ഐ.എസ്സിന്റെ ഹിറ്റ്‌ലിസ്റ്റില്‍ ജഡ്ജിമാരും രാഷ്ട്രീയക്കാരും

കണ്ണൂരിലെ പാനൂര്‍ കനകമലയില്‍ നിന്ന് അറസ്റ്റിലായ ഭീകര സംഘടനയായ ഐസിസ് പ്രവര്‍ത്തകരുടെ കൊലപ്പട്ടികയില്‍ ജഡ്ജിമാരും രാഷ്ട്രീയക്കാരും ഉള്‍പ്പെടുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. രണ്ടു ജഡ്ജിമാരാണ് പട്ടികയിലുള്ളത്.
ബി.ജെ.പി നേതാവായ കെ.സുരേന്ദ്രനെ വധിക്കാനും ഐസിസ് ലക്ഷ്യമിട്ടിരുന്നു. തനിക്ക് ഐസിസിന്റെ ഭീഷണിയുണ്ടെന്ന വിവരം സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ബി.ജെ.പിയുടെ ദേശീയ എക്‌സിക്യൂട്ടീവ് കോഴിക്കോട് നടന്നപ്പോള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സുരേന്ദ്രന്റെ വീട്ടിലെത്തുകയും ജാഗ്രത വേണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
ഐസിസിലേക്ക് കേരളത്തില്‍ നിന്ന് മുന്നൂറോളം പേരെ ഇതിനകം റിക്രൂട്ട് ചെയ്തുകഴിഞ്ഞതായി കനകമലയില്‍ കഴിഞ്ഞ ദിവസം പിടിയിലായവര്‍ മൊഴി നല്‍കിയിരുന്നു. ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐസിസ് സ്‌ളീപ്പിംഗ് സെല്ലായ അന്‍സാര്‍ ഉള്‍ ഖലീഫയിലെ അംഗങ്ങളാണ് പിടിയിലായതെന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍.ഐ.എ) ചോദ്യംചെയ്യലില്‍ വ്യക്തമായിരുന്നു.
ഐസിസിന്റെ കൊലപ്പട്ടികയിലുള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ഇന്റലിജന്‍സ് എ.ഡി.ജി.പി ആര്‍.ശ്രീലേഖ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിട്ടുണ്ട്. അതേസമയം, റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ജഡ്ജിമാര്‍ ആരെല്ലാമാണെന്നത് സംബന്ധിച്ച വിവരം പുറത്ത് വിടാന്‍ രഹസ്യാന്വേഷണ വിഭാഗം തയ്യാറായില്ല. റിപ്പോര്‍ട്ടില്‍ പറയുന്നവര്‍ക്ക് സുരക്ഷ ശക്തമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha