ്രായംകുറഞ്ഞവരിലും ഈ രോഗം കണ്ടുവരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അല്‍ഷിമേഴ്‌സ് ഒരു മറവിരോഗമാണ്. കാര്യങ്ങള്‍ ഓര്‍മിക്കാനും വിചിന്തനം ചെയ്യാനും മനസിലാക്കാനുമുള്ള മനസിന്റെ കഴിവുകള്‍ നഷ്ടമാകുന്നു എന്നതാണ് ഈ രോഗത്തിന്റെ മുഖ്യാവസ്ഥ. ഈ രോഗം മേധാക്ഷയം എന്നറിയപ്പെടുന്നു. 1906 ല്‍ ഡോ. അലോയിസ് അല്‍ഷിമര്‍ എന്ന ജര്‍മന്‍ ഡോക്ടറാണ് ഈ രോഗം ആദ്യമായി കണ്ടുപിടിച്ചത്. ഈ രോഗം വരുന്നതിന്റെയോ രോഗത്തിന്റെ കാഠിന്യം വര്‍ധിക്കുന്നതിന്റെയോ കാരണങ്ങള്‍ ഇപ്പോഴും വൈദ്യശാസ്ത്രത്തിന് അന്യമാണ്. ജനിതകവും പാരിസ്ഥിതികവുമായ കാര്യങ്ങളും ഈ രോഗത്തിന് ആധാരമായേക്കാമെന്നു കരുതപ്പെടുന്നു. തലച്ചോറിലുണ്ടാകുന്ന നേരിയ മാറ്റങ്ങള്‍ മൂലം അതിന്റെ പ്രവര്‍ത്തനങ്ങള്‍ താറുമാറാവുകയും ക്രമേണ മനസിന്റെ കഴിവുകള്‍ നിരന്തരമായി നഷ്ടമാവുകയും ചെയ്യുന്നതായി ഡോ. അലോയിസ് അല്‍ഷിമര്‍ ഗവേഷണങ്ങളിലൂടെ കണ്ടെത്തിയിരുന്നു. രോഗി ഓര്‍മകളുടെ ലോകത്ത് നിന്ന് ക്രമേണ അകലുന്നു. ഒടുവില്‍ കേള്‍ക്കുന്ന ശബ്ദമോ, ദൃശ്യമോ, രാത്രിയെന്നോ പകലെന്നോ എന്തിന് സ്വന്തം ദേഹംപോലും മറന്ന് ഭയാനകമായ ഒരു സ്ഥിതിയിലേക്ക് രോഗി എത്തപ്പെടുന്നു. ഇവിടെയാണ് അല്‍ഷിമേഴ്‌സ് എന്ന രോഗത്തിന്റെ തീവ്രത.
ഒരു കാര്യത്തിലും താല്‍പര്യമില്ലായ്മ, ഭാഷ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ട്, ഓര്‍മക്കുറവ്, സാധാരണ ചെയ്യുന്ന ദിനചര്യകള്‍ ചെയ്യാന്‍ കഴിയാതെ വരിക, ആലോചിച്ച് കാര്യങ്ങള്‍ മനസിലാക്കുവാനുള്ള കഴിവുകള്‍ നഷ്ടമാവുക, നിത്യം ഉപയോഗിക്കുന്ന വസ്തുക്കള്‍ എവിടെയെങ്കിലും വച്ച് മറക്കുക, ഒടുവില്‍ സ്ഥലകാലബോധം നഷ്ടമാകുന്ന രീതിയിലേക്കെത്തുമ്പോള്‍ അത് മറവിരോഗ ലക്ഷണമായി കണക്കാക്കാം.
ഓരോ രോഗികളിലും വിഭിന്ന ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ തൊട്ടടുത്ത ദിവസം നടന്ന കാര്യം ചിലപ്പോള്‍ ഓര്‍മയില്‍ വന്നില്ലെന്നിരിക്കാം. ഈ ലക്ഷണ വൈരുധ്യം രോഗനിര്‍ണയത്തെ തെറ്റിദ്ധരിക്കപ്പെടാറുണ്ട്. പുതിയ ഓര്‍മകള്‍ രൂപപ്പെടുന്ന ടെമ്പറല്‍ ദളങ്ങള്‍, ഹിപ്പോകമ്പസ് എന്നിവയിലാണ് ആദ്യഘട്ടത്തില്‍ തകരാറുണ്ടാകുന്നത്. പിന്നീട് കോര്‍ട്ടക്‌സ് ചുരുങ്ങുന്നതിന്റെ ഫലമായി ചിന്താശേഷി, ആസൂത്രണം, ഓര്‍മ എന്നിവ നശിച്ചുതുടങ്ങുന്നു. പതുക്കെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താറുമാറാകുന്നു. ഒടുവില്‍ മരണത്തിന്റെ അമ്മത്തൊട്ടിലിലേയ്ക്ക്. ലോകത്ത് ഏകദേശം നാലുകോടിയോളം അല്‍ഷിമേഴ്‌സ് ബാധിതരുണ്ടെന്നാണ് കണക്ക്. ഇന്ത്യയില്‍ ഏകദേശം 31 ലക്ഷത്തിലധികമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
രോഗികളായ ഉറ്റവരോടും സഹജീവികളോടും സ്‌നേഹമുള്ള പരിചരണവും തങ്ങളെക്കൊണ്ടാകുന്ന സഹായസഹകരണങ്ങളുമായി നമുക്കോരോരുത്തര്‍ക്കും ഓര്‍മയുടെ വസന്തത്തില്‍ നിന്നും പടിയിറങ്ങിയ അല്‍ഷിമേഴ്‌സ് രോഗികള്‍ക്കായി കൈകോര്‍ത്ത് പിടിക്കാം.
https://www.facebook.com/Malayalivartha



























