അധ്യാപക ദിനത്തില്‍ മുട്ടട സ്‌കൂളിലെ മോഷണം, പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളടക്കം അഞ്ചുപേര്‍ പോലീസ് കസ്റ്റഡിയില്‍, പിടിയിലായത് പുതിയ കവര്‍ച്ചക്കു തയ്യാറെടുക്കുന്നതിനിടയില്‍

അധ്യാപകദിനത്തില്‍ മുട്ടട ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നു കംപ്യൂട്ടറുകള്‍ മോഷ്ടിച്ചത് ഉള്‍പ്പെടെ നഗരത്തില്‍ മോഷണങ്ങള്‍ നടത്തിവന്ന അഞ്ചംഗ സംഘത്തെ മറ്റൊരു കവര്‍ച്ചയ്ക്ക് തയാറെടുക്കുന്നതിനിടയില്‍ പൊലീസ് പിടികൂടി. അഞ്ചുപേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളാണ്. കുടപ്പനക്കുന്ന് ദാസ് നഗര്‍ ചരുവിള പുത്തന്‍വീട്ടില്‍ സനല്‍രാജ് (20), മണ്ണാമൂല ഐആര്‍ ലെയ്ന്‍ അരുണോദയത്തില്‍ രാഹുല്‍(20) എന്നിവരാണു സംഘത്തിലെ പ്രായപൂര്‍ത്തിയായവര്‍. അധ്യാപക ദിനത്തില്‍ മുട്ടട ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് 32 കംപ്യൂട്ടറുകള്‍ മോഷണം നടത്തിയതും ഈ സംഘമാണെന്നു തെളിഞ്ഞതായി പൊലീസ് അറിയിച്ചു.
ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്നു വ്യാജ നമ്പര്‍ പ്ലേറ്റുകള്‍, മുഖം മൂടികള്‍, കയ്യുറകള്‍, കവര്‍ച്ച നടത്താന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എന്നിവ കണ്ടെടുത്തു. നഗരത്തിലെ മൂന്നു മൊബൈല്‍ ഷോപ്പുകളില്‍ മോഷണം നടത്താനുള്ള യാത്രയ്ക്കിടിയിലാണ് സംഘം പിടിയിലായത്. ഇവരുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ നിന്നു മുട്ടട ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നു മോഷ്ടിച്ച 32 കംപ്യൂട്ടറുകളും കണ്ടെടുത്തു.
കാര്‍ വാടകയ്ക്ക് എടുത്താണ് സംഘം മോഷണം നടത്തിയിരുന്നത്.ഇവര്‍ സഞ്ചരിച്ച കാറിലെ നമ്പറും രേഖകളിലെ നമ്പറും തമ്മില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണു മോഷണ സംഘമാണെന്നു വ്യക്തമായത്. പുത്തന്‍ വിദ്യകളുടെ സഹായത്തോടെയാണു മോഷണം നടത്തിവന്നിരുന്നത്. മോഷണം നടത്തുന്ന കടകളിലെ പൂട്ടുകളില്‍ സള്‍ഫ്യൂറിക് ആസിഡ് ഒഴിക്കുന്ന രീതി ഇവര്‍ക്ക് ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. മുട്ടടയിലെ മോഷണത്തിനു മുന്‍പായി ഇതേ ഭാഗങ്ങളില്‍ രണ്ടു മോഷണങ്ങള്‍ ഇവര്‍ നടത്തിയതായി പൊലീസ് പറയുന്നു.
ഇന്നലെ പുലര്‍ച്ചെ കുടപ്പനക്കുന്നിനു സമീപം വച്ചാണ് സംഘത്തെ പൊലീസ് പിടികൂടിയത്. പൊലീസ് കണ്‍ട്രോള്‍ റൂം പട്രോളിങ് സംഘം നടത്തിയ പരിശോധനയിലാണ് മറ്റൊരു കവര്‍ച്ച നടത്താനായി പോയ സംഘത്തെ പിടികൂടിയത്. മുട്ടട ഐഎച്ച്ആര്‍ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കംപ്യൂട്ടര്‍ ലബോറട്ടറിയില്‍നിന്നാണ് എട്ടുലക്ഷം രൂപയുടെ കംപ്യൂട്ടറുകള്‍ മോഷണംപോയത്. പ്രവര്‍ത്തനസജ്ജമായ 32 കംപ്യൂട്ടറാണ് മോഷണംപോയത്. കീബോര്‍ഡുകള്‍, മോണിറ്റര്‍, സിപിയു, യുപിഎസ് എന്നിവയെല്ലാം മോഷണംപോയിട്ടുണ്ട്. എന്നാല്‍, ഇതേ ലബോറട്ടറിയില്‍ കൂട്ടിയിട്ടിരുന്ന കേടായ കംപ്യൂട്ടറുകള്‍ മോഷണംപോയിട്ടില്ല. സ്‌കൂളിന്റെ പ്രധാനഗേറ്റിനോടുചേര്‍ന്നുള്ള ചെറിയ ഗേറ്റിനടുത്ത് വാഹനം നിര്‍ത്തിയശേഷം ഇവിടെനിന്ന് 25 മീറ്റര്‍ അകലെയുള്ള ലബോറട്ടറിയില്‍നിന്ന് വാഹനത്തിലെത്തിച്ച് കടത്തുകയായിരുന്നു.
https://www.facebook.com/Malayalivartha
























